റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിഷാമിന് വധശിക്ഷ നല്‍കണം: സര്‍ക്കാര്‍

January 14, 2023 - 9:47 pm

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വധിച്ച കേസിലെ പ്രതി മുഹമ്മദ് നിഷാമിനു വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുസംസ്ഥാനം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. നിഷാമിനു വിധിച്ച ജീവപര്യന്തം തടവുശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി ഈ ആവശ്യം നേരത്തെ നിരാകരിച്ച പശ്ചാത്തലത്തിലാണ് കേരളം പരമോന്നത കോടതിയെ സമീപിച്ചത്. ചന്ദ്രബോസ് വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്നാണ് സര്‍ക്കാര്‍ വാദം. അതിക്രൂരമായാണു ചന്ദ്രബോസിനെ നിഷാം വധിച്ചത്. മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് പ്രതി. മൃതപ്രായനായ ചന്ദ്രബോസിനെ വീണ്ടും ആക്രമിച്ചുകൊന്ന നിഷാമിന്റെ ചെയ്തി മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്.

ശിക്ഷയിലൂടെ പരിഷ്‌കരിക്കാനാകുന്ന വ്യക്തിയല്ല നിഷാം. സമൂഹത്തിന് വിപത്തും ഭീഷണിയുമാണ് പ്രതിയെന്നും കേരളത്തിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നിഷെ രാജന്‍ ഷെങ്കര്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിഷാമിനെ ജയിലില്‍ തന്നെ ഇടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നേരത്തെ സമര്‍പ്പിച്ച അപ്പീല്‍ അതിനിശിത വിമര്‍ശനത്തോടെ സുപ്രീം കോടതി നിരസിച്ചിരുന്നു.

ചന്ദ്രബോസിനെതിരേ നടന്നത് ഭ്രാന്തമായ ആക്രമണമായിരുന്നെന്ന് നേരത്തെ ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചില്ല. ജീവപര്യന്തം തടവിനു പുറമെ വിവിധ വകുപ്പുകളിലായി 24 വര്‍ഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് നിഷാമിന് തൃശൂര്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷ ഹൈക്കോടതി ശരിവച്ചു. പിഴയില്‍ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നല്‍കാനും നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *