മാനന്തവാടി: വയനാട് പനമരത്ത് വാഹനാപകടത്തിൽ രണ്ടുമരണം. കണ്ണൂർ മാട്ടൂൽ സ്വദേശികളായ അഫ്രീദ്, മുനവിർ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നാമൻ മുനവിറിനെ ആശുപത്രിയിലേക്ക് മാറ്റി. മാനന്തവാടി- കൽപ്പറ്റ സംസ്ഥാന പാതയിൽ 2023 മെയ് 15 തിങ്കളാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കൾ സഞ്ചരിച്ച ഇന്നോവ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മാട്ടൂൽ സ്വദേശികളായ യുവാക്കൾ വിനോദസഞ്ചാരത്തിനായി വയനാട്ടിലെത്തിയതായിരുന്നു. മാനന്തവാടി പച്ചിലക്കാട് ടൗണിലാണ് അപകടമുണ്ടായത്. വണ്ടിയോടിച്ചയാൾ ഉറങ്ങിപ്പോയതിനെത്തുടർന്ന് കാർ നിയന്ത്രണം വിട്ട് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു. കാർ തെറ്റായ ദിശയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.