കോഴിക്കോട്: മണിപ്പൂർ വംശഹത്യയിൽ സഭ മൗനം പാലിച്ചെന്ന് വിമർശിച്ച വൈദികനെതിരെ നടപടി സ്വീകരിച്ച് താമരശേരി അതിരൂപത. ഫാ.തോമസ് പറമ്പിലിനെതിരെയാണ് നടപടി സ്വീകരിച്ചത്. അച്ചടക്ക ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വൈദികനെ സസ്പെൻഡ് ചെയ്തു.
ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെ ഫാ.തോമസ് പറമ്പിലിനെ സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിട്ടിരുന്നു. ചുമതലയേറ്റെടുക്കാതെ വൈദികൻ ഒളിവിൽ പോയിരുന്നു. അദ്ദേഹത്തിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് സഭയ്ക്ക് അവമതിപ്പുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.
മണിപ്പൂരിലെ കലാപത്തിന് എതിരെ സഭ പുലർത്തുന്ന മൗനത്തിനും നിഷ്ക്രിയത്വത്തിനും കേരളസഭ ഭാവിയിൽ മാപ്പ് പറയേണ്ടിവരുമെന്ന് ഫാ.തോമസ് പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. കുരിശുപള്ളിയുടെ നേരെ ആക്രമണം ഉണ്ടായല്ലോ ക്രൈസ്തവ സ്ഥാപനത്തിനു മുന്നിൽ സമരം ഉണ്ടായല്ലോ കത്തിജ്വലിക്കാറുള്ള സഭാസ്നേഹവും സമുദായ ബോധവും മണിപ്പൂരിന്‍റെ കാര്യത്തിൽ ഉണ്ടായില്ല. പേരിന് മെഴുകുതിരി പ്രാർഥനയും പ്രസ്താവനയുമാണ് ഉണ്ടായതെന്നും വൈദികൻ കുറിച്ചിരുന്നു



