മലപ്പുറം: ഇരുമ്പുഴി വടക്കുമുറിയിലെ പാറമടയിലെ വെള്ളക്കെട്ടില്‍ സൃഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പ്ലസ്ടു വിദ്യാര്‍ഥി മുങ്ങിമരിച്ചു. വടക്കുമുറി ബ്രാഞ്ച് മഅ്ദിന്‍ ദ-അവ കോളജിലെ പ്ലസ്ടു വിദ്യാര്‍ഥിയായ കോട്ടക്കല്‍ പൂവന്‍ചിനയിലെ കോട്ടയില്‍ കുഞ്ഞാലിയുടെ മകന്‍ കെ. നാദിസ് അലി(19)യാണ് മരിച്ചത്. വടക്കുമുറി ബ്രാഞ്ച് ജുമാമസ്ജിദിന്റെ സമീപത്തു പ്രവര്‍ത്തനം നിര്‍ത്തിയ 10 സെന്റ് ഓളം സ്ഥലത്തുവ്യാപിച്ചുകിടക്കുന്ന 30 അടിയോളം വെള്ളം നിറഞ്ഞ പാറമടയിലാണു വിദ്യാര്‍ഥി മുങ്ങിമരിച്ചത്. പഠനം നടത്തുന്ന കോളജിനു സമീപത്തുതന്നെയാണ് ക്വാറി സ്ഥിതി ചെയ്യുന്നത്. നാദിസ് അലിയും രണ്ടു സുഹൃത്തുക്കളും കുളിക്കുന്നതിനിടയില്‍ നാദിസ് അലി അപകടത്തില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.
സംഭവമറിഞ്ഞ ഉടന്‍ മഞ്ചേരി അഗ്‌നിരക്ഷാനിലയത്തില്‍ നിന്നു റെസ്‌ക്യൂ ടീം എത്തി. റബര്‍ ഡിങ്കിയില്‍ മുങ്ങല്‍വിദഗ്ധര്‍ പാറമടയില്‍ ഇറങ്ങി തെരച്ചില്‍ നടത്തി. ഇതിനിടെ ജി.ആര്‍.എസ്.ആര്‍.എഫ്. സൈനുല്‍ ഹബീബ് ആഴത്തില്‍നിന്ന് കുട്ടിയെ മുങ്ങിയെടുക്കുകയായിരുന്നു. കൂടെയുള്ളവരുടെ സഹായത്തോടെ കുട്ടിയെ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കി മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മഞ്ചേരി അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരായ അബ്ദുള്‍കരീം, എസ്.എഫ്.ആര്‍.ഒ മനോജ്, ജി.ആര്‍.എസ്.എഫ്.ആര്‍.ഒ (എം) സൈനുല്‍ ഹബീബ്, സജീഷ്, ജംഷാദ്, ഫിറോസ്, കൃഷ്ണകുമാര്‍, മനേഷ്, പ്രജിത്ത്, അബൂബക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘം തെരച്ചില്‍ നടത്തിയത്.




