ജക്കാർത്ത: ഇന്തോനേഷ്യയില്‍ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. ഇന്തോനേഷ്യയിലെ കിഴക്കൻ മേഖലയിലെ ലാകി ലാകി അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചുള്ള ചാരമടക്കമുള്ളവ രണ്ട് കിലോമീറ്ററിലേറെ ഉയരത്തിൽ ഉയർന്ന് പൊങ്ങി. ആറ് കിലോമീറ്ററോളം ദൂരത്തിലേക്കാണ് ലാവ ഇരച്ചെത്തിയത്. സ്ഫോടനത്തില്‍ ഇന്തോനേഷ്യൻ ദ്വീപായ ഫ്ലോർസിലെ നിരവധി ഗ്രാമങ്ങൾ കത്തി നശിച്ചു, ഗ്രാമത്തിലെ ജനങ്ങള്‍ ഉറക്കത്തിലായ സമയത്താണ് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. 2024 നവംബർ 4 ന് രാത്രിയിലായിരുന്നു സംഭവം.
നിലവിൽ പത്ത് മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ കണ്ടെത്തിയിട്ടുള്ളത്.
അഗ്നി ഗോളങ്ങള്‍ വീടുകളിലേക്ക് തെറിച്ചെത്തി. നിരവധി വീടുകള്‍ അഗ്നിക്കിരയായി . വീടുകള്‍ കത്തിക്കരിഞ്ഞതിന് പിന്നാലെ ഒരു ഗ്രാമം മുഴുവനും ചാരം മൂടി. കന്യാസ്ത്രീകള്‍ തങ്ങിയിരുന്ന ഒരു കോണ്‍വെന്റും കത്തിനശിച്ചു. അഗ്നിപർവ്വതത്തില്‍ നിന്നുള്ള ലാവയും മാലിന്യവും മൂടിയ നിലയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ഇതിനോടകം പത്ത് മൃതദേഹങ്ങളാണ് രക്ഷാ പ്രവർത്തകർ കണ്ടെത്തിയിട്ടുള്ളത്.
ചാരം മൂടി തകർന്ന് വീടുകള്‍ക്കിടയില്‍ കൂടുതല്‍ ആളുകളുണ്ടോയെന്നും മൃതദേഹങ്ങള്‍ ഉണ്ടോയെന്നും കണ്ടെത്താനുള്ള ശ്രമങ്ങള്‍ സജീവമായി ഇപ്പോള്‍ പുരോഗമിക്കുകയാണ്. അഗ്നിപർവ്വതത്തിന്റെ നാല് കിലോമീറ്റർ ചുറ്റളവില്‍ നിന്നാണ് നിലവില്‍ ഒരു കുട്ടിയടക്കം പത്ത് പേരുടെ മൃതദേഹം കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
