മുംബൈ: കോണ്‍ഗ്രസുമായുള്ള ഭിന്നത 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ മാറ്റിവയ്ക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തയാറാണെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍. ബി.ജെ.പി – വിരുദ്ധ കൂട്ടായ്മയ്ക്കായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജി കോണ്‍ഗ്രസുമായി ചേര്‍ന്നുപോകുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല എന്നിവരും താനും മറ്റു ചില സംസ്ഥാനങ്ങളിലെ നേതാക്കന്മാര്‍ക്കും ബി.ജെ.പിക്ക് എതിരെ കോണ്‍ഗ്രസുമായി ചേരുന്നതില്‍ വിരോധം ഉള്ളവരല്ല. ഇതേ അഭിപ്രായം തന്നെയാണ് മമതാ ബാനര്‍ജി ഇക്കാര്യം സ്വകാര്യസംഭാഷണത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യത്തില്‍ മത്സരിച്ച് ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാഹചര്യം ഒരുക്കിക്കൊടുത്തുവെന്ന പരാതി മമതയ്ക്കുണ്ട്. അതു ക്ഷമിക്കാന്‍ അവര്‍ തയാറാണെന്നു പവാര്‍ പറഞ്ഞു.
പവാറിന്റെ പ്രസ്താവനയെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് സ്വാഗതം ചെയ്തു. പവാര്‍ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ക്കു പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.