കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയെ കണ്‍വീനറാക്കി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചത് യു.ജി.സി. ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹര്‍ജി. സമാനരീതിയിലുള്ള കെ.ടി.യു. വൈസ്ചാന്‍സലര്‍ നിയമനം സുപ്രീം കോടതി റദ്ദാക്കിയതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കാലിക്കറ്റ് വി.സിക്ക് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗവും കെ.പി.സി.ടി.എ. സംസ്ഥാന പ്രസിഡന്റുമായ ഡോ. ടി. മുഹമ്മദാലിയാണ് ഹര്‍ജി നല്‍കിയത്.
വി.സി. പദവിക്കുള്ള അപേക്ഷകരില്‍ നിന്ന് ശിപാര്‍ശചെയ്യുന്ന വ്യക്തിയുടെ സവിശേഷതകള്‍ സെര്‍ച്ച് കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും അത് പരിശോധിക്കാതെയാണ് ഗവര്‍ണര്‍ ഏകപക്ഷീയമായി കാലിക്കറ്റ് വി.സിയായി എം.കെ. ജയരാജിനെ നിയമിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ 13-ന് വാദം കേള്‍ക്കും. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള കാരണം കാണിക്കല്‍ നോട്ടീസ് ചോദ്യംചെയ്ത് വി.സിമാര്‍ നല്‍കിയിട്ടുള്ള ഹര്‍ജിയില്‍ അവസാനവാദം കേള്‍ക്കുന്നതും ജനുവരി 13നാണ്. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം ഹാജരായി. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍, കാലിക്കറ്റ് സര്‍വകലാശാല എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.




