ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നത് കരുതലോടെ വേണമെന്നും അല്ലാത്ത പക്ഷം അതിന്റെ പ്രത്യാഘാതം നേരിടാൻ തയാറായിരിക്കണമെന്നും സുപ്രീം കോടതി. ഫെയ്സ്ബുക്കിൽ വനിതാ മാധ്യമ പ്രവർത്തകർക്കെതിരേ മോശം പരാമർശം നടത്തിയതിനു തനിക്കെതിരായ നടപടികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടനും തമിഴ്നാട് മുൻ എംഎൽഎയുമായി എസ്.വി. ശേഖർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണു പരമോന്നത കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തേ, മദ്രാസ് ഹൈക്കോടതിയും ശേഖറിന്റെ ഹർജി തള്ളിയിരുന്നു.
ഫെയ്സ്ബുക്കിൽ വിവാദ പരാമർശം നടത്തിയ ദിവസം ശേഖർ കണ്ണിൽ ചില മരുന്നുകളൊഴിച്ചിരുന്നെന്നും വാചകങ്ങൾ പൂർണമായി വായിച്ചിരുന്നില്ലെന്നുമായിരുന്നു നടന്റെ അഭിഭാഷകൻ വാദിച്ചത്. ഇതു കോടതി അംഗീകരിച്ചില്ല. സമൂഹമാധ്യമം ഉപയോഗിക്കുന്നത് ഒഴിവാക്കാനാവാത്തവർ അതിന്റെ പ്രത്യാഘാതം നേരിടാനും തയാറായിരിക്കണമെന്നു കോടതി പറഞ്ഞു. വെളിച്ചക്കുറവുണ്ടായിരുന്നെന്നും പൂർണമായി വായിച്ചില്ലെന്നുമൊക്കെയായിരുന്നു ഹൈക്കോടതിയിൽ ശേഖറിന്റെ വാദം. എന്നാൽ, ഇതു തള്ളിയ ഹൈക്കോടതി പരസ്യമായി മാധ്യമങ്ങളിലൂടെ മാപ്പു പറയാൻ നിർദേശിച്ചിരുന്നു.



