റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: ഗുണനിലവാരമില്ലെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ പ്രമുഖ കമ്പനിയുടെ പാല്‍പ്പൊടി വിപണിയില്‍നിന്നു പിന്‍വലിക്കണമെന്ന ഉത്തരവ് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ റദ്ദാക്കി. സംസ്ഥാന ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധനയില്‍ കണ്ടെത്തിയ ഗുണനിലവാരക്കുറവ് തള്ളിക്കളഞ്ഞുകൊണ്ടാണ് പുതിയ നടപടി. വേണ്ടത്ര അളവില്‍ പ്രോട്ടീന്‍ ഇല്ലെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധനയില്‍ തെളിഞ്ഞത്. തുടര്‍ന്ന് പാല്‍പ്പൊടി കേരള വിപണിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കമ്പനിക്ക് വകുപ്പ് നോട്ടീസും നല്‍കിയിരുന്നു.
ഉല്‍പ്പന്നത്തിന് യാതൊരുവിധ കുറവുകളുമില്ലെന്ന് കാട്ടി കമ്പനി വിശദീകരണം നല്‍കി. ഇതിന്റെ മാത്രം അടിസ്ഥാനത്തിലാണ് നിരോധനം നീക്കിയത്.

എഫ്.എസ്.എസ്.എ.ഐയില്‍നിന്ന് വ്യക്തത ലഭിക്കുന്നതു വരെ പാല്‍പ്പൊടിയിലെ പ്രോട്ടീന്റെ അളവു മാത്രം നോക്കി കേസ് ഫയല്‍ ചെയ്യേണ്ടതില്ലെന്നും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ നല്‍കിയ ഉത്തരവ് താല്‍ക്കാലികമായി റദ്ദുചെയ്യുകയുമാണെന്നുമാണ് കഴിഞ്ഞ മാസം 10 ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇറക്കിയ ഉത്തരവിലുള്ളത്. പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലാണ് പാല്‍പ്പൊടിയില്‍ നിര്‍ദിഷ്ട അളവില്‍ പ്രോട്ടീന്‍ ഇല്ലെന്നു കണ്ടെത്തിയത്. എന്നാല്‍, ഇതര സംസ്ഥാനങ്ങളിലെ ലബോറട്ടറികളില്‍ നടത്തിയ പരിശോധനകളില്‍ പ്രോട്ടീന്‍ കുറവാണെന്ന് കണ്ടെത്തിയിട്ടില്ലെന്നാണ് കമ്പനിയുടെ അവകാശവാദം.
പാല്‍പ്പൊടിക്ക് ഗുണനിലവാരമില്ലാത്ത സാഹചര്യത്തില്‍ ഉല്‍പ്പന്നം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശിക്കാനും പിഴയീടാക്കാനും സാധിക്കുമായിരുന്നു. ഇതിനുള്ള നീക്കമുണ്ടായില്ല. പകരം കമ്പനിയുടെ മറുപടി മാത്രം വിശ്വസിച്ച് തുടര്‍നടപടികള്‍ വേണ്ടെന്നുവയ്ക്കുകയുമായിരുന്നു. സംസ്ഥാനത്തെ ഭക്ഷ്യ സുരക്ഷാ ലാബുകളിലെ പരിശോധനാഫലം തള്ളിയ നടപടിയില്‍ ജീവനക്കാര്‍ അതൃപ്തരാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *