റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡൽഹി ഓർഡിനൻസിനെതിരെ കോൺഗ്രസ് നിലപാടെടുത്താൽ മാത്രമേ പ്രതിപക്ഷ പാർട്ടികളുടെ ബാംഗ്ലൂർ യോഗത്തിൽ എഎപി പങ്കെടുക്കുകയുള്ളൂവെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദ.

July 8, 2023 - 6:41 am

പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ മീറ്റിംഗിലേക്ക് ആം ആദ്മി പാർട്ടിയെ ക്ഷണിച്ച് കോൺഗ്രസ്. ബാംഗ്ലൂർ വച്ച് നടത്തുന്ന യോഗത്തിലേക്കാണ് കോൺഗ്രസ് ആം ആദ്മി പാർട്ടിയെ ക്ഷണിച്ചിരിക്കുന്നത്. 2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യമുണ്ടാക്കുന്നതിനാണ് പ്രതിപക്ഷ പാർട്ടികൾ രണ്ടാമതും യോഗം ചേരുന്നത്.

എന്നാൽ ഡൽഹി ഓർഡിനൻസിനെതിരെ കോൺഗ്രസ് നിലപാടെടുത്താൽ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിന് 15 ദിവസം മുൻപ് ഓർഡിനൻസിനെതിരായി നിലപാട് സ്വീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നതായും ആം ആദ്മി പാർട്ടി ഓർമിപ്പിച്ചു. ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയാണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ഡൽഹി ഓർഡിനൻസ് വിഷയത്തിൽ കോൺഗ്രസ് ഉടൻ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവരുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ തങ്ങൾ ഏതെങ്കിലും തരത്തിലുള്ള ചർച്ചയ്ക്ക് തയാറാകൂ എന്നും ഛദ്ദ എഎൻഐയോട് പറഞ്ഞു.

പാറ്റ്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ ആദ്യ നിർണായക യോഗത്തിൽ വിവാദ ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഭാവി യോഗങ്ങളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അധികാരം സർക്കാരിനാണെന്ന സുപ്രിംകോടതി ഉത്തരവിനെ മറികടക്കാൻ കൊണ്ടുവന്ന ഓർഡിനൻസിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്നാണ് ആം ആദ്മി പാർട്ടി ആവശ്യപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *