പാലക്കാട്: കരിങ്കരപ്പുള്ളിയിൽ പാടത്ത് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. കൊടുമ്പ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന് സമീപത്തു നിന്നാണ് കുഴിച്ചിട്ട നിലയിൽ ഒരു കാൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. തഹസിൽദാരുടെ സാന്നിധ്യത്തിൽ മാത്രമേ മൃതദേഹം പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ. വെളിച്ചക്കുറവ് കാരണം ഇന്ന് (26.09.2023) മൃതദേഹം പുറത്തെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
നേരത്തെ പ്രദേശത്ത് രണ്ടുപേരെ കാണാതായിരുന്നു. രണ്ടുപേരെ കാണാതായതുസംബന്ധിച്ച് പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്.സംഭവത്തിൽ പ്രഥമദൃഷ്ട്യാതന്നെ ദുരൂഹതയുണ്ടെന്നും അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് സൂചിപ്പിക്കുന്നു. രണ്ടുപേരെ കാണാതായ പരാതിയിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രദേശത്ത് എത്തിച്ചേർന്നത്.
സതീഷ്, ഷിജിത്ത് എന്നിവരെ കഴിഞ്ഞദിവസം കാണാതായിരുന്നു.2023 സെപ്തംബർ 24 ഞായറാഴ്ച വൈകീട്ട് കുരുടിക്കാട് എന്ന പ്രദേശത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് നാലുപേരെ അന്വേഷിച്ച് പോലീസ് എത്തിയിരുന്നു. സതീഷിന്റെ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നവരെ തേടിയാണ് പോലീസ് എത്തിയത്. തുടർന്ന് ഇവർ പോലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. രണ്ടുപേർ ഒരുവഴിക്കും മറ്റുരണ്ടുപേർ മറ്റൊരു വഴിയിലുമായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. ഇവരിൽ രണ്ടുപേരെ കാണാനില്ലെന്നു കാണിച്ച് ലഭിച്ച പരാതിയിൽ പോലീസും നാട്ടുകാരും ചേർന്ന് പ്രദേശം മുഴുവനും പരിശോധന നടത്തി. എന്നാൽ, ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് കരിങ്കരപ്പുള്ളിയിലെ പാടത്തേക്ക് കൂടെ തിരച്ചിൽ വ്യാപിച്ചപ്പോഴായിരുന്നു മണ്ണ് ഇളകിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് മണ്ണ് മാറ്റിയപ്പോൾ ഒരാളുടെ കാൽ കിട്ടുകയായിരുന്നു.



