തൃശ്ശൂർ: തൃശ്ശൂരിലെ ആഭരണനിർമാണശാലയിലെ ജീവനക്കാരെ ആക്രമിച്ച് മൂന്നുകിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി .നഗരത്തിൽ പ്രവർത്തിക്കുന്ന ‘ഡി.പി. ചെയിൻസ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരിൽനിന്നാണ് സ്വർണം കവർന്നത്. 2023 സെപ്തംബർ 8 വെളളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വെള്ളിയാഴ്ച രാത്രി സ്ഥാപനത്തിൽനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുകയായിരുന്ന ജീവനക്കാരെ വെള്ളനിറത്തിലുള്ള കാറിലെത്തിയ സംഘം ആക്രമിച്ചെന്നും ആഭരണങ്ങൾ സൂക്ഷിച്ച ബാഗ് മോഷ്ടിച്ചെന്നുമാണ് പരാതി. സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്വർണാഭരണങ്ങൾ നിർമിച്ചുനൽകുന്ന സ്ഥാപനമാണ് ഡി.പി. ചെയിൻസ്.കഴിഞ്ഞദിവസം രാത്രി കന്യാകുമാരി ഭാഗത്തെ ജൂവലറികളിൽ നൽകാനുള്ള മൂന്നുകിലോയോളം തൂക്കംവരുന്ന ആഭരണങ്ങളുമായാണ് ജീവനക്കാർ സ്ഥാപനത്തിൽനിന്ന് പോയത്. സ്ഥാപനത്തിൽനിന്ന് പുറത്തിറങ്ങി സമീപത്തെ റെയിൽവേ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം ജീവനക്കാരെ ആക്രമിച്ചത്. പിന്നാലെ സ്വർണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കവർച്ചാസംഘം കാറിൽ രക്ഷപ്പെടുകയായിരുന്നു..
സംഭവം ആസൂത്രിതമായ കവർച്ചയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. സ്ഥാപനവും റെയിൽവേസ്‌റ്റേഷനും തമ്മിൽ ഏകദേശം അരക്കിലോമീറ്റർ ദൂരമേയുള്ളൂ. അതിനാൽ, സ്ഥാപനത്തിലെ ജീവനക്കാരെ കൃത്യമായി നിരീക്ഷിച്ച് ഇവർ പോകുന്നസമയം മനസിലാക്കിയാണ് കവർച്ച നടന്നിട്ടുള്ളതെന്നും പോലീസ് കരുതുന്നു.സംഭവത്തിൽ നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജീവനക്കാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഇവരുടെ ഫോൺവിളി വിവരങ്ങളടക്കം പോലീസ് പരിശോധിച്ചുവരികയാണ്.



