റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഓസ്‌ട്രേലിയന്‍ യുവതിയെ കൊന്നത് നായ കുരച്ചതില്‍ പ്രകോപിതനായി

November 28, 2022 - 12:28 pm

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയത് നായ കുരച്ചതില്‍ പ്രകോപിതനായെന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ വംശജന്‍ രജ്‌വീന്ദര്‍ സിങ്.
2018-ല്‍ ക്വീന്‍സ്‌ലാന്‍ഡില്‍വച്ചാണ് ഓസ്‌ട്രേലിയക്കാരി ടോയ കോര്‍ഡിങ്‌ലിയെ രജ്‌വീന്ദര്‍ സിങ്(39) കൊലപ്പെടുത്തിയത്. ഇതിനുശേഷം നാടുവിട്ട ഇയാള്‍ ഇന്ത്യയിലെത്തിയതായി വിവരം ലഭിച്ചെങ്കിലും പിടികൂടാനായിരുന്നില്ല.

ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ക്വീന്‍സ്‌ലാന്‍ഡ് പോലീസ് 10 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍(ഏകദേശം 5.5 കോടി രൂപ) ഇനാം പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ജി.ടി. കര്‍ണാള്‍ റോഡിനു സമീപത്തുനിന്ന് ഡല്‍ഹി പോലീസ് സ്‌പെഷല്‍ സെല്‍ രജ്‌വീന്ദറിനെ പിടികൂടിയത്. ക്വീന്‍സ് ലാന്‍ഡിലെ വാന്‍ഗെട്ടി ബീച്ചില്‍വച്ചാണ് 24 വയസുകാരിയായ ടോയയെ രജ്‌വീന്ദര്‍ കൊലപ്പെടുത്തിയത്.

ഭാര്യയുമായി വഴക്കിട്ടശേഷമാണ് താന്‍ ബീച്ചിലെത്തിയതെന്ന് രജ്‌വീന്ദര്‍ മൊഴി നല്‍കി. പഴങ്ങളും വീട്ടില്‍ ഉപയോഗിച്ചിരുന്നു കത്തിയും കൈയില്‍ കരുതിയിരുന്നു. ഈ സമയം, ഫാര്‍മസി ജീവനക്കാരിയായ ടോയ തന്റെ തന്റെ നായയ്‌ക്കൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. നായ നോക്കി നിര്‍ത്താതെ കുരച്ചത് രജ്‌വീന്ദറിനെ പ്രകോപിതനാക്കി. ഇതോടെ ഇരുവരും വാക്കേറ്റം നടത്തുകയും രജ്‌വീന്ദര്‍ ടോയയെ ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം യുവതിയുടെ മൃതദേഹം പ്രതി മണലില്‍ കുഴിച്ചിട്ടു. നായയെ സമീപത്തെ മരത്തിലും കെട്ടിയിട്ടു. തുടര്‍ന്ന് ജോലി രാജിവച്ച രജ്‌വിന്ദര്‍, രണ്ടു ദിവസത്തിനുശേഷം ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ച് ഓസ്‌ട്രേലിയയില്‍നിന്നു രക്ഷപ്പെടുകയായിരുന്നു.

രജ്‌വീന്ദറിനെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കിയതിനെത്തുടര്‍ന്ന് നവംബര്‍ 21-ന് പട്യാല ഹൗസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇന്ത്യയിലെ ഇന്റര്‍പോളിന്റെ നോഡല്‍ ഏജന്‍സിയായ സി.ബി.ഐയും ഓസ്‌ട്രേലിയന്‍ പോലീസും പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *