ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരത: 35 ദിവസം നീണ്ട വിവാഹബന്ധം വേര്‍പെടുത്തിയത് ശരിവെച്ച് കോടതി

ന്യൂഡല്‍ഹി: ജീവിത പങ്കാളിക്ക് മനഃപൂര്‍വം ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി. 35 ദിവസം മാത്രം നീണ്ടുനിന്ന വിവാഹബന്ധം വേര്‍പെടുത്താന്‍ അനുമതി നല്‍കിയ കുടുംബ കോടതി ഉത്തരവ് ശരിവെച്ചാണ് ഡല്‍ഹി ഹൈക്കോടതി നിരീക്ഷണം നടത്തിയത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കൈത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ലൈംഗികബന്ധമില്ലാത്ത വിവാഹം നിന്ദ്യമായതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ലൈംഗികബന്ധത്തിലെ നിരാശയേക്കാള്‍ മാരകമായി വിവാഹബന്ധത്തില്‍ മറ്റൊന്നുമില്ലെന്നും കോടതി പറഞ്ഞു.

വിവാഹശേഷം ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, സ്ത്രീധനത്തിന്റെ പേര് പറഞ്ഞ് പീഡിപ്പിച്ചെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയതും ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. സ്ത്രീധനപീഡനത്തിന് തെളിവില്ലെന്നു കോടതി നിരീക്ഷിച്ചു. പങ്കാളിക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് ക്രൂരതയാണ്. പ്രത്യേകിച്ച് നവദമ്പതികള്‍ക്കിടയില്‍ അങ്ങനെ സംഭവിച്ചാല്‍ വിവാഹമോചനം അനുവദിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി. ഈ കേസില്‍ കക്ഷികള്‍ തമ്മിലുള്ള വിവാഹം 35 ദിവസം മാത്രമാണു നീണ്ടുനിന്നതെന്ന് കോടതി നിരീക്ഷിച്ചു.
2004ല്‍ ആണ് ഹിന്ദു ആചാര പ്രകാരം യുവാവും യുവതിയും വിവാഹിതരായത്. ഒരു മാസത്തിനു ശേഷം യുവതി സ്വന്തം വീട്ടിലേക്കു മടങ്ങി. പിന്നീട് തിരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്കു വന്നില്ല. ഭര്‍ത്താവ് പിന്നീട് വിവാഹമോചനത്തിന് കുടുംബ കോടതിയെ സമീപിച്ചു. അതിനിടെ യുവതി സ്ത്രീധന പീഡന പരാതി നല്‍കിയതോടെ യുവാവിനെതിരെ കേസെടുത്തു. എന്നാല്‍ സ്ത്രീധന പീഡനം സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ ഈ പരാതി ക്രൂരതയായേ കണക്കാക്കാനാവൂ എന്ന് കോടതി വ്യക്തമാക്കി. ശാരീരിക പ്രശ്‌നങ്ങളോ സാധുവായ കാരണമോ ഇല്ലാതെ വിവാഹത്തില്‍ ഏറെക്കാലം ലൈംഗികബന്ധം നിരസിക്കുന്നത് മാനസിക ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →