ചൊക്രമുടിയിൽ കള്ളപ്പട്ടയങ്ങൾ ഉണ്ടാക്കി, റവന്യൂ ഉദ്യോഗസ്ഥർ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി- അന്വേഷണ റിപ്പോർട്ട്

ഇടുക്കി:രാഷ്ട്രീയ-റവന്യൂ ഉദ്യോഗസ്ഥരുടെയും ഒത്താശയോടുകൂടിയാണ് ബൈസൺ വാലി വില്ലേജിലെ ചൊക്രമുടിയിൽ ഭൂമി കയ്യേറ്റം സംഘടിപ്പിച്ചത് എന്ന് അന്വേഷണ റിപ്പോർട്ട്. ഈ വില്ലേജിൽ തന്നെ മറ്റൊരു ഇടത്ത് നൽകിയ പട്ടയം ഉപയോഗപ്പെടുത്തിയാണ് കയ്യേറ്റം സംഘടിപ്പിച്ചത്. പട്ടയം ലഭിക്കുവാൻ അർഹതയില്ലാത്ത പാറ പുറം പോക്ക് പ്രദേശം ആണ് ചൊക്രമുടി. ചൊക്രമുടിയിലെ സർക്കാർ ഭൂമിയിൽ മറ്റൊരിടത്തെ പട്ടയത്തിന്റെ രേഖകൾ ഉപയോഗിച്ച് കയ്യേറ്റം സംഘടിപ്പിക്കുകയും ആധാരം രജിസ്റ്റർ ചെയ്ത് പലർക്കായി വിൽക്കുകയും ആണ് ചെയ്തത് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

ഒറ്റനോട്ടത്തിൽ തന്നെ പോക്കുവരവ് ചെയ്യുവാൻ പാടില്ലാത്ത പ്രദേശത്ത് എല്ലാം ചെയ്യുന്നതിന് റവന്യൂ വകുപ്പിന്റെ ഒത്താശ ലഭിച്ചു. റെഡ് സോണിൽ പെട്ട ഇവിടെ നിർമ്മാണങ്ങൾ നടത്തുന്നതിന് തഹസിൽദാർ എൻ ഓ സി യും നൽകി.

കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തെ തുടർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

റിപ്പോർട്ടിലെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും അതേപടി വായിക്കുക.

കണ്ടെത്തലും ശുപാർശയും

(a) ദേവികുളം താലൂക്കിലെ (മുൻ ഉടുമ്പൻചോല താലൂക്ക്) ബൈസൺവാലി വില്ലേജിലെ (മുൻപ് രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് നമ്പർ 4-ൻറെ സർവ്വേ 35-ൽ പ്പെട്ട 354. 5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്ക് ഭൂമിയിലെ കയ്യേറ്റം The Kerala Land Conservancy Act, 1957 പ്രകാരം പൂർണമായും ഒഴിപ്പിച്ച് ഭൂമി ഉടനടി സർക്കാർ അധീനതയിൽ ഏറ്റെടുത്ത് സംരക്ഷിക്കാവുന്നതാണ്. കൂടാതെ സർക്കാർ ഭൂമിയിൽ അനധികൃത നിർമ്മാണം നടത്തിയവർ , ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർ, ഇതുമായി ബന്ധപ്പെട്ട് മറ്റ് നിയമവിരുദ്ധ പ്രവർത്തികൾ ചെയ്തവർ, എന്നിവർക്കെതിരെ The Kerala Land Conservancy Act, 1957 പ്രകാരം നടപടികൾ സ്വീകരിക്കാവുന്നതുമാണ്.

(b) സർക്കാർ പാറ പുറംമ്പോക്ക് ഭൂമിയിൽ കൈയ്യേറ്റം നടത്തിയ ആളുകൾ അവരുടെ ഭൂമി സർവ്വേ ചെയ്ത് സ്ഥലം തിട്ടപ്പെടുത്തികൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കിയ പ്രമാണങ്ങളും പട്ടയങ്ങളും പരിശോധിച്ചതിൽ ടി പട്ടയങ്ങൾ 1965 – 70 കാലഘട്ടത്തിൽ നൽകിയവ ആണെന്ന് കാണാവുന്നതാണ്. എന്നാൽ നിലവിൽ കയ്യേറ്റം നടന്നിട്ടുള്ള ഭൂമി ദേവികുളം താലൂക്കിൽ(മുൻ ഉടുമ്പൻചോല താലൂക്ക്) ബൈസൺവാലി വില്ലേജിലെ (മുൻപ് രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് നമ്പർ 4-ന്റെ സർവ്വേ 35-ൽ പ്പെട്ട 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്ക് ഭൂമിയാണ് എന്നാണ് റീസർവ്വേ രേഖകളിൽ നിന്നും വ്യക്തമാകുന്നത്. [Annexure-IX (a), (b), (c)] സർക്കാർ പുറമ്പോക്ക് ഭൂമി പതിച്ചു നൽകാനാവാത്തതും പൊതു ഉപയോഗത്തിനുവേണ്ടി മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളതും സർക്കാരിൻറെ പൂർണ്ണമായ ഉടമസ്ഥതയിലുള്ളതുമാണ്. ഇപ്രകാരമുള്ള സർക്കാർ ഭൂമിയിൽ പട്ടയങ്ങൾ ലഭിച്ചതാണെന്ന് തെറ്റിദ്ധാരണ പരത്തി കയ്യേറുന്നത് തികച്ചും നിയമവിരുദ്ധമാണ്.

(c) ബൈസൺ വാലി വില്ലേജിലെ 257/ 23 നമ്പർ ഫയൽ പ്രകാരം17.3 .2023 തീയതിയിൽ വില്ലേജ് ഓഫീസർ ഒപ്പിട്ട ഒരു ലൊക്കേഷൻ സ്കെച്ച് (ലൊക്കേഷൻ സ്കെച്ചിലെ തീയതി 13. 3. 2023)ഫെഡറൽ ബാങ്ക് പെരുമ്പാവൂർ ശാഖയിൽ ഹാജരാക്കുന്നതിന് വേണ്ടി ശ്രീ മൈജോ ജോസഫ് പേർക്ക് നൽകിയിട്ടുള്ളതായി കാണുന്നു . താലൂക്ക് സർവെയർ ശ്രീ വിബിൻ രാജ് ആർ. ബി. ഈ സ്ഥലം തിട്ടപ്പെടുത്തിയത് വില്ലേജ് ഓഫീസർ നൽകിയ ലൊക്കേഷൻ സ്കെച്ച് കൂടി അടിസ്ഥാനത്തിൽ ആണെന്ന് താലൂക്ക് സർവേയുടെ 31.7.2023ലെ റിപ്പോർട്ടിൽ പറയുന്നു. ഇപ്രകാരം ബൈസൻവാലി വില്ലേജിലെ(മുൻപ് രാജാക്കാട് വില്ലേജ്) റീ സർവ്വേ ബ്ലോക്ക് നമ്പർ 4-ന്റെ സർവ്വേ 35ൽ പ്പെട്ട 354. 5900 ഹെക്ടർ വിസ്തീർണം വരുന്ന സർക്കാർ പാറ പുറമ്പോക്ക് ഭൂമിക്ക് ആരുടെയെങ്കിലും പേരിൽ ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ വില്ലേജ് ഓഫീസർക്ക് അധികാരം ഇല്ലാത്തതാണ്. ഇക്കാര്യത്തിൽ ശരിയായ പരിശോധന കൂടാതെ സർക്കാർ ഭൂമിക്ക് ലൊക്കേഷൻ സർട്ടിഫിക്കറ്റ് നൽകിയ വില്ലേജ് ഓഫീസറുടെ നടപടി തികച്ചും തെറ്റാണ്.

(d) താലൂക്ക് സർവെയർ ശ്രീ വിബിൻ രാജ്. ആർ. ബി ഈ സ്ഥലം തിട്ടപ്പെടുത്തി നൽകിയ സ്കെച്ചിനോടൊപ്പം സമർപ്പിച്ച 31.7.2023 ലെ റിപ്പോർട്ടിൽ തഹസിൽദാർ നൽകിയ പട്ടയങ്ങളുടെ നിജസ്ഥിതി സർട്ടിഫിക്കറ്റ് പരിശോധിച്ചതായി പറയുന്നു. [Annexure-XI (a),(b)]ഇത്തരത്തിൽ ശരിയായ പരിശോധന കൂടാതെ ഈ സ്ഥലത്ത് നിജസ്ഥിതി സർട്ടിഫിക്കറ്റ് നൽകിയ ഉടുമ്പൻചോല തഹസിൽദാർ ബൈസൻവാലി വില്ലേജിലെ (മുൻപ് രാജാക്കാട് വില്ലേജ്) റീസർവേ ബ്ലോക്ക് നമ്പർ 4-ന്റെ സർവ്വേ 35ൽ പെട്ട 354.59000 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെട്ട ഭൂമിക്ക് സ്വകാര്യ വ്യക്തികളുടെ പേരിൽ അവകാശം സ്ഥാപിക്കുന്നതിന് കൂട്ടുനിന്നിട്ടുണ്ടോ എന്ന് വിശദമായ പരിശോധന ആവശ്യമുള്ള കാര്യമാണ്.

(e) കയ്യേറ്റം നടന്നിരിക്കുന്ന ദേവികുളം താലൂക്കിൽ (മുൻ ഉടുമ്പൻചോല താലൂക്ക്) ബൈസൺ വാലി വില്ലേജിലെ (മുൻപ് രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് നമ്പർ 4-ന്റെ സർവ്വേ 35ൽ പ്പെട്ട 354.59000 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെട്ട ഭൂമിയിൽ കെട്ടിടം നിർമ്മിക്കുന്നതിന് റവന്യൂ എന്‍ ഒ സി ലഭിക്കുന്നതിന് താഴെപ്പറയുന്ന 7 പേർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്.

  1. ശ്രീ സിബി ജോസഫ് s/o ജോസഫ്, കൈപ്പൻ പ്ലാക്കൽ, അടിമാലി
  2. ശ്രീമതി സിനി സിബി, w/ o സിബി ജോസഫ്, കൈപ്പൻ പ്ലാക്കൽ, അടിമാലി
  3. ശ്രീ കെ കെ പാപ്പച്ചൻ, s/o ജോസഫ്, കോലൻചേരി വീട്, മാണിക്യമംഗലം
  4. ശ്രീ ഷാജി സി എം, s/o സി എം മൂസ, ചെരുപുറം വീട്, നേര്യമംഗലം വില്ലേജ്
  5. ശ്രീ ഷാജി സി എം, s/o സി എം മൂസ, ചെരുപുറം വീട് നേര്യമംഗലം
  6. ശ്രീ ഷിന്റോ ഇ പി, s/o പാപ്പു, ഈരാളി വീട്, കടുകുളങ്ങര, അയ്യംപുഴ വില്ലേജ്
  7. ശ്രീ ടോജി പോൾ, s/o പൌലോസ്, ഇലവത്തിങ്കൽ വീട് കരിങ്ങലിക്കാട്ട്, മഞ്ഞപ്ര

ഇതിൽ മേൽപ്പറഞ്ഞ 1, 2 കക്ഷികൾക്ക് 07. 08. 2024 തീയതിയിൽ യഥാക്രമം TLKDVM/ 1867/2024- JI, TLKDVM/1868/2024-JI നമ്പരുകളിലായി നിർമ്മാണത്തിനുള്ള റവന്യൂ NOC ദേവികുളം തഹസീർ ശ്രീ ഡി അജയൻ നൽകിയതായി കാണുന്നു. കൂടാതെ 07.08.2024 തീയതി രേഖപ്പെടുത്തിയും, തീയതി രേഖപ്പെടുത്താതെയും മറ്റ് 5 കക്ഷികൾ NOC ലഭിക്കുന്നതിന് സമർപ്പിച്ച അപേക്ഷയിൽ 08.08. 2024-ന് വില്ലേജ് ഓഫീസർ ശുപാർശ റിപ്പോർട്ട് തഹസിൽദാർ ദേവികുളത്തിന് നൽകിയതായി കാണുന്നു. മേൽപ്പറഞ്ഞതിൽ ശ്രീ ഷാജി സി എം, S/o സി എം മൂസ, ചെരുപുറം വീട് നേര്യമംഗലം വില്ലേജ് എന്നയാൾ പേരിൽ ഒരേ ദിവസം തന്നെ രണ്ട് വെവ്വേറെ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് NOC ശുപാർശയും തഹസിൽദാർക്ക് നൽകിയിട്ടുണ്ട് . വില്ലേജ് ഓഫീസറുടെ ഈ നടപടി തികച്ചും ആസ്വാഭാവികവും സംശയാസ്പദവും ആണ്.

(f) ബഹു. കേരള ഹൈക്കോടതി WP (C) 1801/ 2010 നമ്പർ കേസിൽ 21.0 1.2010 തീയതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് റവന്യൂ വകുപ്പിന്റെ NOC ആവശ്യമുള്ള വില്ലേജ് ആണ് ബൈസൺ വാലി. കൈയ്യേറ്റം നടന്ന പ്രദേശത്ത് കഴിഞ്ഞ 12 മാസമായി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണെന്ന് പ്രാദേശിക അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആയത് മേൽ കോടതി ഉത്തരവിന്റെ നഗ്നമായ ലംഘനമാണ്. മേൽ സൂചിപ്പിച്ച ബഹു. ഹൈക്കോടതി ഉത്തരവ് പ്രകാരം റവന്യൂ NOC ഇല്ലാതെ മൂന്നാർ മേഖലയിൽ നടത്തുന്ന നിർമ്മാണങ്ങൾക്കെതിരെ നടപടി സ്വീകരിക്കുവാൻ Revenue, LSGD, Police, Forest എന്നീ വകുപ്പുകൾക്ക് ഉത്തരവാദിത്വം ഉള്ളതാണ്. ഈ ഉത്തരവാദിത്വം ഈ വകുപ്പുകൾ നിർവഹിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ട വിഷയമാണ് എന്ന് കാണുന്നു.

(g) സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സോണൽ മാപ്പ് പ്രകാരം ഈ സ്ഥലം പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യതയുള്ള റെഡ് സോണിൽ ഉൾപ്പെട്ടുവരുന്ന പ്രദേശമാണ് . ഈ സ്ഥലത്തുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ഇടുക്കി ജില്ലാ കളക്ടറുടെ 11. 06. 2024 തീയതിയിലെ DCIDK/ 4747/ 2023- DM3 ഉത്തരവ് പ്രകാരം നിയന്ത്രിച്ചിട്ടുള്ളതാണ്. പ്രസ്തുത സ്ഥലത്താണ് യാതൊരുവിധ അനുമതിയും കൂടാതെ മേൽപ്പറഞ്ഞ തരത്തിലുള്ള വ്യാപകമായ പ്രകൃതി നശീകരണത്തോടുകൂടിയുള്ള അനധികൃത കയ്യേറ്റവും നിർമ്മാണ പ്രവർത്തനവും നടന്നിട്ടുള്ളത്.

(h) കയ്യേറ്റ സ്ഥലത്തോടു ചേർന്ന് കയ്യേറ്റ ഭൂമിയുടെ തെക്ക് കിഴക്ക് അതിരിൽ M/s വിന്റർ ഗാർഡൻ എന്ന പേരിൽ ഒരു റിസോർട്ട് സ്ഥിതി ചെയ്യുന്നു . ഈ റിസോർട്ട് ഉൾപ്പെട്ട സ്ഥലം L.A 926/69 നമ്പരായി ശ്രീമതി മേരിക്കുട്ടി വർഗീസ്, വാഴയിൽ, ചൊക്രമുടി എന്നയാൾ പേരിൽ പതിച്ചുകിട്ടിയതായി പറയുന്നുണ്ട് എങ്കിലും, ഇതുമായി ബന്ധപ്പെട്ട പട്ടയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് 274/1 എന്ന സർവ്വേ നമ്പർ ആണ്. 274/1 എന്ന സർവ്വേ നമ്പർ ഈ പ്രദേശത്തിൽ ഉൾപ്പെട്ടുവരുന്ന സർവ്വേ നമ്പരിൽ പെടുന്നതല്ല എന്ന് കാണാവുന്നതാണ്. ബൈസൺ വാലി വില്ലേജിന്റെ പടിഞ്ഞാറ് അതിർത്തിയിലാണ് 274/1 എന്ന സർവ്വേ നമ്പർ സ്ഥിതിചെയ്യുന്നത്. എന്നാൽ ഈ റിസോർട്ട് സ്ഥിതി ചെയ്യുന്ന പ്രദേശം ബൈസൺവാലി വില്ലേജിന്റെ കിഴക്കേ അതിർത്തിയിലാണ്. ആയതിനാൽ തന്നെ ഇത്തരത്തിൽ മറ്റൊരു സർവ്വേ നമ്പറിന് ലഭിച്ച പട്ടയത്തിന്റെ മറവിൽ ബൈസൻവാലി വില്ലേജിലെ (മുൻ രാജാക്കാട് വില്ലേജ്) ബ്ലോക്ക് നമ്പർ 4ന്റെ സർവ്വേ 35ൽ പെട്ട 354 .5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെട്ട ഭൂമി കയ്യേറി നിർമ്മിച്ച ഈ നിർമ്മിതിയും ഈ പട്ടയപ്രകാരമുള്ള മുഴുവൻ ഭൂമിയും കേരള ഭൂമി സംരക്ഷണ ആക്ട് 1957 പ്രകാരം നിയമാനുസൃതമായ നടപടിക്രമത്തിലൂടെ സർക്കാരിലേക്ക് വീണ്ടെടുത്ത് സംരക്ഷിക്കാവുന്നതാണ് . കൂടാതെ ഈ പട്ടയവുമായി ബന്ധപ്പെട്ട് സർക്കാർ ഭൂമിക്ക് രേഖകൾ ചുമച്ചു നൽകിയ ഉദ്യോഗസ്ഥർക്കെതിരെയും ഇതുമായി ബന്ധപ്പെട്ട മറ്റ് ആളുകൾക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കാവുന്നതാണ്.

(i) സർക്കാർ പുറമ്പോക്ക് ഭൂമിയിൽ കയ്യേറ്റം നടത്തിയ ആളുകൾ, അവരുടെ ഭൂമി സർവ്വേ ചെയ്തു സ്ഥലം തിട്ടപ്പെടുത്തി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയോടൊപ്പം ഹാജരാക്കിയ പ്രമാണങ്ങളും പട്ടയങ്ങളും പരിശോധിച്ചതിൽ ടി പട്ടയങ്ങൾ 1965-70 കാലഘട്ടത്തിൽ നൽകിയവ ആണെന്ന് കാണാവുന്നതാണ്. എന്നാൽ ഇവർ അവകാശപ്പെടുന്നതുപോലെ ഈ പട്ടയങ്ങൾ ഇവർ കയ്യേറിയ (ബൈസൻവാലിയിലെ വില്ലേജിലെ( മുൻ രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് നമ്പർ 4 ൻ്റെ സർവ്വേ 35ൽ പെട്ട 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെട്ട ഭൂമിക്ക്) സ്ഥലത്തിന് നൽകിയവ ആണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലാത്തതാണ് . കൂടാതെ ഇവരുടെ അവകാശവാദം ശരിവെക്കണമെങ്കിൽ ഇവർ ഹാജരാക്കിയ പട്ടയത്തിലെ കക്ഷിയോ, അവരുടെ പിൻമുറക്കാരോ, അവരിൽ നിന്നും നിയമാനുസൃതം ഭൂമി കൈമാറ്റം ലഭിച്ചുകിട്ടിയവരോ ടി ഭൂമി പതിച്ചുകിട്ടിയ ആവശ്യത്തിന് (കൃഷിയ വാസഗൃഹനിർമ്മാണം) പട്ടയ വ്യവസ്ഥകൾക്ക് വിധേയമായി ഉപയോഗിക്കേണ്ടതുണ്ട്. ഇപ്രകാരം പട്ടയത്തിലെ കക്ഷിയോ, അവരുടെ പിന്മുറക്കാരോ, അവരിൽനിന്ന് നിയമാനുസൃതം ഭൂമി കൈമാറ്റം ലഭിച്ചു കിട്ടിയവരോ ഭൂമി പതിച്ചു കിട്ടി ഒരു വർഷത്തിനകം ടി സ്ഥലത്ത് കൃഷിയ താമസം തുടങ്ങിയിരിക്കണമെന്ന് പതിവ് ഉത്തരവിലെ രണ്ടാം വ്യവസ്ഥ പ്രകാരം നിഷ്കർഷിച്ചിട്ടുണ്ട്. എന്നാൽ അപ്രകാരമുള്ള ഒരു പ്രവർത്തിയും ഈ സ്ഥലത്ത് നടന്നിട്ടുള്ളതായി പ്രദേശവാസികളിൽ നിന്നും അറിയുവാനോ സ്ഥല പരിശോധനയിൽ ബോധ്യപ്പെടുകയോ ചെയ്തിട്ടുള്ളതല്ല. ആയതിനാൽ ഇവർ ഹാജരാക്കിയ പട്ടയപ്രകാരമുള്ള സ്ഥലം ഇവർക്ക് നിയമാനുസരണം കൈവശ അവകാശം ഇല്ല എന്നതിനാൽ തന്നെ ഇവ അസാധുവായി കണക്കാക്കാവുന്നതാണ്. ആയതിനാൽ ഇവരുടെ തണ്ടപ്പേരുകൾക്കും, പ്രമാണങ്ങൾക്കും ആധാരമായ പട്ടയങ്ങൾ കേരളാ ഭൂമി പതിച്ച് നൽകൽ ചട്ടങ്ങൾ 1964-ലെ ചട്ടം 8 (2 ), 8( 3) എന്നിവ പ്രകാരം നടപടിക്രമം പാലിച്ച് പതിവ് റദ്ദു ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കാവുന്നതാണെന്ന് കാണുന്നു. കൂടാതെ ഈ പ്രദേശത്ത് സർക്കാർ ഭൂമിയിൽ കെട്ടിട നിർമ്മാണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകിയിട്ടുള്ള എല്ലാ കെട്ടിട നിർമ്മാണ പെർമിറ്റുകളും റദ്ദു ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണ്.

(j)കയ്യേറ്റം സാധൂകരിക്കുന്നതിന് ആധാരമായി പറയുന്ന പട്ടയങ്ങൾ ശരിയാംവിധം അർഹതപ്പെട്ടവർക്ക് നൽകപ്പെട്ടവയാണോ എന്നും, യഥാർത്ഥ പട്ടയ ഉടമ അനുവദിക്കപ്പെട്ട് കിട്ടിയ പട്ടയസ്ഥലത്ത് പട്ടയവസ്ഥ പ്രകാരം ടി സ്ഥലം ഉപയോഗപ്പെടുത്തിയോ എന്നും, ആയത് നിയമപരമായി ആണോ തുടർ കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത് എന്നും, ഈ പട്ടയപ്രകാരം അനുവദിക്കപ്പെട്ട സ്ഥലങ്ങൾ എവിടെയാണ് എന്നും വിശദമായി പരിശോധിക്കേണ്ടതായി കാണുന്നു.

(k)ഉടുമ്പൻ ചോല താലൂക്കിന്റെ ഭാഗമായിരുന്ന ബൈസൺ വാലി വില്ലേജിനെ പൂർണമായും ദേവികുളം താലൂക്കിൽ ഉൾപ്പെടുത്തിക്കൊണ്ട് 2023 ഒക്ടോബർ 12ന് സ. ഉ. (കൈ) നമ്പർ 228/ 2023 / റവ പ്രകാരം സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതാണ് . ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ബൈസൺവാലി വില്ലേജിൽ ഉൾപ്പെട്ട കയ്യേറ്റ ഭൂമിയിൽ ഉദ്ദേശം 12 മാസങ്ങളായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നതായി ബോധ്യപ്പെട്ടിട്ടുള്ളതാണ്.

(l)ഹാജരാക്കപ്പെട്ട പട്ടയങ്ങൾ യഥാർത്ഥത്തിൽ നൽകപ്പെട്ടത് തന്നേയോ എന്നതിൽ വിശദമായ പരിശോധനകൾ ആവശ്യമുണ്ട്. വിസ്തൃതമായ സർവ്വേ നമ്പറിൽ മറ്റെവിടെയെങ്കിലും അനുവദിച്ച പട്ടയങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട സ്ഥലത്താണ് അനുവദിക്കപ്പെട്ടിട്ടുള്ളതെന്ന് വ്യാജമായി സ്ഥാപിച്ച് ഭൂമിയുടെ അവകാശം കരസ്ഥമാക്കാനുള്ള കുൽസിത ശ്രമം നടന്നിട്ടുള്ളതാണെന്ന് ബലമായി സംശയിക്കുന്നു.

(m) സർക്കാർ ഭൂമി കയ്യേറി ആയത് കാണിച്ചുകൊടുത്ത് തനിക്ക് അവകാശപ്പെട്ട ഭൂമിയാണ് എന്ന് തെറ്റിധരിപ്പിച്ച് ആയത് സർവ്വേ ചെയ്ത് ലഭിക്കുന്നതിന് അപേക്ഷ സമർപ്പിച്ച ( 1 ) തമിഴ്നാട് ചെന്നൈ സ്വദേശി ചെന്നൈ ബോട്ട് ക്ലബ് റോഡ് 3 – A2 -ൽ താമസം ശ്രീ. മൈജോ ജോസഫ്, അനധികൃത കയ്യേറ്റത്തിനും, ഖനനത്തിനും, നിർമ്മാണ പ്രവർത്തനത്തിനും പ്ലോട്ടുകൾ തിരിക്കലിനും നേതൃത്വം നൽകിയ ( 2 ) അടിമാലി സ്വദേശി കൈപ്പൻ പ്ലാക്കൽ വീട്ടിൽ ശ്രീ സിബി ജോസഫ് എന്നയാൾക്കും ( 3 ) ഈ ഭൂമിയുമായി ബന്ധപ്പെട്ട് പ്രമാണങ്ങൾ ചമച്ച് തങ്ങളുടെ തണ്ടപ്പേരിലാക്കുകയും ചെയ്ത് സർക്കാർ ഭൂമിയിൽ മാസങ്ങളോളം അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുകയും, മരങ്ങൾ മുറിച്ചു കടത്തുകയും, പാറ സ്ഫോടക വസ്തു ഉപയോഗിച്ച് പൊട്ടിച്ചു മാറ്റുകയും, അനധികൃത തടയണകൾ നിർമ്മിക്കുകയും, നീലക്കുറിഞ്ഞി ഉൾപ്പെടെയുള്ള സംരക്ഷിത ചെടികൾ അടങ്ങുന്ന ജൈവവൈവിധ്യം രാസവസ്തുക്കൾ ഉപയോഗിച്ച് നശിപ്പിക്കുകയും ചെയ്ത മുഴുവൻ പേർക്കും എതിരെ നിയമ നടപടി സ്വീകരിക്കാവുന്നതായി കാണുന്നു.

കെ സേതുരാമൻ ഐപിഎസിന്റെ റിപ്പോർട്ട് ഇങ്ങനെയാണ് സമാപിച്ചിട്ടുള്ളത്. ഇത്ര വിപുലമായ രീതിയിൽ ആസൂത്രണം ചെയ്തു കോടികൾ സമ്പാദിച്ച വലിയ സംഘത്തിന് സർവ്വവിധ രാഷ്ട്രീയ പിന്തുണയും ലഭിച്ചിരുന്നതായി പകൽ പോലെ വ്യക്തമാണ്. നാട്ടിൽ പാട്ടായ ഈ കാര്യത്തിന്, പക്ഷേ റിപ്പോർട്ടിൽ ഇടം നേടാൻ ആയില്ല. സർക്കാർ ഭൂമി വ്യാജരേഖ ഉണ്ടാക്കി വിറ്റു കിട്ടുന്ന പണത്തിന്റെ നിശ്ചിത ശതമാനം കണക്കുപറഞ്ഞ് ചില രാഷ്ട്രീയ കേന്ദ്രങ്ങൾ കൈവശപ്പെടുത്തിയതായി വിവരമുണ്ട്.

ഗുരുതരമായ കുറ്റകൃത്യങ്ങൾ ഉൾപ്പെട്ട സംഭവത്തിൽ ഭൂമി സംരക്ഷണ നിയമപ്രകാരമുള്ള നടപടിയാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. പോലീസ് നടപടിയും അന്വേഷണവും ആവശ്യമുള്ള കാര്യമായിട്ടും അതേപ്പറ്റി നിശബ്ദമാണ്.

Share