സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ചിഹ്നങ്ങളുടെ പട്ടിക പുതുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വാക്കിംഗ് സ്റ്റിക്ക്, ബേബി വാക്കര്‍, എയര്‍കണ്ടീഷണര്‍, ബലൂണ്‍, വളകള്‍ തുടങ്ങി 193 ചിഹ്നങ്ങളാണ് പട്ടികയില്‍ ഉള്ളത്. സ്വതന്ത്രര്‍ക്കും അംഗീകൃതമല്ലാത്ത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് ഈ ചിഹ്നങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കുക. അംഗീകൃത ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ അവരുടെ ചിഹ്നത്തില്‍ തന്നെ മത്സരിക്കും.

സൗജന്യ ചിഹ്നങ്ങളില്‍ വാക്കിംഗ് സ്റ്റിക്ക്, ബേബി വാക്കര്‍, എയര്‍ കണ്ടീഷണര്‍, ബലൂണ്‍, വളകള്‍, വീല്‍ ബാരോ, വിസില്‍, വിന്‍ഡോ, കമ്പിളി, സൂചി, തണ്ണിമത്തന്‍, വാല്‍നട്ട്, വാലറ്റ്, വയലിന്‍, വാക്വം ക്ലീനര്‍, കാഹളം തുടങ്ങിയവ ഉള്‍പ്പെടുന്നു. നിരവധി നിയമസഭാ തിരഞ്ഞെടുപ്പുകളാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. മിസോറാം, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
മിസോറാം നിയമസഭയുടെ കാലാവധി ഡിസംബര്‍ 17 നും ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭകളുടെ കാലാവധി അടുത്ത വര്‍ഷം ജനുവരി 3 നും ജനുവരി 6 നും അവസാനിക്കും. രാജസ്ഥാന്‍, തെലങ്കാന നിയമസഭകളുടെ കാലാവധി തീരുന്നത് ജനുവരി 14 നും ജനുവരി 16 നുമാണ്. ഷെഡ്യൂള്‍ ചെയ്ത തെരഞ്ഞെടുപ്പുകള്‍ക്ക് പുറമേ, കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പും ഈ വര്‍ഷം തള്ളിക്കളയാനാവില്ല.

Share
അഭിപ്രായം എഴുതാം