വാരാണസി: കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നുള്ള ജ്ഞാൻവാപി പള്ളിയിൽ നിന്ന് വിഗ്രഹ ഭാഗങ്ങൾ കണ്ടെത്തിയതായി ഹിന്ദു വിഭാഗത്തിന്റെ അഭിഭാഷകൻ സുധീർ ത്രിപാഠി. യഥാർഥ വിഗ്രഹങ്ങൾ തന്നെ കണ്ടെത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
പുരാവസ്തു വകുപ്പിന്റെ ശാസ്ത്രീയ പരിശോധന 2 ദിവസം പിന്നിട്ടപ്പോഴാണ് ത്രിപാഠിയുടെ വെളിപ്പെടുത്തൽ. മസ്ജിദ് കമ്മിറ്റി പരിശോധനയോടു പൂർണമായി സഹകരിക്കുന്നുണ്ട്. മുൻപ് അവർ പ്രധാന മുറികളുടെ താക്കോലുകൾ കൈമാറിയിരുന്നില്ല. ഇത്തവണ അവർ താക്കോലുകൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു
പ്രധാന താഴികക്കുടത്തിനു താഴെയുള്ള ഹാളിലാണ് ഇന്നലെ പരിശോധന നടത്തിയതെന്ന് മറ്റൊരു അഭിഭാഷകൻ സുഭാഷ് നന്ദൻ പറഞ്ഞു. സർവെയോടു പൂർണമായി സഹകരിക്കുമെന്നും സുപ്രീം കോടതിയുടെ ഉത്തരവുകൾ മാനിക്കുമെന്നും മസ്ജിദ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് യാസിൻ വ്യക്തമാക്കി.
കാൺപുർ ഐഐടി ഡയറക്റ്റർ അഭയ് കരൻദികറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയിൽ പുരാവസ്തു വകുപ്പിനൊപ്പമുള്ളത്. വാരാണസിയിലെ ഭൗമശാസ്ത്ര ഇൻസ്റ്റിറ്റ്യട്ടിൽ നിന്ന് വിദഗ്ധ സംഘം വൈകാതെ സർവെയ്ക്കൊപ്പം ചേരും.



