തിരിച്ചടിച്ച് ഇന്ത്യ: കനേഡിയന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി

ഒട്ടാവ/ ന്യൂഡല്‍ഹി: ഖലിസ്ഥാനി ഭീകരവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ ആരോപണമുന്നയിച്ച് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതില്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. അഞ്ച് ദിവസത്തിനകം ഇന്ത്യ വിടാന്‍ മുതിര്‍ന്ന കനേഡിയന്‍ നയതന്ത്ര പ്രതിനിധിക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മക്കയിയെ വിദേശകാര്യ മന്ത്രാലയം ഇന്നു രാവിലെ വിളിച്ചുവരുത്തിയാണ് നടപടി അറിയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വലിയ ആഘാതത്തിന് ഇടയാക്കുന്നതായിരുന്നു കാനഡയുടെ നടപടി. ഒട്ടാവയിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിലെ ഇന്റലിജന്‍സ് മേധാവി പവന്‍കുമാര്‍ റായിയെയാണ് കാനഡ പുറത്താക്കിയത്. ഖലിസ്ഥാനി ഭീകരവാദിയുടെ കൊലപാതകത്തില്‍ ഇന്ത്യക്കു പങ്കുണ്ടെന്നത് വിശ്വസനീയമായ ആരോപണമാണെന്ന് പാര്‍ലിമെന്റിന്റെ അടിയന്തര സമ്മേളനത്തില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞിരുന്നു. ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ വച്ചാണ് കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെടുന്നത്. വിഷയത്തില്‍ വ്യക്തത വരുത്താന്‍ ഇന്ത്യ സഹകരിക്കണമെന്നും ട്രൂഡോ പറഞ്ഞു.
അതേസമയം, കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞു. ആരോപണം അസംബന്ധവും ദുരുപദിഷ്ടവുമാണെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം