റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഗുസ്തി താരങ്ങളുടെ സമരംഅസി. സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

January 22, 2023 - 10:06 am

ന്യൂഡല്‍ഹി: ഗുസ്തി താരങ്ങള്‍ നടത്തി വന്ന സമരം പിന്‍വലിച്ചതിനു പിന്നാലെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. റെസലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ) അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറെ കേന്ദ്ര സ്‌പോട്‌സ് മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തു. ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ സരണ്‍ സിങ്ങിനെയും കോച്ചുമാരെയും ന്യായീകരിച്ചു തോമര്‍ കേന്ദ്ര സ്‌പോട്‌സ് മന്ത്രാലയത്തിനു കത്തയച്ചിരുന്നു പിന്നാലെയാണു നടപടി. ആരോപണത്തെക്കുറിച്ച് അന്വേഷിക്കാനുള്ള മേല്‍നോട്ട സമിതിയെ ഇന്നു കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കാനിരിക്കെയാണു തോമര്‍ രംഗത്തെത്തിയത്. സ്വന്തം ഭരണഘടന അനുസരിച്ചാണു ഡബ്ല്യു.എഫ്.ഐ. പ്രവര്‍ത്തിക്കുന്നതെന്നും പുറത്തുനിന്നുള്ള ഇടപെടലുകള്‍ക്ക് സാധ്യതയില്ലെന്നും അദ്ദേഹം കത്തില്‍ അവകാശപ്പെട്ടിരുന്നു.
ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്‍ സരണ്‍ സിങ്ങിനെയും കോച്ചുമാരെയും അദ്ദേഹം ന്യായീകരിച്ചു. ഗുസ്തിതാരങ്ങള്‍ ലൈംഗിക ആരോപണങ്ങള്‍ അടക്കം ഉന്നയിച്ചതിനു പിന്നില്‍ രഹസ്യ അജന്‍ഡയുണ്ട്. ഫെഡറേഷനെ അട്ടിമറിക്കുകയാണ് ഗുസ്തി താരങ്ങളുടെ അജന്‍ഡ. പ്രതിഛായാനഷ്ടം ഉണ്ടാക്കാനുള്ള ഗൂഢാലോചനയും വ്യക്തിതാല്‍പര്യങ്ങളും ആരോപണങ്ങള്‍ക്കു പിന്നിലുണ്ടെന്നും കത്തില്‍ പറയുന്നു. വനിതാ ഗുസ്തിതാരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ച് താരങ്ങളായ വിനേഷ് പോഗാത്ത്, ബജ്‌റങ് പുനിയ, രവി ദാഹിയ, ദീപക് പുനിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് താരങ്ങള്‍ സമരം പിന്‍വലിച്ചത്. ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ആരോപണത്തെ കുറിച്ച് അന്വേഷിക്കാന്‍ മേല്‍നോട്ട സമിതി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. വിഷയത്തില്‍ സമിതി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും. ഇക്കാലയളവില്‍ ഫെഡറേഷന്റെ ദൈനംദിന കാര്യങ്ങള്‍ക്കും സമിതി മേല്‍നോട്ടം വഹിക്കും. അന്വേഷണം തീരും വരെ ബ്രിജ് ഭൂഷണ്‍ അധ്യക്ഷ സ്ഥാനത്തുനിന്നു മാറിനില്‍ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഗുസ്തി താരങ്ങളായ ബജ്‌രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സംഗീത ഫോഗട്ട് തുടങ്ങിയവരുള്‍പ്പെടെയാണ് മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.അതേസമയം, ഗുസ്തി താരങ്ങളുടെ പരാതിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും നടപടി തുടങ്ങി. അന്വേഷണം ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷയ്ക്കു കത്തെഴുതിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *