മൂന്നാര്‍: മൂന്നാറില്‍ വനം വകുപ്പിന്റെ കെണിയിലകപ്പെട്ട കടുവയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടു. മൂന്നാറില്‍നിന്നു പ്രത്യേക ട്രാക്ടറില്‍ എത്തിച്ച കടുവയെ ഇന്നലെ രാവിലെ ഏഴോടെയാണു വനത്തില്‍ തുറന്നുവിട്ടത്.
വിദഗ്ധ സമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് കടുവയെ പെരിയാര്‍ വനത്തില്‍ തുറന്നുവിട്ടത്. പെരിയാറിലെ സാഹചര്യം കടുവയ്ക്ക് അനുകൂലമാണെന്ന വിലയിരുത്തലിലാണ് തീരുമാനം. കടുവയുടെ സാന്നിധ്യം കുറവുള്ളതും അതേസമയം ഇരകള്‍ കൂടുതലുള്ളതുമായ സാഹചര്യമാണ് അനുയോജ്യമാവുകയെന്ന് വെറ്ററിനറി സര്‍ജന്‍ ഡോ. പി.എസ്. അരുണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം വിലയിരുത്തിയിരുന്നു.
തിമിരം ബാധിച്ച ഇടതു കണ്ണിന് പ്രാഥമിക ചികിത്സയും നല്‍കി. കടുവ വീണ്ടും ജനവാസ മേഖലകളില്‍ ഇറങ്ങുന്നുണ്ടോയെന്നു നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കടുവയുടെ ശരീരഭാഗത്ത് ഘടിപ്പിച്ചിട്ടുള്ള റേഡിയോ കോളര്‍ വഴിയാണ് ഇത് സാധ്യമാകുന്നത്. മൂന്നാര്‍ ഡി.എഫ്.ഒ: വി. വിനോദ്, ദേവികുളം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ അരുണ്‍ മഹാരാജാ എന്നിവരടങ്ങുന്ന സംഘമാണ് കടുവയെ പെരിയാറില്‍ എത്തിക്കാന്‍ നേതൃത്വം നല്‍കിയത്.
കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളിലായി പത്തു പശുക്കളെ കൊല്ലുകയും ഒരു പശുവിനെ പരുക്കേല്‍പ്പിക്കുകയും ചെയ്ത കടുവയെ പിടികൂടണമെന്ന ആവശ്യം ശക്തമായതോടെയാണ് വനം വകുപ്പ് നയമക്കാട് എസ്‌േറ്ററ്റില്‍ കൂട് സ്ഥാപിച്ചത്.



