റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ സംഘർഷം : കത്തീഡ്രൽ താൽക്കാലികമായി പൂട്ടി

December 25, 2022 - 8:11 am

കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ കുർബാനയെച്ചൊല്ലി വൈദികരും വിശ്വാസികളും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കത്തീഡ്രൽ താൽക്കാലികമായി പൂട്ടി. ക്രിസ്‌തുവിന്റെ പിറവിസമയത്തെ പാതിരാകുർബാന ഉൾപ്പെടെ ഇതോടെ മുടങ്ങി. സിറോമലബാർ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാന ദേവാലയമാണിത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകർന്ന യേശുക്രിസ്തുവിന്റെ തിരുപ്പിറവിത്തലേന്നാണ് സംഭവം

2022 ഡിസംബർ 23വെള്ളിയാഴ്ച വൈകിട്ട് ആരംഭിച്ച സംഘർഷം 24ന് ഉച്ചവരെ നീളുകയും ബസിലിക്കയ്‌ക്കുള്ളിൽ അക്രമം അരങ്ങേറുകയും ചെയ്തിരുന്നു. അൾത്താരയിൽ കടന്നുകയറിയ സ്ത്രീകൾ ഉൾപ്പെട്ട സംഘം കുർബാന പുസ്തകം, ബൈബിൾ, തിരുവോസ്തി, കാസ എന്നിവ വലിച്ചെറിഞ്ഞു. വൈദികരെ ഉൾപ്പെടെ കൈയേറ്റത്തിനും ശ്രമിച്ചതോടെ ഇരുവിഭാഗത്തെയും പൊലീസ് ബസിലിക്കയിൽ നിന്ന് പുറത്താക്കി. വൈകിട്ട് എ.ഡി.എം വിളിച്ച ചർച്ചയെ തുടർന്നാണ് ബസിലിക്ക താൽക്കാലികമായി അടച്ചിടാൻ തീരുമാനിച്ചത്.സംഘർഷത്തിന് ശേഷം ബസിലിക്കയിലെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്തിനെയും ഒരുവിഭാഗം തടഞ്ഞ് അസഭ്യം വിളിച്ചു.

ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്ന 11 വൈദികർ എതിർവിഭാഗം മർദ്ദിച്ചെന്നാരോപിച്ച് ആശുപത്രിയിൽ പ്രവേശിച്ചു. സംഘർഷത്തിന് ശ്രമിച്ച സോളമൻ, ജോമോൻ, ബിജു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.വൈദികരായ ജോസ് ചോലിക്കര, രാജൻ പുന്നയ്‌ക്കൽ, ജൂലിയസ് കറുകത്തറ, ടോം മുള്ളഞ്ചിറ, വർഗീസ് പൂതവേലിത്തറ, അലക്സ് മേക്കാംതുരുത്തി, കുര്യൻ കുരിശുങ്കൽ, തോമസ് നങ്ങേലിമാലിൽ, അഖിൽ മേനാച്ചേരി, അഖിൽ അപ്പാടൻ, സ്റ്റെനി കുന്നേക്കാടൻ എന്നിവരെയാണ് ലിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഡിസംബർ23 വെള്ളിയാഴ്ച വൈകിട്ട് ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടെ ഫാ. ആന്റണി പൂതവേലി അൾത്താരയിലെത്തി പരിഷ്കരിച്ച രീതിയിൽ വിശ്വാസികൾക്ക് പുറംതിരിഞ്ഞു നിന്ന് കുർബാന ചൊല്ലിയതാണ് സ്ഥിതി വഷളാക്കിയത്. കുർബാന അവസാനിച്ചിട്ടും ഇരുവിഭാഗവും പുറത്തുപോകാൻ തയ്യാറായില്ല. ജനാഭിമുഖ കുർബാന തുടർച്ചയായി ചൊല്ലുകയായിരുന്നു.24 ന് രാവിലെ ആറിനുള്ള കുർബാനയ്ക്ക് ഇരുവിഭാഗവും പള്ളിയിലെത്തി. ഇതിനിടെ ഒരുവിഭാഗം അൾത്താരയിൽ കയറി കുർബാന വസ്തുക്കൾ വലിച്ചെറിഞ്ഞു. ബസലിക്കയ്‌ക്കുള്ളിൽ പരസ്പരം അസഭ്യം വിളിക്കാൻ ആരംഭിച്ചു. കൂടുതൽ പേർ ബസലിക്കയിൽ പ്രവേശിക്കാൻ ആരംഭിച്ചതോടെ പൊലീസ് ബലംപ്രയോഗിച്ച് വിശ്വാസികളെയും വൈദികരെയും പുറത്താക്കുകയായിരുന്നു.

”ബസിലിക്കയിലെ സംഭവങ്ങൾ വേദനാജനകമാണ്. തുടർച്ചയായി കുർബാന അർപ്പിച്ചത് ഗുരുതരമായ തെറ്റാണ്. സഭാനിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.”അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ”ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ബസിലിക്ക അടച്ചിട്ടതും ബലിപീഠമുൾപ്പെടെ തകർത്തതും വേദനാജനകമാണെന്നും ആൻഡ്രൂസ് താഴത്തിനെ ഭരണച്ചുമതലയിൽ നിന്ന് നീക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അതിരൂപത സംരക്ഷണ സമിതി ഫാ.ജോസ് വൈലിക്കോടത്ത് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *