കൊച്ചിയിലെ ജനങ്ങൾ ഭാവിയിൽ നേരിട്ടേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റിയും ഇപ്പോഴുണ്ടായ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചും സംസാരിക്കുകയാണ് കുറവിലങ്ങാട് ദേവമാതാ കോളേജ് രസതന്ത്രവിഭാഗം റിട്ട. പ്രൊഫസർ ടി. പ്രസാദ് പോൾ. കൊച്ചി പുകയാൻ തുടങ്ങിയിട്ട് ഒൻപത് ദിവസം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങൾ വിഷപ്പുക ശ്വസിക്കുകയാണ്. ബ്രഹ്മപുരത്തെ 50 അടിയോളം ഉയരത്തിൽ മല പോലെ കിടന്ന ഏക്കറുകണക്കിന് ഭാഗത്ത് തീ പടർന്നതോടെ കിലോമീറ്ററുകളോളം ദൂരത്തേക്കാണ് പ്ലാസ്റ്റിക്കിന്റെ ഗന്ധമുള്ള വിഷപ്പുക പരന്നത്. കണ്ണ് ചൊറിച്ചിൽ,ചുമ, മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുമായി നിരവധി പേരാണ് ചികിത്സ തേടിയത്. വിഷപ്പുകക്ക് ഇതുവരേയും യാതൊരു ശമനമോ പ്രതിവിധിയോ ഉണ്ടാക്കാൻ നമ്മുടെ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോഴുള്ള ബുദ്ധിമുട്ടുകൾ മാറ്റി നിർത്തിയാൽ ഭാവിയിൽ വലിയ പ്രശ്നങ്ങൾക്കാണ് സാധ്യതയെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മലകൾ കത്തിയതിലൂടെ അന്തരീക്ഷത്തിലേക്കുയർന്ന രാസ സംയുക്തങ്ങളായ ഡയോക്‌സിനുകൾക്ക് മനുഷ്യ ശരീരത്തിലെത്തിയാൽ ഏഴ് മുതൽ 11 വർഷംവരെ മനുഷ്യശരീരത്തിൽ തങ്ങാനാകും. അന്തരീക്ഷ മലിനീകരണത്തിലെ ഏറ്റവും അപകടകാരിയായ രാസസംയുക്തമാണ് ഡയോക്‌സിനുകൾ. അർബുദം, വന്ധ്യത, എൻഡോക്ക്രൈനോളജി പ്രശ്നങ്ങളിലൂടെയായിരിക്കും ഈ വിഷപ്പുക ശ്വസിച്ച കൊച്ചിയുടെ ഭാവിതലമുറ കടന്നുപോവുക.
പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും കൂടി ഇടകലർന്ന് കത്തുമ്പോൾ പെർസിസ്റ്റന്റ് ഓർഗാനിക് പൊല്യൂട്ടന്റ് എന്ന ഒരു കൂട്ടം കെമിക്കലുകളാണ് ഉണ്ടാകുന്നത്. ഇവ ഒരിക്കൽ ജലത്തിലോ മണ്ണിലോ വന്നു കഴിഞ്ഞാൽ അത് നശിച്ച് പോകില്ല. ഡയോക്സിനുകൾ, ഫ്യൂറാനുകൾ, പോളി ക്ലോറിനേറ്റഡ് ഡൈഫിനൈൽസ് എന്നിവയെല്ലാം ഈ വിഷപ്പുകയിൽ ഉണ്ടാകും. കൂടാതെ വിവിധ തരത്തിലുള്ള മാലിന്യങ്ങൾ ഒരുമിച്ച് കത്തിയതിനാൽ ഉറപ്പിച്ചു പറയാൻ കഴിയാത്ത മറ്റ് പല കെമിക്കലുകളും ഇതിൽ ഉണ്ടായെന്ന് വരാം. ഈ കെമിക്കലുകളെല്ലാം അന്തരീക്ഷത്തിലെത്തിയാൽ ചിരഞ്ജീവികളാണ്. ഡെൻസിറ്റി കൂടുതലുള്ളവയാണ് ഇവ. അതുകൊണ്ട് തന്നെ അത് നമ്മുടെ വായുവിലും വെള്ളത്തിലുമെല്ലാം എല്ലാ കാലത്തും നിൽക്കുന്നവാണ് ഇവ. വെള്ളത്തിൽ അലിഞ്ഞു ചേരാതെ താഴെതട്ടിൽ നിലനിൽക്കും. ഇത് ഭക്ഷിക്കുന്ന ചെറുമത്സ്യങ്ങളിലൂടെ വലിയ മത്സ്യങ്ങളിലേക്കും വലിയ മത്സ്യങ്ങളിൽ നിന്ന് നമ്മുടെ ശരീരത്തിലേക്കും എത്തിച്ചേരും. ഇനി ഇത് മണ്ണിൽ കിടക്കുകയാണെങ്കിൽ കൃഷി ചെയ്യുന്ന വിളകളിലും പഴങ്ങളിലുമെല്ലാം പറ്റിപ്പിടിച്ച് ഭക്ഷിക്കുന്നജീവജാലങ്ങളിലേക്ക് എത്തിച്ചേരും.
ഈ ഡയോക്സിനുകൾ നമ്മുടെ ശരീരത്തിലേക്ക് എത്തിച്ചേർന്നാൽ അത് അർബുദത്തിന് കാരണമാകും എന്നാണ് എല്ലാവരും പറയുന്നത്. എന്നാൽ അതുമാത്രമല്ല, എൻഡോക്രെയിൻ സിസ്റ്റം, ഹോർമോണൽ ഇംബാലൻസ്, ഓട്ടോ ഇമ്മ്യൂണിറ്റി ഡിസീസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാക്കും. സമീപകാലത്ത് ജനിതക രോഗങ്ങളോ ജീവിതശൈലി രോഗങ്ങളോ അല്ല ഇന്ന് നമ്മുടെ സമൂഹത്തിൽ കൂടുതലായി ഉണ്ടാകുന്നതെന്നാണ് പല ഡോക്ടർമാരും അഭിപ്രായപ്പെടുന്നത്. പകരം ഓട്ടോ ഇമ്മ്യൂണിറ്റി ഡിസീസുകളാണ് ഇന്ന് കൂടുതലായി ഉണ്ടാകുന്നത്. മുപ്പത് വയസ് കഴിഞ്ഞ മിക്ക സ്ത്രീകളും ഇന്ന് ഹൈപ്പോ തൈറോയിഡിസം പോലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരാണ്. ഇതിന് കാരണമായവ ഇപ്പോൾ തന്നെ നമ്മുടെ അന്തരീക്ഷത്തിലുണ്ട്. ബ്രഹ്മപുരം കത്തുന്നതിന് മുൻപ് തന്നെ ഇവയെല്ലാം ചെറിയ അളവിൽ നമ്മുടെ അന്തരീക്ഷത്തിലുണ്ട്. വാഹനങ്ങളുടെ പുക, വിറക് കത്തിക്കുന്നത്, പല രീതിയിലുള്ള ജ്വലനം, ഫാക്ടറികളിൽ നിന്നുള്ള പുക ഇവയിൽ നിന്നെല്ലാം ഉണ്ടാകും. ഇതെല്ലാം ചെറിയ അളവിൽ നമ്മുടെ ശരീരത്തിലേക്ക് അന്തരീക്ഷത്തിൽ നിന്നും വെള്ളത്തിൽ നിന്നും എത്തുന്നുമുണ്ട്. പക്ഷേ ഇവ അപകടകരമായ അളവിൽ എത്താത്തതുകൊണ്ടാണ് വലിയ പ്രശ്നങ്ങളില്ലാത്തത്. ബ്രഹ്മപുരത്തെ തീപ്പിടിത്തം പോലെ വലിയ മലിനീകരണം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിലെ സേഫ്റ്റി ലെവലിനേക്കാൾ കൂടുതൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അങ്ങനെ ഒരു സാഹചര്യമുണ്ടാകുമ്പോഴാണ് ഇത് മാരകമായി മാറുന്നത്.
ബ്രഹ്മപുരത്തെ മാലിന്യം കത്തിച്ചതാകണമെന്നില്ല. ശക്തമായ ചൂടുള്ള വേനലാണ് ഇപ്പോഴുള്ളത്. കൂടാതെ വലിയ തോതിൽ മീഥേൻ ഗ്യാസ് ഈ മാലിന്യത്തിൽ നിന്നും ഉണ്ടാകുഉണ്ടാകുന്നുണ്ട്. ശക്തമായി തീ പിടിക്കാൻ കാരണം മീഥേനിന്റെ അളവ് കൂടുതലായതുകൊണ്ടാണ്. പെട്രോൾ ഒഴിക്കേണ്ടുന്നതിന്റെ ആവശ്യമൊന്നും ഇല്ല. കാട്ടിൽ ഉണ്ടാകുന്ന പോലെ ചെറിയൊരു സ്പാർക്ക് ഉണ്ടായാൽ ഇവിടെയും തീപ്പിടിത്തം ഉണ്ടാകാം. പക്ഷേ ഇത്തരിലൊരു വലിയ തീപ്പിടിത്തം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കാനുളള സാധ്യത വളരെ കൂടുതലാണ്. ഈ മാലിന്യങ്ങൾക്കിടയിൽ മീഥേൻ ഗ്യാസ് ചേമ്പറുകൾ പോലെ ഉണ്ടായിട്ടുണ്ടാകും. ജെസിബി കൊണ്ടോ മറ്റു ഉപകരണങ്ങൾകൊണ്ടോ വലിക്കുകയോ മാറ്റുകയോ ചെയ്യുമ്പോൾ വാതകം ശക്തിയായി പുറത്തേക്ക് വരികയാണ് ചെയ്യുക. അങ്ങനെ ഒരു സാഹചര്യത്തിൽ വെള്ളം കൊണ്ട് തീ നിയന്ത്രിക്കുക എന്നത് അസാധ്യമാകും. വാഹനത്തിന് തീപിടിച്ചാൽ കെടുത്താൻ വെള്ളം മതിയാകില്ല. അതിന് ഗ്യാസ് ഫയറിന്റെ എക്സ്‌റ്റിംഗുഷനുകൾ തന്നെ ഉപയോഗിക്കേണ്ടിവരും. നിലവിൽ ബ്രഹ്മപുരത്ത് ഈ രീതി ഉപയോഗിക്കുന്നില്ല എന്നാണ് മനസ്സിലാക്കുന്നത്.
നിറമോ മണമോ ഇല്ലാത്ത ഗ്യാസാണ് ഡയോക്സിനുകൾ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി ബ്രഹ്മപുരത്തെ തീപ്പിടിത്തത്തെ തുടർന്ന് വന്ന് പഠനം നടത്തിയപ്പോൾ ഡയോക്സിന്റെ അളവ് അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോൾ ഉണ്ടാക്കുന്ന നീറ്റലും കണ്ണ് പുകച്ചിലും, ചുമയുമൊന്നും ഡായോക്സിനുകൾ കാരണമല്ല. അത് നൈട്രജൻ ഓക്സൈഡോ സൾഫർ ഓക്സൈഡോ കൊണ്ടെല്ലാം ഉണ്ടാകാം. എന്നാൽ ഡയോക്സിനുകൾ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. ഡയോക്സിൻ മാത്രമാണ് വായുവിൽ കലർന്ന് നമ്മുടെ അടുത്തേക്ക് എത്തുന്നതെങ്കിൽ ഒരിക്കലും അതിന്റെ സാന്നിധ്യം നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല. ജലത്തിലൂടെയും വായുവിലൂടെയും മണ്ണിലൂടെയും നമ്മുടെ ശരീരം ഡയോക്സിനുകളെ കുറച്ചായി സ്വീകരിക്കും. നമ്മുടെ കരളിനും വൃക്കയ്ക്കുമൊന്നും അതിനെ പുറന്തള്ളാൻ അറിയില്ല. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിലെ കൊഴുപ്പിൽ ഇത് അടിഞ്ഞു കൂടുകയാണ് ചെയ്യുക. അത് അമിതമാകുമ്പോൾ ശരീരം പ്രതികരിക്കുകയും ചെയ്യും.
ഡയോക്സിൻ നമ്മൾ ഇപ്പോൾ ശ്വസിക്കുകയോ നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയോ ചെയ്തു എന്ന് വിചാരിച്ചു വളരെ പെട്ടെന്ന് ഒരു പ്രതികരണം ഉണ്ടാകണമെന്നില്ല. ഓരോരുത്തരുടെയും ശാരീരിക അവസ്ഥ അനുസരിച്ചാണ് ഇത് ബാധിക്കുക. ശ്വാസകോശ സംബന്ധമായ രോഗങ്ങളോ മറ്റ് അസുഖങ്ങളോ കാരണം അവശതയിലുള്ള ഒരു ശരീരമാണെങ്കിൽ അതിനെ പെട്ടെന്ന് ബാധിച്ചുവെന്ന് വരാം. ഡയോക്സിനുകൾ കുറഞ്ഞ അളവിൽ നമ്മുടെ ശരീരത്തിലേക്ക് പ്രവേശിച്ചുകൊണ്ടിരിക്കും. അതിന്റെ പരമാവധിയിലെത്തുമ്പോഴാണ് ശരീരം പ്രതികരിച്ചു തുടങ്ങുക. അതേസമയം പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഒരു വ്യക്തിക്ക് പത്തോ പതിനഞ്ചോ വർഷത്തിന് ശേഷമായിരിക്കും മനസിലാക്കാൻ സാധിക്കുക. മറ്റ് വിഷങ്ങളെപ്പോലെ പെട്ടെന്ന് ശരീരത്തിൽ പ്രതികരിക്കുന്ന ഒന്നല്ല ഡയോക്സിനുകൾ. ശരീരത്തിൽ അപകടകരമായ അളവിലേക്ക് എത്തുമ്പോഴാണ് ഇത് പ്രശ്നമുണ്ടാക്കുന്നത്.ഡയോക്സിനുകൾ ഏറ്റവും അപകടകാരിയാകുന്നത് പന്ത്രണ്ട് വയസുവരെയുള്ള കുട്ടികൾക്കാണ്. പ്രായപൂർത്തിയാകൽ പ്രക്രിയയെ ആണ് ഇത് കൂടുതലായി ബാധിക്കുക. പ്രത്യേകിച്ച് പെൺകുട്ടികളെ ഇത് വലിയ രീതിയിൽ ബാധിക്കുന്നതിന് കാരണമാകും. ഡയോക്സിനുകൾ നമ്മുടെ ശരീരത്തിലെത്തിയാൽ ഈസ്ട്രോജനായി ശരീരം സെൻസ് ചെയ്യും. അങ്ങനെ വരുമ്പോൾ പെൺകുട്ടികൾക്ക് ഏഴ് വയസിലോ എട്ട് വയസിലോ എല്ലാം പീരിയഡ്സ് വരുന്ന സാഹചര്യം ഉണ്ടാകും. ആർത്തവത്തിലെ പ്രശ്നങ്ങൾ, അണ്ഡാശയ ക്യാൻസർ, സ്തനാർബുദം തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണമായേക്കും. അതേ സമയം ഇത് ആൺകുട്ടികളുടെ ശരീരത്തിലാണെങ്കിൽ ഒരു പുരുഷനാകുന്ന പ്രക്രിയ വൈകുന്നതിനോ ശരിയായ വികാസത്തിനോ കഴിയാത്ത സാഹചര്യം ഉണ്ടാകും. ഉദ്ധാരണക്കുറവ്, പുരുഷ ബീജത്തിന് കുറവും ശക്തിക്കുറവും, മസിൽ കരുത്ത് കുറയുക, രോമ വളർച്ച ഇല്ലാത്ത അവസ്ഥ, ശബ്ദത്തിലെ വ്യത്യാസം, തുടങ്ങിയ പ്രശ്നങ്ങളാകാം ഉണ്ടാകുന്നത്. ശരീരത്തിലെത്തുന്നതിന്റെ അളവിന് അനുസരിച്ചായിരിക്കും ഈ പ്രത്യാഘാതങ്ങളെല്ലാം ഉണ്ടാവുന്നത്.
അമേരിക്കയിൽ ചപ്പുചവറുകൾ കൂട്ടിയിട്ടിരുന്ന സ്ഥലം മണ്ണിട്ട് നികത്തിയതിന് ശേഷം ഫ്ലാറ്റ് സമുച്ചയം പണിത് താമസിക്കുകയായിരുന്നു. ഒരു സമയത്തിന് ശേഷം അവിടെ താമസിച്ചിരുന്ന നിരവധി പേർക്ക് കാൻസർ ബാധിച്ചു. അതിന്റെ കാരണത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് ഈ ലാൻഡ് ഫില്ലിംഗിൽ നിന്ന് വന്ന ഡയോക്സിനുകളാണ് കാൻസറിന് കാരണമായതെന്നാണ് കണ്ടെത്തിയത്. വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം സമാനമായ ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്. മാലിന്യങ്ങളെ കൃത്യമായി സംസ്കരിക്കുന്ന സ്ഥലമാണ് അമേരിക്ക. എന്നിട്ടുപോലും അമേരിക്കയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നു. അങ്ങനെയാണെങ്കിൽ അലംഭാവത്തോടെ കൈകാര്യം ചെയ്താൽ എന്താകും അവസ്ഥയെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നവും ഈ അലംഭാവമാണ്.
ആക്റ്റിവേറ്റഡ് ചാർകോൾ കൊണ്ടുള്ള എയർപ്യൂരിഫയറുകൾ ഡയോക്സിനുകളെ പ്രതിരോധിക്കാം. ഓർഗാനിക് വേപ്പർ പ്രൂഫ് ആയിട്ടുള്ള മാസ്ക് ഉപയോഗിക്കുകയെന്നതാണ് ഡയോക്സിനുകൾ പോലുള്ള വിഷവാതകങ്ങളെ പ്രതിരോധിക്കാനുള്ള ഏകമാർഗം. നമ്മുടെ നിത്യജീവിതത്തിൽ അത് എത്രമാത്രം സാധ്യമാണെന്നുള്ളത് സംശയകരമാണ്. നിലവിൽബ്രഹ്മപുരത്തിന് സമീപത്ത് താമസിക്കുന്നവരും ഈ വായുവുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെടുന്നവർക്കും ഇത് ഉപയോഗിക്കാം. രാത്രി ജനലും വാതിലും അടച്ചതിന് ശേഷം ആക്റ്റിവേറ്റഡ് ചാർകോൾ തോർത്തുമുണ്ടുപോലുള്ള തുണിയിൽ കെട്ടി മുറികളിൽ എവിടെയെങ്കിലുമൊക്കെയായി കെട്ടിതൂക്കി ഇടുകയോ ചെയ്യാം. ഇവ അന്തരീക്ഷത്തിലുള്ള ഡയോക്സിനുകളെ വലിച്ചെടുക്കും. അടച്ചിട്ട മുറിയിൽ പരന്ന പാത്രത്തിലായി തുറന്നുവെച്ചിരുന്നാലും ഇവ ഡയോക്സിനുകളെ പിടിച്ചെടുക്കും. സ്വയം മനസിലാക്കുകയുംപ്രതിരോധിക്കുകയുമാണ് വേണ്ടത്.
മാലിന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കാൻ സ്കൂൾതലം മുതൽ ശ്രമിക്കണം. സംസ്കാരവും മതവും ധാർമികതയും മൂല്യങ്ങളുമെല്ലാം നമ്മൾ കുട്ടികളെ പഠിപ്പിക്കും. അതിനൊപ്പം അത്യാവശ്യമായി പഠിപ്പിക്കേണ്ടതാണ് മാലിന്യം വലിച്ചെറിയാതിരിക്കുക എന്നുള്ളത്. അമേരിക്കയിൽ ഒരു കുട്ടിക്ക് മിഠായി കൊടുത്താൽ അതിന്റെ കടലാസ് പോക്കറ്റിൽ ഇടും. അടുത്ത വേസ്റ്റ് ബാസ്ക്കറ്റ് വരെ അത് പോക്കറ്റിൽ സൂക്ഷിച്ചതിനുശേഷം ആയിരിക്കും ബാസ്കറ്റിൽ കളയുക. അവിടുത്തെ ഓരോ കുട്ടിയും മലിനീകരണത്തെക്കുറിച്ച് ബോധവാന്മാരാണ്. മലിനീകരണം തെറ്റാണെന്നും ഭാവിതലമുറയോട് ചെയ്യുന്ന ക്രൂരതയാണെന്നുള്ള ബോധം ഇപ്പോഴേ കുട്ടികളിൽ വളർത്തണം. കൂടാതെ കഴിയുന്നത്ര പ്ലാസ്റ്റിക്കുകൾ നമ്മുടെ വീട്ടിൽ കയറ്റില്ലെന്ന് ദൃഢനിശ്ചയം ഓരോരുത്തരും കൈക്കൊള്ളുകയും വേണം.

