കൊച്ചി: എളംകുളത്ത് നേപ്പാളി യുവതി ഭഗീരഥി ധാമി(35) കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്ന, ഒപ്പം താമസിച്ചിരുന്ന റാം ബഹാദൂറിനെ (46) പിടികൂടാനാകാതെ പോലീസ്. ഇയാള്‍ നേപ്പാളിലേക്കു കടന്നിട്ടുണ്ടാകാമെന്നാണു കരുതുന്നത്.
മുംബൈയില്‍ ജോലി ചെയ്തിരുന്നപ്പോഴുണ്ടാക്കിയ വ്യാജ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇയാള്‍ കൊച്ചിയില്‍ വാടക വീടും സിം കാര്‍ഡും കരസ്ഥമാക്കിയത്. മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് അന്വേഷണസംഘത്തെ വലയ്ക്കുന്നത്. മഹാരാഷ്ട്രയില്‍ ഇയാളുടെ വിലാസം തേടിയെങ്കിലും അതും വ്യാജമാണെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാള്‍ പത്തുവര്‍ഷമായി കൊച്ചിയിലാണു താമസം. വിഗ് ബിസിനസാണ് ചെയ്തിരുന്നത്.
ഭഗീരഥി ധാമി ലക്ഷ്മിയെന്ന വ്യാജപ്പേരിലാണ് കഴിഞ്ഞ മൂന്നുവര്‍ഷമായി കൊച്ചിയില്‍ റാം ബഹാദൂറിനൊപ്പം കഴിഞ്ഞിരുന്നത്. ഇതേക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഭഗീരഥിയും റാം ബഹാദൂറും ദമ്പതികളല്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു.



