റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

December 2, 2022 - 8:08 am

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയിൽ നിന്ന് പിൻമാറാൻ സർക്കാരിനു കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .സമരസമിതി ഉന്നയിച്ച ഏഴ്‌ ആവശ്യങ്ങളിൽ പദ്ധതി നിർത്തിവയ്ക്കണമെന്നത് ഒഴികെ ആറു നിർദേശങ്ങളും സർക്കാർ അംഗീകരിച്ചു. സർക്കാരിന് ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ല. നാടിന്റെ മുന്നോട്ടുളള പോക്കിനെ തടയാനുള്ള നീക്കമാണിത്. എതിർപ്പുകാർ ഏതുവേഷത്തിൽ വന്നാലും അത് അംഗീകരിച്ചുകൊടുക്കാൻ കഴിയില്ല. ഒന്നുകൊണ്ടും സർക്കാരിനെ വിരട്ടാമെന്നു കരുതേണ്ട. നാലു തെറിയൊക്കെ വിളിച്ചുപറയാൻ പറ്റുമായിരിക്കും. അതൊക്കെ ചിലർ വിളിച്ചുപറയുന്നുണ്ട്. ചിലർക്കെതിരേ അത്തരം പ്രയോഗങ്ങൾ നടത്തുന്നുണ്ട്. അതൊക്കെ സമൂഹം വിലയിരുത്തുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. അനെർട്ടിന്റെ ഹരിത ഊർജ വരുമാന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമരസമിതി എന്താണ് ഉദ്ദേശിക്കുന്നത്. എങ്ങോട്ടാണ്, ഏതെല്ലാം മാനങ്ങളിലേക്കാണ് സമരം വഴിമാറ്റാൻ ശ്രമിക്കുന്നത്. മന്ത്രിയുടെ പേര് അബ്ദുറഹിമാൻ എന്നായിപ്പോയി, ആ പേരിൽത്തന്നെ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്നുപറയാൻ ഒരാൾക്ക് കഴിയുന്നുവെന്ന് വന്നാൽ, എന്താണ് അതിന്റെ അർഥം? എങ്ങോട്ടാണ് പോകുന്നത്. എന്താണ് ഇളക്കിവിടാൻ തോന്നുന്ന വികാരം. നാടിന്റെ പൊതുവായ വികസനകാര്യങ്ങളിൽ എല്ലാരീതിയിലും തടസ്സം ഉണ്ടാക്കുന്ന ഒട്ടേറെ നിക്ഷിപ്ത ശക്തികളുണ്ട്. എല്ലാക്കാലത്തും അതുണ്ടായിട്ടുണ്ട്. ഇവരെല്ലാം ഒത്തുകൂടി ഒരു വലിയ ഗൂഢാലോചനയുമായി രംഗത്തുവരുകയാണ്.

ഇത് സർക്കാരിനെതിരേയുള്ള പ്രക്ഷോഭമായി തെറ്റിദ്ധരിക്കേണ്ട. നാടിന്റെ മുന്നോട്ടുപോക്കിനെ തടയാൻ നോക്കുകയാണ്. നാടിന്റെ ശാന്തിയും സമാധാനവും ഇല്ലാതാക്കാനുള്ള ശ്രമാണ്. വ്യാപകമായ അക്രമങ്ങൾ ഉണ്ടാക്കുന്നു. ഇക്കൂട്ടർ പോലീസിനു നേരേ നടത്തിയ അക്രമം എല്ലാവരും കണ്ടതാണ്. ഭീകരമായ മർദനമാണ് പോലീസിനെതിരേ നടത്തിയത്. എന്തായിരുന്നു പ്രകോപനം. നേരത്തെ പറഞ്ഞശേഷം പോലീസ് സ്‌റ്റേഷൻ ആക്രമിക്കുന്നു. ഇതൊന്നും കേരളത്തിൽ നടക്കില്ലെന്ന് നാം കരുതുന്ന കാര്യങ്ങളാണ്. സമാധാനയോഗത്തിൽ എല്ലാവരും അക്രമത്തെ അപലപിച്ചു. എന്നാൽ, ഇനി അക്രമം ഉണ്ടാകില്ലെന്ന് സമരസമിതിക്കാർ സമാധാനയോഗത്തിൽ പറഞ്ഞോ? എന്താണ് യോഗം നൽകുന്ന സന്ദേശം- മുഖ്യമന്ത്രി ചോദിച്ചു.

.വിഴിഞ്ഞം പദ്ധതി വന്നത് യു.ഡി.എഫിന്റെ കാലത്താണ്. യു.ഡി.എഫുമായി പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടാകും എന്നുവച്ച് അവർ കൊണ്ടുവന്ന പദ്ധതി വേണ്ടെന്നുവച്ചാൽ സംസ്ഥാനത്തിന്റെ വിശ്വാസ്യത തകരും. ഈ പദ്ധതിയുടെ കാര്യത്തിലും ചില തർക്കങ്ങളുണ്ടായിരുന്നു എന്നുവച്ച് ഭരണം മാറുമ്പോൾ പദ്ധതിയിൽനിന്നു പിൻമാറുന്നതു ശരിയല്ല. ഇക്കാര്യം സമരസമിതിയോടു വ്യക്തമാക്കിയിരുന്നു. ആലോചിച്ച് മറുപടി പറയാമെന്നു പറഞ്ഞുപോയവരാണ് ഇപ്പോൾ അക്രമം നടത്തുന്നത്- മുഖ്യമന്ത്രി കുറ്റപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *