ജാര്‍ഖണ്ഡില്‍ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്; ഹേമന്ത് സോറന് വോട്ടെടുപ്പില്‍ പങ്കെടുക്കാൻ അനുമതി നല്‍കി റാഞ്ചി കോടതി

ജാർഖണ്ഡില്‍ ചംപൈ സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന് വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാൻ റാഞ്ചി പ്രത്യേക കോടതി അനുമതി നല്‍കി.അതിനിടെ ബിജെപി ഓപ്പറേഷൻ താമര ഭീഷണി ശക്തമാക്കിയെന്നാണ് വിവരം. ഇഡി അറസ്റ്റിന് എതിരെ ഹേമന്ത് സോറൻ ഉടൻ ഹൈക്കോടതിയെ സമീപിക്കും.
ജാർഖണ്ഡില്‍ മുഖ്യമന്ത്രിയായി ചംബൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും മഹാ സഖ്യത്തില്‍ ആശങ്കകള്‍ തുടരുകയാണ്. പത്ത് ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ സി പി രാധാകൃഷ്ണൻ മഹാസഖ്യത്തിന് നല്‍കിയ നിർദേശം. ചംബൈ സോറൻ സർക്കാർ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. 43 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്ന് അവകാശപെട്ട ചംപൈ സോറൻ ഗവർണർക്ക് കത്ത് നല്‍കിയിട്ടുണ്ട്. 81 അംഗ സഭയില്‍ 47 എം എല്‍ എമാരുള്ള ജെ എം എം സഖ്യ സർക്കാരിന് വിശ്വാസ വോട്ടില്‍ ഭീഷണിയില്ല എന്നാല്‍ ബി ജെ പി യുടെ ഓപ്പറേഷൻ താമര ഭീഷണിയുള്ളതിനാല്‍ 39 എം എല്‍ എ മാർ ഹൈദരാബാദിലെ റിസോർട്ടില്‍ തുടരുകയാണ്. തിങ്കളാഴ്ച മാത്രമേ എംഎല്‍എമാരെ റാഞ്ചിയിലേക്ക് മടക്കി എത്തിക്കു.
തിങ്കള്‍ ചൊവ്വ ദിവസങ്ങളിലായി നിയമസഭ ചേരാനാണ് തീരുമാനം. ജെ.എം.എമ്മിൻ്റെ സീത സോറൻ, ലോബിൻ ഹെംബ്രോം, ചമ്ര ലിൻഡ, രാംദാസ് സോറൻ എന്നിവരെ അടർത്തിമാറ്റി ഭരണമുന്നണിയുടെ ആത്മവിശ്വാസം തകർക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. വിമത എം.എല്‍.എമാരെ മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ട് ചർച്ചകള്‍ക്ക് തുടക്കം കുറിച്ചതായാണ് സൂചന. ഇഡി കസ്റ്റഡിയിലുള്ള ഹേമന്ത് സോറനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അതിനിടെ ഖനന അഴിമതി കേസില്‍ ഹേമന്ത് സോറൻ്റെ സഹായി ഭാനു പ്രതാപിനെ ഇഡി അറസ്റ്റ് ചെയ്തു.

Share
അഭിപ്രായം എഴുതാം