മലക്കപ്പാറ ആദിവാസി കോളനിയിൽ കാട്ടാന ആക്രമണം

ചാലക്കുടി : മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഊര് നിവാസി ശിവൻ അയ്യാവ് എന്ന അമ്പതുകാരനാണ് പരിക്കേറ്റത്. 2023 ജൂൺ 16 ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.

വീടിനു സമീപത്തു വച്ച് രാവിലെയാണ് ശിവനെ കാട്ടാന ആക്രമിച്ചത്. ശിവന്റെ കരച്ചിൽ കേട്ട് വീട്ടുകാരും സമീപത്തുള്ളവരും ഓടിയെത്തിയ സമയത്ത് പരിക്കേറ്റ നിലയിൽ കിടക്കുകയായിരുന്നു. ഉടൻ മലക്കപ്പാറ പോലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ സഹായത്തോടെ ഇയാളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കാടിനുള്ളിൽ അന്തർ സംസ്ഥാന പാതയിൽ നിന്നും 2 കിലോമീറ്റർ കാടിനകത്തേക്ക് മാറിയാണ് അടിച്ചിൽ തൊട്ടി കോളനി സ്ഥിതി ചെയ്യുന്നത്. വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ പതിവായുള്ള മേഖലകളിൽ ഒന്നാണ് ഈ പ്രദേശം. രണ്ടു മണിക്കൂറിലേറെ സമയം എടുത്താണ് മലക്കപ്പാറയിൽ നിന്നും ചാലക്കുടിയിലെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. പരുക്ക് ഗുരുതരമായതിനെ തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →