റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി മേഖലാ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് നിർവഹിച്ചു

ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി(ടിസിഎസ്) സഹകരിച്ച് നടപ്പിലാക്കുന്ന ഗോ ഐ.ടി ഡിജിറ്റല്‍ നൈപുണ്യ വികസന പദ്ധതിയുടെ കൊച്ചി മേഖലാ ഉദ്ഘാടനം പൂതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് നിർവഹിച്ചു. 

വിദ്യാലയങ്ങളിൽ പഠനത്തിനപ്പുറം മറ്റു മേഖലകളിലും കുട്ടികളുടെ അഭിരുചികൾ, സർഗാത്മകമായ ശേഷികൾ എന്നിവ മനസ്സിലാക്കാൻ സാധിക്കണമെന്ന്  ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് പറഞ്ഞു. കുട്ടികളുടെ കഴിവുകൾ കണ്ടെത്താൻ വിവിധ ക്ലബ്ബുകൾ വിദ്യാലയങ്ങളിലുണ്ട്. കുട്ടികളുടെ സർഗാത്മകത കണ്ടെത്തുകയും അത് വളർത്തിയെടുക്കുകയും ചെയ്യുന്നതിലൂടെ അവർ പോസിറ്റീവായി ചിന്തിക്കുകയും വരും തലമുറയ്ക്ക് വെളിച്ചം നൽകുകയും ചെയ്യും. ചിന്താഗതികൾ പോസിറ്റീവ് ആകുമ്പോൾ ഇന്നത്തെ സമൂഹത്തിൽ കണ്ടുവരുന്ന മയക്കുമരുന്ന് പോലുള്ള നെഗറ്റീവായ കാര്യങ്ങളിൽ നിന്ന് അവർ അകന്നു പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കുട്ടികളുടെ ശാസ്ത്ര സാങ്കേതിക പരിജ്ഞാനം, കമ്പ്യൂട്ടര്‍ പരിചയം, സാമൂഹിക പ്രതിബദ്ധത, പ്രശ്‌നപരിഹാര സമീപനം, സംരംഭകത്വം തുടങ്ങി സ്വയം പര്യാപ്തത നേടാന്‍ സഹായിക്കുന്ന പദ്ധതിയാണ് ഗോ ഐ.ടി. ക്ലാസ് മുറിക്ക് അപ്പുറം കുട്ടികളെ യഥാര്‍ത്ഥ ലോകത്തിലേക്കു കൊണ്ടുവരുന്നതു വഴി സമകാലിക വെല്ലുവിളികളെ നേരിടുവാനും ജീവിത നൈപുണികള്‍ കരസ്ഥമാക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി ആരംഭിക്കുന്നത്.‌ 

ടി.സി.എസ് സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗോ ഐ.ടി പദ്ധതിയില്‍  കമ്പനി ഉദ്യോഗസ്ഥര്‍ വിവിധ ക്ലാസുകള്‍ നയിക്കും. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ചുവടു പിടിച്ചാണു പദ്ധതി തയ്യാറാക്കത്. 5 മുതല്‍ 18 വയസു വരെയുള്ള കുട്ടികളെ ഉള്‍പ്പെടുത്തി 30 മണിക്കൂര്‍ നീണ്ട പാഠ്യപദ്ധതി 21-ാം നൂറ്റാണ്ടിലെ നൈപുണികള്‍ കുട്ടികളിലേക്ക് എത്തിക്കും. പൂത്തൃക്കയിൽ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ആപ്‌സ് ആണ് പരിപാടികള്‍ക്കു നേതൃത്വം നല്‍കുന്നത്.

പരിപാടിയിൽ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മിനി പി ജേക്കബ്,  ടി.സി.എസ്- സി.എസ്.ആര്‍ ഹെഡ് ലിജോ മണ്ണാര്‍പ്രായില്‍, വാർഡ് മെമ്പർ ടി വി രാജൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ ബിജു കെ ജോർജ്, ടിസിഎസ് വൈസ് പ്രസിഡന്റുമാരായ ദിനേശ് പി തമ്പി, കെ സുദീപ്, എസ് എം സി ചെയർമാൻ പി കെ ശ്രീകാന്ത്, ആപ്‌സ്  സെക്രട്ടറി ആൻഡ് പ്രോഗ്രാം കോർഡിനേറ്റർ ഡോ. പോള്‍ വി. മാത്യു, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ആൻസി ചെറിയാൽ,  പിടിഎ പ്രസിഡൻ്റ് പൂജ ജോമോൻ തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *