റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോദി വിമര്‍ശനം: ബി.ബി.സി. ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം

January 22, 2023 - 9:48 am

ന്യൂഡല്‍ഹി: 2002 ലെ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനും യുട്യൂബിനും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ”ഇന്ത്യ: ദ് മോദി ക്വസ്റ്റിയന്‍”’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ട്വീറ്റുകളും യൂട്യൂബ് വീഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം നീക്കം ചെയ്യാനാണു നിര്‍ദേശം. കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയമാണു സാമൂഹിക മാധ്യമ വമ്പന്മാര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയതെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോക്യുമെന്ററി സംബന്ധിച്ച അമ്പതോളം ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. ഡെറക് ഒബ്രിയന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകള്‍ ഇതില്‍ ഉള്‍പ്പെടും. ഇക്കാര്യം ഡെറക് തന്നെ മറ്റൊരു ട്വീറ്റിലൂടെ വെളിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ന്യൂനപക്ഷങ്ങളോടുള്ള നിലപാട് വ്യക്തമാകുന്നതാണു ഡോക്യുമെന്ററിയെന്ന് അദ്ദേഹം ആരോപിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകള്‍ ബി.ബി.സി. ഡോക്യുമെന്ററി കണ്തായി ഡെറക് കുറിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം 2021ന്റെ അടിസ്ഥാനത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഇടപെടലെന്നാണു ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

ആഭ്യന്തരം, വിദേശകാര്യം, വാര്‍ത്താ വിനിമയം തുടങ്ങിയ മന്ത്രാലയങ്ങള്‍ ഡോക്യുമെന്ററി വിശദമായി പരിശോധിച്ചു. ഗുജറാത്ത് കലാപക്കേസില്‍ നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയത് സുപ്രീം കോടതിയാണ്. ഈ സാഹചര്യത്തില്‍ ഡോക്യുമെന്ററി കോടതികളുടെ അടക്കം വിശ്വാസ്യതയെ ചോദ്യംചെയ്യുന്നതായി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി. അതേസമയം, ഡോക്യുമെന്ററി വിഷയത്തില്‍ ബി.ബി.സിക്കെതിരേ 13 റിട്ട. ജഡ്ജിമാരും മുന്‍ സ്ഥാനപതിമാരും അടക്കം 302 പ്രമുഖര്‍ രംഗത്തെത്തി. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ചു ഭരിക്കല്‍ തന്ത്രമാണു ബി.ബി.സി. ഡോക്യുമെന്ററിക്കു പിന്നിലെന്നു രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അനില്‍ ദിയോ സിങ്, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.സി. ഗോയല്‍, എന്‍.ഐ.എ. മുന്‍ ഡയറക്ടര്‍ യോഗേഷ് ചന്ദര്‍ എന്നിവര്‍ അടക്കമുള്ളവര്‍ ആരോപിച്ചു.
ഡെറക് ഒബ്രിയനു പിന്നാലെ കോണ്‍ഗ്രസ് നേതാണ് ജയറാം രമേഷും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ വിമര്‍ശിച്ചു. സെന്‍സര്‍ഷിപ്പിനെ അംഗീകരിക്കില്ലെന്നും കലാപകാലത്ത് രാജധര്‍മം പാലിക്കാന്‍ നരേന്ദ്ര മോദിക്ക് അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി നിര്‍ദേശം നല്‍കിയിരുന്നതായും അദ്ദേഹം അനുസ്മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *