തിരുവനന്തപുരം: കേരളത്തിൽ തെരുവ്നായ ആക്രമണം വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം ജില്ലയിലെ വഞ്ചിയൂരിൽ തെരുവ് നായകളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയിലാണ് പട്ടള നിവാസികൾ. തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വീട്ടിൽ വളർത്തിയിരുന്ന ഏഴ് ആടുകൾ ചത്തത് കഴിഞ്ഞ ദിവസമാണ്. പട്ടള നിസ മൻസിലിൽ ഹൈറുന്നിസയുടെ വീട്ടിൽ വളർത്തിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചു കൊന്നത്. 2023 മെയ് 16 ചൊവ്വാഴ്ച പുലർച്ച ശബ്ദം കേട്ട് ഇറങ്ങി നോക്കിയപ്പോൾ നായ്ക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. തെരുവുനായ്ക്കൾ ഒരു ആടിനെ നേരത്തേ കൊന്നിരുന്നു.
തൃശൂർജില്ലയിൽ അവണിശ്ശേരിയിൽ എട്ടുപേരെ തെരുവ് നായ കടിച്ചു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായയെ നാട്ടുകാർ തല്ലിക്കൊന്നു.
എല്ലാ ആടുകളെയും നായ്ക്കൾ കൊന്നതോടെ ആട് വളർത്തി ഉപജീവനം കണ്ടെത്തുന്ന കുടുംബം പ്രതിസന്ധിയിലായി. സമീപത്തെ വീടുകളിൽനിന്ന് 35 ഓളം കോഴികളെ തെരുവുനായ്ക്കൾ കൊന്നിട്ടുണ്ട്. മേഖലയിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കുട്ടികൾ തെരുവുനായ്ക്കളെ ഭയന്ന് പുറത്തിറങ്ങാൻ ഭയക്കുന്ന സാഹചര്യമാണ് ഇവിടെയുള്ളത്.
ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ ഓടി ഭീതി പരത്തുന്നതും അപകടമുണ്ടാക്കുന്നതും ഈ മേഖലയിൽ പതിവാണ്. നിരവധി സ്ത്രീകൾക്ക് ഇരുചക്ര വാഹനത്തിൽനിന്ന് വീണു പരിക്കേറ്റിട്ടുണ്ട്. നിലവിൽ തെരുവുനായ ആക്രമണം ഉണ്ടായ സ്ഥലം ജനപ്രതിനിധികളും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു.




