കോഴിക്കോട്: നഗരത്തില്‍ മാവൂര്‍ റോഡിലെ വ്യാപര സമുച്ചയത്തില്‍ തീപിടുത്തം. മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡിനു സമീപം ചെമ്മണൂര്‍ ജുവലേഴ്സിന് അടുത്തായി പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ അടിയിലുള്ള സറാറ പ്ലാസ എന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്.ഇവിടെ പ്രവര്‍ത്തിക്കുന്ന ജാസിര്‍ അറയ്ക്കല്‍ എന്നയാളുടെ ഒറിജിന്‍ മൊബെല്‍സ് കടയാണ് പൂര്‍ണമായും കത്തിനശിച്ചത്.
തലശേരി സ്വദേശിയായ ഷറഫുദ്ദീന്‍ എന്നയാളുടെ ഉടമസ്ഥതയിലാണ് കെട്ടിടം. പുക ഉയരുന്നതു കണ്ട സുരക്ഷാ ജീവനക്കാരാണ് വിവരം ഫയര്‍ഫോഴ്സിനെ അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.സമീപത്തെ രണ്ട് കടകളിലേക്കും തീപടര്‍ന്നെങ്കിലും കാര്യമായ നാശനഷ്ടങ്ങളില്ല. റിപ്പയറിങ്ങിനായി എത്തിച്ച മൊബൈലുകളും ആക്സസറീസുമാണ് കടയില്‍ലുണ്ടായിരുന്നത്.
നാലരലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. മുന്‍പും ഈ കെട്ടിടത്തിലെ കടകളില്‍ തീപിടിത്തമുണ്ടായിരുന്നു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ ആയതിനാല്‍ തന്നെ തീ നിയന്ത്രണവിധേയമാക്കുന്നതിനും ഏറെ സമയമെടുത്തു. ഓക്സിജന്‍ അടക്കമുള്ള സുരക്ഷാ സന്നാഹങ്ങളാണുമായിട്ടാണ് ഫയര്‍ഫോഴ്സ് അധികൃതര്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, ബീച്ച് ഫയര്‍ സ്റ്റേഷനുകളില്‍ നിന്നായി ഏഴ് യൂണിറ്റ് ഫയര്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.



