ബസ് ആള്‍ഡ്രിന് 93-ാം വയസില്‍ വിവാഹം

വാഷിങ്ടണ്‍: ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ മനുഷ്യന്‍ ബസ് ആള്‍ഡ്രിന് 93-ാം വയസില്‍ വിവാഹം. അദ്ദേഹത്തേക്കാള്‍ 30 വയസ് കുറവുള്ള ഡോ. ആന്‍ക ഫോറാണു വധു. 93-ാം ജന്മദിനത്തിലാണ് അദ്ദേഹം വിവാഹ തീരുമാനം പുറത്തുവിട്ടത്.
കൗമാരക്കാരെപ്പോലെ ആവേശത്തോടെയാണു ദീര്‍ഘകാല പ്രണയിനിയായ ആന്‍കയെ ജീവിതത്തിലേക്കു സ്വീകരിക്കുന്നതെന്നു ആള്‍ഡ്രന്‍ ട്വീറ്റ് ചെയ്തു. ലോസ് ഏഞ്ജലസിലായിരുന്നു വിവാഹം. ബസ് ആള്‍ഡ്രിന്‍ വെഞ്ചേഴ്‌സ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റാണു ഡോ. ആന്‍ക. 2019 ലാണ് അവര്‍ ആള്‍ഡ്രിന്റെ സ്ഥാപനത്തില്‍ ചേര്‍ന്നത്.

നേരത്തെ മൂന്ന് തവണ വിവാഹിതനായ ആളാണ് ആള്‍ഡ്രിന്‍. ജോവാന്‍ ആന്‍ ആര്‍ച്ചര്‍(1954), ബവലി വാന്‍ സിലേ(1975), ലൂയിസ് ഡ്രിഗ്‌സ് കാനന്‍(1988) എന്നിവരാണ് അദ്ദേഹത്തിന്റെ മുന്‍ ഭാര്യമാര്‍. 2012 ലാണു കാനനുമായി വേര്‍പിരിഞ്ഞത്. ആദ്യ വിവാഹത്തില്‍ അദ്ദേഹത്തിനു മൂന്നു മക്കളുണ്ട്.

1969 ജൂെലെ 16 നായിരുന്നു നീല്‍ ആംസ്‌ട്രോങ്ങിന്റെ നേതൃത്വത്തിലുള്ള ചാന്ദ്രയാത്ര. നീല്‍ ആംസ്‌ട്രോങ്ങിനു പിന്നാലെയാണ് അദ്ദേഹം ചന്ദ്രനിലിറങ്ങിയത്. 1971 ല്‍ നാസയില്‍നിന്നു വിരമിച്ചു. 1969 ല്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ ധരിച്ച ജാക്കറ്റ് 22.67കോടി രൂപയ്ക്കാണു കഴിഞ്ഞവര്‍ഷം ലേലത്തില്‍ വിറ്റത്. പ്രായത്തെ അവഗണിച്ചുള്ള യാത്രകളാണു പിന്നീട് അദ്ദേഹത്തെ വാര്‍ത്താ താരമാക്കിയത്. 2016 ല്‍ ദക്ഷിണ ധ്രുവ യാത്രയ്ക്കിടെ ആരോഗ്യനില മോശമായത് ആശങ്കയായിരുന്നു. ഇതോടെ അദ്ദേഹത്തെ നിയന്ത്രിക്കാന്‍ മക്കള്‍ ശ്രമിച്ചത് വിവാദമായി.

2019 ല്‍ അദ്ദേഹത്തിന് അല്‍സ്ഹൈമേഴ്‌സ് ആണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ മക്കളായ ജാനിസ്, ആന്‍ഡ്രൂ, സഹായി ക്രിസ്റ്റീന കോര്‍പ് എന്നിവര്‍ക്കെതിരേ പണം തട്ടിയെന്ന് ആരോപിച്ച് അദ്ദേഹം പരാതി നല്‍കിയിരുന്നു. പിന്നീട് സ്വത്തുക്കള്‍ക്കുമേലുള്ള അവകാശവാദം മക്കള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് അദ്ദേഹം പരാതിയില്‍നിന്നു പിന്മാറി. ടിവി പരമ്പരകളിലും വേഷമിട്ടു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം