നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് വിശ്വാസമില്ല. കെ. സുധാകരന്‍

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിമാൻഡിലായ പി.പി. ദിവ്യയെ എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ശ്രമമാണു സിപിഎം നടത്തുന്നതെന്നു കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍. കേസില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്നും അന്വേഷണത്തിന്‍റെ ഫലമായി ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ദിവ്യക്കെതിരേ പാര്‍ട്ടി ഇതുവരെ നടപടികളൊന്നും എടുക്കാത്തത് ഇതിന്‍റെ തെളിവാണെന്നും കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിക്കവേ അദേഹം പറഞ്ഞു.

കേരളത്തിലെ പോലീസ് അന്വേഷിച്ചിട്ട് കാര്യമില്ല.

കേരളത്തിലെ പോലീസ് അന്വേഷിച്ചിട്ട് കാര്യമുണ്ടാകുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണു സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നാവശ്യപ്പെടുന്നത്. നവീന്‍ ബാബുവിന്‍റെ കുടുംബവും കോടതിയെ സമീപിക്കുമെന്നാണ് അറിയാന്‍ കഴിയുന്നതെന്നും സുധാകരൻ പറഞ്ഞു.

ദിവ്യയെ സംരക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞതാണ്.

എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍ ചെയ്യുന്നതാണു സിപിഎമ്മിന്‍റെ ശൈലി. ദിവ്യയെ സംരക്ഷിക്കാന്‍ അവര്‍ തീരുമാനിച്ചുകഴിഞ്ഞതാണ്. എന്തു വിലകൊടുത്തും അവര്‍ അത് ചെയ്യും. ഇത്രയൊക്കെ സംഭവിച്ചിട്ടും ദിവ്യയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയോ? ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടും ദിവ്യയെ സസ്‌പെന്‍ഡ് ചെയ്‌തോ? ദിവ്യയെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തിന്‍റെ തെളിവാണത് അദേഹം പറഞ്ഞു.

ഇടതു സര്‍ക്കാര്‍ കണ്ണൂര്‍ കളക്ടറെയും സ്വാധീനിച്ചിട്ടുണ്ടാകാം

പെട്രോള്‍ പമ്പിനു ലൈസന്‍സ് ഏര്‍പ്പെടുത്തി നല്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കള്‍ കമ്മീഷന്‍ കൈപ്പറ്റുന്നുണ്ട്. അതുപോലൊരു വിഹിതം കിട്ടാതെ പോയതാകും പി.പി. ദിവ്യയെ പ്രകോപിപ്പിച്ച ഘടകമെന്നു സംശയിക്കുന്നു. ഇടതു സര്‍ക്കാര്‍ കണ്ണൂര്‍ കളക്ടറെയും സ്വാധീനിച്ചിട്ടുണ്ടാകാം എന്നാണ് അദേഹത്തിന്‍റെ സംസാരത്തില്‍നിന്ന് ഇപ്പോള്‍ മനസിലാകുന്നതെന്നും സുധാകരൻ പറഞ്ഞു. .
.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →