ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണി സെക്ടര്‍-12ല്‍ പാര്‍ട്ടിക്കിടെ ഡിന്നര്‍ പ്ലേറ്റ് കിട്ടാത്തതിന്റെ പേരില്‍ നാല്‍പത്തിയെട്ടുകാരനായ കാറ്ററിങ് ജീവനക്കാരനെ മര്‍ദിച്ചു കൊലപ്പെടുത്തി. ഡിജെ ടീമിലെ രണ്ടുപേരാണ് മര്‍ദിച്ചതെന്നു പോലീസ്.
ഫെബ്രുവരി എട്ടിനു രാത്രിയിലായിരുന്നു സംഭവം. ജാപ്പനീസ് പാര്‍ക്കിനു സമീപമുള്ള സവാരിയന്‍ ടെന്റിനു പിന്നില്‍ മര്‍ദനം നടക്കുന്നതായി പ്രശാന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പുലര്‍ച്ചെ 12.58 ന് ഫോണ്‍വിളി വന്നു. പോലീസ് സ്ഥലത്തെത്തിയപ്പോള്‍, ഏറ്റുമുട്ടലില്‍ പരുക്കേറ്റ ഒരാളെ സുഹൃത്തുക്കള്‍ ബാബാ സാഹെബ് അംബേദ്കര്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതാണ് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കിരാരിയിലെ പ്രേംനഗര്‍ നിവാസിയായ സന്ദീപ് താക്കൂറാണ് മരിച്ചതെന്നു പിന്നീടാണ് സ്ഥിരീകരിക്കുന്നത്. ഡിജെക്കാര്‍ക്ക് പ്ലേറ്റ് എത്തിക്കാതിരുന്നതിന്റെ പ്രകോപനത്തിലാണ് മര്‍ദനം നടന്നതെന്ന് പോലീസ് പറയുന്നു.
ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് രണ്ടുപേരെ ചോദ്യം ചെയ്തുവരികയാണ്. ഒളിവിലുള്ള രണ്ട് പ്രതികളെ പിടികൂടാന്‍ ഒന്നിലധികം സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.



