റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മലബാര്‍ എക്സ്പ്രസിലെ കവര്‍ച്ച; പ്രതി പിടിയില്‍

November 11, 2022 - 11:49 am

കാസര്‍ഗോഡ്: മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും പണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ പ്രതിയെ കാസര്‍ഗോഡ് റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് തൂത്തുക്കുടി തിരുന്നല്‍വേലിയിലെ ജെ. ജേക്കബിനെയാണ്(47) കാസര്‍ഗോഡ് റെയില്‍വേ പോലീസ് എ.എസ്.ഐ. പ്രകാശന്‍, സിവില്‍ പോലീസ് ഓഫീസര്‍ അജയന്‍, ഡ്രൈവര്‍ പ്രദീപ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ട്രാഫിക് എ.എസ്.ഐ. വിനോദ്, ട്രാഫിക്‌ ്രൈഡവര്‍ ദാസ് എന്നിവരുടെ സഹായവും റെയില്‍വേ പോലീസിനു ലഭിച്ചിരുന്നു. എറണാകുളം സ്വദേശിനിയും പയ്യന്നൂര്‍ മണിയറയില്‍ താമസക്കാരിയുമായ ജെ. പൂര്‍ണശ്രീയുടെ സ്വര്‍ണവും പണവും ഐഫോണും കവര്‍ന്നെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. എറണാകുളത്തെ സ്വന്തം വീട്ടില്‍നിന്നു മണിയറയിലെ ഭര്‍ത്താവിന്റെ വീട്ടിലേക്കു ട്രെയിനില്‍ വരുമ്പോള്‍ കോഴിക്കോടിനും തലശേരിക്കുമിടയിലാണു കവര്‍ച്ച നടന്നതെന്നാണു പരാതി.

വസ്ത്രങ്ങളും മറ്റും അടങ്ങുന്ന വലിയ ബാഗിനുള്ളിലാണ് വാനിറ്റി ബാഗ് വച്ചിരുന്നതെന്നും ബെര്‍ത്തില്‍ സൂക്ഷിച്ച ബാഗില്‍ നിന്ന് വാനിറ്റി ബാഗ് എടുത്തശേഷം കുഞ്ഞിന്റെ ഒരു മാല, അരഞ്ഞാണം, ബ്രേസ്ലെറ്റ് എന്നിവയടക്കം മൂന്നര പവന്റെ സ്വര്‍ണവും ഫോണും പണവും എടുത്ത് വാനിറ്റി ബാഗ് സീറ്റിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ക്രെഡിറ്റ് കാര്‍ഡും എ.ടി.എം. കാര്‍ഡും വാനിറ്റി ബാഗില്‍ തന്നെ ഉണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. ട്രെയിന്‍ കണ്ണൂരിലെത്തിയപ്പോള്‍ തന്നെ റെയില്‍വേ പോലീസിനു പരാതി നല്‍കി. കേസെടുത്ത പോലീസ് ഉടന്‍ പ്രതിക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കാസര്‍ഗോഡ് റെയില്‍വേ പോലീസിനും വിവരം നല്‍കി.

കവര്‍ച്ച ചെയ്ത ഐഫോണ്‍ സ്വിച്ച്ഓഫ് ചെയ്യാത്തതിനാല്‍ സൈബര്‍ സെല്ലിനെ വിവരമറിയിച്ച് ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ കാസര്‍ഗോഡ് ഭാഗത്ത് ഫോണ്‍ ഉള്ളതായി വിവരം ലഭിച്ചു. ഫോണ്‍ ലൊക്കേഷന്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്നും മൊഗ്രാല്‍പുത്തൂര്‍ ഭാഗത്തേക്കു നീങ്ങുന്നതായും മനസിലായി. ഒപ്പം മോഷ്ടാവ് ബസ് യാത്രയിലാണെന്ന സൂചനയും ലഭിച്ചു. ട്രാഫിക് പോലീസിന്റെ സഹായത്തോടെ രാവിലെ 10.30 മണിയോടെ ബസ് തടഞ്ഞ് മോഷ്ടാവിനെ തൊണ്ടിമുതല്‍ സഹിതം പിടികൂടുകയായിരുന്നു. പ്രതിയെ കണ്ണൂര്‍ റെയില്‍വേ പോലീസിനു കൈമാറിയതായി കാസര്‍ഗോഡ് റെയില്‍വേ എ.എസ്.ഐ. പ്രകാശന്‍ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *