കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പാറപ്പുറത്തെയും പെരുമ്പാവൂർ നഗരസഭയിലെ വല്ലംകടവിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ നിർമ്മിക്കുന്ന പാറപ്പുറം-വല്ലം കടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
പെരുമ്പാവൂർ – ആലുവ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലം ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്ന് നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് എത്തുന്നവർക്ക് എളുപ്പവഴിയായി മാറും.
288 മീറ്റർ നീളവും രണ്ടു വശങ്ങളിലും നടപ്പാതയോടും കൂടി 14 മീറ്റർ വീതിയിലാണ് പാലം. 16 ഗർഡറുകളാണ് പാലത്തിനുള്ളത്. ഇതിൽ 13 ഗർഡറുകളുടെ നിർമ്മാണം പൂർത്തിയായി. കൈവരി, സ്ലാബ് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പാലത്തിന്റെ രണ്ടു വശങ്ങളിലെയും അനുബന്ധ റോഡുകൾക്കായുള്ള സ്ഥലമേറ്റെടുപ്പ് പൂർത്തിയായി. റോഡ് നിർമ്മാണത്തിന്റെ പ്രാരംഭ നടപടികളും ആരംഭിച്ചു. മാർച്ച് മാസത്തോടെ നിർമാണം പൂർത്തിയാക്കുന്ന രീതിയിൽ ദ്രുതഗതിയിലാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
23 കോടി രൂപ സാങ്കേതിക അനുമതിയോടെ 2016 ൽ ആരംഭിച്ച പാലത്തിന്റെ നിർമ്മാണം പ്രളയവും, ആദ്യം കരാർ ഏറ്റെടുത്ത കമ്പനി പിന്മാറിയതും മൂലം മന്ദഗതിയിലായിരുന്നു. പിന്നീട് അൻവർ സാദത്ത് എംഎൽഎ അറിയിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ട് വീണ്ടും ടെൻഡർ വിളിച്ചാണ് പുനരാരംഭിച്ചത്.
നിർമ്മാണം പൂർത്തിയാകുന്നതോടെ പാറപ്പുറം-വല്ലം കടവ് പാലം കാലടി ശ്രീശങ്കര പാലത്തിനും എം.സി.റോഡിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് നേരിടുന്ന കാലടി ടൗണിനും ബൈ പാസായി പ്രവർത്തിക്കും. മറ്റ് ജില്ലകളിൽ നിന്നും എം സി റോഡ് വഴി നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് എത്തുന്നവർക്ക് കാലടി ടൗൺ ഒഴിവാക്കി എയർപോർട്ടിലും എത്തിച്ചേരാം. പുതിയ പാലം വരുന്നതോടെ കാഞ്ഞൂരിൽ നിന്ന് പെരുമ്പാവൂരിലെത്താൻ 6 കിലോമീറ്ററോളം ലാഭിക്കാം. ഇത് കാർഷിക ഉൽപന്നങ്ങൾ വിപണിയിലേക്ക് എളുപ്പത്തിൽ കൊണ്ടുപോകാൻ സഹായകമാകും. പെരിയാറിന്റെ ഇരുകരകളിലുമുള്ള സെന്റ് മേരീസ് പള്ളി കാഞ്ഞൂർ, പുതിയേടം ക്ഷേത്രം, തിരുവൈരാണികുളം ക്ഷേത്രം, ചേലാമറ്റം ക്ഷേത്രം തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. കാഞ്ഞൂർ പാറപ്പുറം പ്രദേശങ്ങളിലെ വികസനത്തിനും പാലം വഴിയൊരുക്കും.

