ആസ്പരിരേഷന്‍ ജില്ലാ പദ്ധതി; വയനാടിന് 7 കോടി രൂപയുടെ അധിക സഹായം

കേന്ദ്ര സര്‍ക്കാറിന്റെ ആസ്പരിരേഷന്‍ ജില്ലാ പദ്ധതിയില്‍ ദേശിയതലത്തില്‍ ഒന്നാമതെത്തിയ വയനാടിന് 7 കോടി രൂപയുടെ അധിക സഹായം. 2022 ഒക്‌ടോബര്‍ മാസത്തെ ഓവറോള്‍ ഡെല്‍റ്റ റാങ്കില്‍ 60.1 പോയിന്റ് നേടി രാജ്യത്ത് ഒന്നാമതെത്തിയതിനെ തുടര്‍ന്നാണ് ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയ്ക്ക് തുക അനുവദിച്ചത്. ഇത് അഞ്ചാം തവണയാണ് ജില്ലയ്ക്ക് മികച്ച റാങ്കിന്റെ അടിസ്ഥാനത്തില്‍ അധിക സഹായം ലഭിക്കുന്നത്.

2019 ജൂലൈയില്‍ 3 കോടി, 2021 ജൂണില്‍ 3 കോടി, സെപ്തംബറില്‍ 2 കോടി, 2022 ജൂണില്‍ 3 കോടി എന്നിങ്ങനെ ആകെ 18 കോടിയുടെ സഹായം ഇതുവരെ ലഭ്യമായി. 2019 ല്‍ ലഭിച്ച 3 കോടിയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. മറ്റുളളവ പ്രവൃത്തി പൂര്‍ത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

ലഭ്യമായ തുകയ്ക്കുളള പ്രോജക്ടുകള്‍ സമയബന്ധിതമായി നീതി ആയോഗിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ എ.ഗീത പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന മികച്ച പ്രോജകടുകള്‍ സമര്‍പ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പിന്നാക്ക ജില്ലകളെ ഉയര്‍ത്തി കൊണ്ടുവരുന്നതിനായി കേന്ദ്രസര്‍ക്കാര്‍ 2018 ല്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ആസ്പരിരേഷന്‍ ജില്ലാ പദ്ധതി. രാജ്യത്ത് 112 ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്നും ഉള്‍പ്പെട്ട ഏക ജില്ലയാണ് വയനാട്.

Share
അഭിപ്രായം എഴുതാം