റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനോട് 25 കോടി ആവശ്യപ്പെട്ടു;സി.ബി.ഐ. എഫ്.ഐ.ആര്‍ പറയുന്നത്

May 16, 2023 - 4:58 pm

മുംബൈ: 25 കോടി രൂപ നല്‍കിയില്ലെങ്കില്‍ മകന്‍ ആര്യനെ മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്റെ കുടുംബത്തെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയും സംഘവും ഭീഷണിപ്പെടുത്തിയെന്ന് സി.ബി.ഐ. എഫ്.ഐ.ആര്‍.2021 ഒക്‌ടോബറില്‍ മുംബൈയില്‍നിന്നുള്ള ക്രൂയിസ് കപ്പലില്‍ നടത്തിയ മയക്കുമരുന്ന് വേട്ടയില്‍ ആര്യന്‍ ഖാനും കൂട്ടരും അറസ്റ്റിലായതിനു പിന്നാലെ വാങ്കഡെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍, പിന്നീട് ഈ സംഭവം തിരിഞ്ഞു കൊത്തുകയും വാങ്കഡെയുടെ വിദേശ യാത്രകളടക്കം വിവാദമാകുകയും ചെയ്തു. ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സി.ബി.ഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. വാങ്കഡെയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തെക്കുറിച്ചും വിദേശയാത്രകളെക്കുറിച്ചും എഫ്.ഐ.ആറിലുണ്ട്. വിലകൂടിയ റിസ്റ്റ് വാച്ചുകള്‍ വാങ്ങിയതും വില്‍പന നടത്തിയതുമൊക്കെ സി.ബി.ഐ റിപ്പോര്‍ട്ടില്‍ എടുത്തുകാട്ടുന്നു.

ആര്യന്‍ ഖാന്റെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി 25 കോടി രൂപ തട്ടിയെടുക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. ഒടുവില്‍ 18 കോടിക്കു സമ്മതിച്ചു. കൈക്കൂലിക്കുള്ള ടോക്കണ്‍ പണമായി 50 ലക്ഷം രൂപ കെ.പി ഗോസാവിയും സഹായി സാന്‍വില്‍ ഡിസൂസയും െകെപ്പറ്റി. ഈ തുകയുടെ ഒരു ഭാഗം പിന്നീട് തിരികെ നല്‍കിയെന്നും എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു. വാങ്കഡെയ്ക്കും എന്‍.സി.ബിയിലെ ഇന്റലിജന്‍സ് ഓഫീസറായിരുന്ന ആശിഷ് രഞ്ജനും അവരുടെ സ്വത്തുവിവരങ്ങളുടെ ഉറവിടത്തെക്കുറിച്ചു വ്യക്തമായ മറുപടി നല്‍കാനായില്ലെന്നാണ് പ്രഥമ വിവര റിപ്പോര്‍ട്ടില്‍. വാങ്കഡെ, തന്റെ വിദേശ സന്ദര്‍ശനങ്ങള്‍ ശരിയായി വിശദീകരിച്ചിട്ടില്ല. വിദേശ യാത്രയുടെ ചെലവുകള്‍ തെറ്റായാണ് കാണിച്ചതെന്നും എഫ്.ഐ.ആറിലുണ്ട്.

വാങ്കഡെയ്ക്കു പുറമേ നാലുപേരെ കൂടി പ്രതിയാക്കിയാണ് സി.ബി.ഐയുടെ എഫ്.ഐ.ആര്‍. എന്‍.സി.ബിയിലെ അന്നത്തെ മുതിര്‍ന്ന ഓഫീസര്‍മാരായ വിശ്വ വിജയ് സിങ്, ആശിഷ് രഞ്ജന്‍, കെ.പി ഗോസാവി, അദ്ദേഹത്തിന്റെ സഹായി സാന്‍വില്‍ ഡിസൂസ എന്നിവരാണിവര്‍. മയക്കുമരുന്ന് കടത്ത് കേസിലെ സാക്ഷിയാണ് കെ.പി ഗോസാവി. അറസ്റ്റിനെത്തുടര്‍ന്ന് ആര്യന്‍ ഖാനൊപ്പമുള്ള ഇയാളുടെ സെല്‍ഫി വിവാദമായിരുന്നു. എന്‍.സി.ബിയുടെ ഭാഗമല്ലാത്ത ആള്‍ക്ക് പ്രതിയുമായി അടുത്തിടപഴകാന്‍ എങ്ങനെ അനുവാദം കിട്ടി എന്ന ചോദ്യമാണ് അന്ന് ഉയര്‍ന്നത്. എന്നാല്‍, എല്ലാ ചട്ടങ്ങളും അട്ടിമറിച്ച്, കുറ്റാരോപിതര്‍ക്കൊപ്പം കഴിയാന്‍ ഗോസാവിയെ വാങ്കഡെ അനുവദിച്ചെന്നും റെയ്ഡിന് ശേഷം എന്‍.സി.ബി ഓഫീസില്‍ എത്താനുള്‍പ്പെടെ ഗോസാവിക്ക് അനുമതി കിട്ടിയെന്നും എഫ്.ഐ.ആര്‍ കുറ്റപ്പെടുത്തുന്നു. ഈ സ്വാതന്ത്ര്യം ഉപയോഗിച്ച് ഗോസാവി സെല്‍ഫികള്‍ എടുത്തു. പ്രതികളിലൊരാളുടെ വോയ്സ് നോട്ട് റെക്കോര്‍ഡ് ചെയ്തു. അറസ്റ്റിനെത്തുടര്‍ന്ന്, ആര്യന്‍ ഖാന്‍ 22 ദിവസം ജയിലില്‍ കിടന്നു. തുടര്‍ന്ന് മതിയായ തെളിവുകളുടെ അഭാവം കാട്ടി എന്‍.സി.ബി ആര്യനെ കുറ്റവിമുക്തനാക്കി. ഇതിനു പിന്നാലെയാണ്, വാങ്കഡെയ്ക്കും സംഘത്തിനുമെതിരേ പ്രത്യേക അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വാങ്കഡെയെ ചൈന്നെയിലെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ടാക്സ് പേയര്‍ സര്‍വീസസിലേക്ക് മാറ്റുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *