റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദേശയാത്രയുടെ വിശദാംശങ്ങള്‍ ഹാജരാക്കി പി.വി. അന്‍വര്‍

January 18, 2023 - 9:43 pm

കൊച്ചി: കള്ളപ്പണ ഇടപാടു കേസില്‍ അന്വേഷണം നേരിടുന്ന പി.വി. അന്‍വര്‍ എം.എല്‍.എ. വിദേശയാത്രയുടെ വിശദാംശങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ ഹാജരാക്കി. വിദേശയാത്രകളുടെ ചെലവ്, വിദേശ നിക്ഷേപങ്ങള്‍, മാസങ്ങള്‍ നീണ്ട വിദേശത്തെ താമസം തുടങ്ങിയ വിവരങ്ങളാണു പ്രധാനമായും ഇ.ഡി. തേടിയത്.
ഇന്നലത്തെ ചോദ്യംചെയ്യല്‍ രാത്രി എട്ടുവരെ തുടര്‍ന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ മഞ്ചേരി സ്വദേശി മുഹമ്മദ് അന്‍വറുമായുള്ള ബിസിനസ് ബന്ധത്തെക്കുറിച്ചും വിവരങ്ങള്‍ തേടി. പി.വി അന്‍വറിന്റെ മഞ്ചേരി മാലാംകുളത്തെ മെട്രോ വില്ലേജിലെ വില്ലയിലെ താമസക്കാരനാണ്.

സിയറ ലിയോണ്‍, ശ്രീലങ്ക, മാലിദ്വീപ്, ദുബായ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി തവണ യാത്രകള്‍ നടത്തിയിട്ടുണ്ട്. വിദേശ യാത്രകള്‍ സംബന്ധിച്ചു നിയമസഭ സെക്രട്ടേറിയറ്റിനെ അറിയിച്ചിരുന്നില്ല. സ്വന്തം പേരിലും ബിനാമികളുടെ പേരിലും വാങ്ങികൂട്ടിയ ഭൂ സ്വത്തുക്കളുടെ സാമ്പത്തിക ഉറവിടവും ഇ.ഡി. തേടി. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടങ്ങളില്‍ എല്ലാം നിഷേധിച്ച അന്‍വറിന് മുന്നില്‍ തെളിവുകളും രേഖകളും കാണിച്ചാണ് ഇ.ഡി. സംഘം ചോദ്യം ചെയ്തത്. ബെല്‍ത്തങ്ങാടിയില്‍ ക്രഷര്‍ ഇടപാടില്‍ പ്രവാസി എന്‍ജിനീയര്‍ മലപ്പുറം നടുത്തൊടി സലീമില്‍ നിന്നും 50 ലക്ഷം തട്ടിയ കേസില്‍ ക്രഷറിന്റെ ഉടമസ്ഥാവകാശം തെളിയിക്കാനായി ക്രൈംബ്രാഞ്ച് മഞ്ചേരി സി.ജെ.എം. കോടതിയില്‍ ഹാജരാക്കിയ കരാര്‍ പ്രകാരം മറ്റു പാട്ണര്‍മാരെ നേരത്തെഇ.ഡി. ചോദ്യം ചെയ്തിരുന്നു. അന്‍വറിനു ക്രഷര്‍ കൈമാറിയ കാസര്‍ഗോഡ് സ്വദേശി ഇബ്രാഹിമിനെയും ചോദ്യം ചെയ്തു.

കര്‍ണാടക സര്‍ക്കാര്‍ ലീസിനു നല്‍കിയ രണ്ടേക്കര്‍ ഭൂമിയിലാണ് ഇബ്രാഹിം ക്രഷര്‍ നടത്തിയിരുന്നത്. ഈ ക്രഷറിന്റെ പാട്ടക്കരാര്‍ മാത്രമാണു അന്‍വറിനു കൈമാറിയതെന്നായിരുന്നു ഇബ്രാഹിമിന്റെ മൊഴി. ബെല്‍ത്തങ്ങാടിയ്ക്കു പുറമേ മറ്റൊരിടത്തും ക്രഷര്‍ നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. അന്‍വറിന്റെ കമ്പനികള്‍, ബിസിനസ് ഇടപാടുകളുടെ രേഖകള്‍, കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളിലെ പാര്‍ടണര്‍ഷിപ്പ് കരാറുകളുടെ വിവരങ്ങള്‍, പത്തു വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍, വിദേശയാത്ര വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഭൂമി സംബന്ധിച്ച വിവങ്ങള്‍, സ്വത്ത് വിവരങ്ങള്‍ എന്നിവയും ഹാജരാക്കാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ അന്‍വര്‍ മുഴുവന്‍ രേഖകളും ഹാജരാക്കിയിരുന്നില്ല.

ഇ.ഡി. ശേഖരിച്ച രേഖകളും അന്‍വര്‍ ഹാജരാക്കിയ രേഖകളും തമ്മില്‍ പൊരുത്തക്കേടുകളുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണു വിശദീകരണം നല്‍കാന്‍ വീണ്ടും വിളിച്ചു വരുത്തിയത്. കോഴിക്കോട് ഇന്‍കംടാക്‌സ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസഥാനത്തില്‍ കൊച്ചി ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്‍വറിനെതിരേ നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *