അഞ്ചാം വയസ്സിൽ സംഭവിച്ച ബസപകടത്തിൽ വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയ അഖില സിവിൽ സർവീസ് എന്ന സ്വപ്നനേട്ടത്തിൽ.

തിരുവനന്തപുരം ∙ അഞ്ചാം വയസ്സിൽ സംഭവിച്ച ബസപകടം അഖിലയുടെ വലംകൈ പറിച്ചെടുത്തെങ്കിലും ഇടംകയ്യിൽ ഇരട്ടിവഴക്കം നേടി മുന്നേറിയ അഖില ഒടുവിൽ സിവിൽ സർവീസ് എന്ന സ്വപ്നനേട്ടത്തിലെത്തി. 2000 സെപ്റ്റംബർ 11നായിരുന്നു അഖിലയുടെ ജീവിതം മാറ്റിമറിച്ച ബസപകടം. തിരുവനന്തപുരം കോട്ടൺ ഹിൽ ഗവ. ഗേൾസ് ഹൈസ്കൂൾ മുൻ ഹെഡ്മാസ്റ്ററും അധ്യാപക സംഘടനയായ എകെഎസ്ടിയുവിന്റെ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കെ.ബുഹാരിയുടെയും സജീന ബീവിയുടെയും മകളാൻ് അഖില

വലതുകൈ തോൾ മുതൽ മുറിഞ്ഞുപോയി. കൃത്രിമ കൈ പിടിപ്പിക്കാൻ പുണെയിൽകരസേനയുടെ ആർട്ടിഫിഷ്യൽ ലിംബ് സെന്ററിൽ എത്തിച്ചെങ്കിലും ജർമനിയിലേക്കു പോകേണ്ടി വരുമെന്നായിരുന്നു മറുപടി. ഒടുവിൽ ജർമൻ സംഘം മുംബൈയിലെത്തി പരിശോധിച്ചെങ്കിലും അവരും നിസ്സഹായരായിരുന്നു. നോർ‌ക്കയുടെയും ഒരു സന്നദ്ധ സംഘടനയുടെയും സഹായത്തോടെ ഏഴാം വയസ്സിൽ യുഎസിലെ ഹൂസ്റ്റണിൽ 3 മാസം ചികിത്സ നടത്തിയെങ്കിലും തോളറ്റം മുറിഞ്ഞതിനാൽ കൃത്രിമ കൈ പറ്റില്ലെന്ന് അവരും വിധിയെഴുതി.

ഇതിനിടെ ഒരു വർഷത്തോളം പഠനം തടസ്സപ്പെട്ടെങ്കിലും എഴുത്ത് ഉൾപ്പെടെ വലംകൈകൊണ്ടു ചെയ്തിരുന്നതെല്ലാം അഖില ഇടംകൈകൊണ്ടു ശീലിച്ചു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കല്ലറ എംടിഎം സ്കൂളിലെ അധ്യാപകൻ അനിൽകുമാറാണ് സിവിൽസിവിൽ സർവീസ് സ്വപ്നം മനസ്സിൽ പാകിയത്. സിബിഎസ്ഇ 10–ാം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ വൺ. ഹയർ സെക്കൻഡറിക്ക് 1200 ൽ 1196 മാർക്ക്. തുടർന്ന് ഐഐടി മദ്രാസിൽ ഇന്റഗ്രേറ്റഡ് എംഎ പഠിക്കുന്ന കാലത്ത് അവിടെ ബാഡ്മിന്റൻ താരവുമായി. മൂന്നാം തവണയാണ് സിവിൽ സർവീസ് പരീക്ഷ എഴുതുന്നത്. കഴിഞ്ഞ 2 തവണയും ഇന്റർവ്യൂ വരെയെത്തി. കാരേറ്റ് താളിക്കുഴി ബി.എസ്.മൻസിലിൽ അഭിനന്ദനപ്രവാഹങ്ങൾക്കു നടുവിൽ നിൽക്കുമ്പോഴും ഉയർന്ന റാങ്ക് ലക്ഷ്യമിട്ട് വീണ്ടും പരീക്ഷയെഴുതാൻ ഒരുങ്ങുകയാണ് അഖില.

Share
അഭിപ്രായം എഴുതാം