വട്ടവടയിൽ ഉരുൾപൊട്ടൽ; ആളപായമില്ല, പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയിൽ

മൂന്നാര്‍: വട്ടവട പഴത്തോട്ടം മേഖലയ്ക്ക് ഇടയില്‍ വലിയ ഉരുള്‍പൊട്ടലുണ്ടായി. മരങ്ങളും വലിയ പാറക്കല്ലുകളും അടക്കമുള്ളവ റോഡില്‍ പതിച്ച് പഴത്തോട്ടം മേഖല ഒറ്റപ്പെട്ട അവസ്ഥയാണ്. ഇതുവഴിയുള്ള ഗാതഗതം ജില്ലാഭരണകൂടം നിരോധനം എര്‍പ്പെടുത്തിയിട്ടുണ്ട്.

ഉരുള്‍പ്പൊട്ടിയ ഭാഗത്ത്കുടി ശക്തമായി വെള്ളം ഒഴുകി വന്നതിനാല്‍ ഇതുവഴിയുള്ള ഗാതഗതം പുനസ്ഥാപിക്കാന്‍ വൈകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ഈ മേഖലയില്‍ ആള്‍ താമസമില്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. കഴിഞ്ഞ ദിവസവും വട്ടവട മേഖലയില്‍ കൃഷി ഭൂമിയടക്കം ഇടിഞ്ഞ് താണിരുന്നു.

ഇടുക്കിവെള്ളത്തൂവല്‍ ശല്യാംപാറ പണ്ടാരപ്പടിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇവിടെയും ആളപായമില്ല. ഒരു വീട് ഭാഗികമായി തകര്‍ന്നു. വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന ബൈക്ക് മണ്ണിനടിയിലായി. അര്‍ധരാത്രിയോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തടസ്സപ്പെട്ട വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.

സംസ്ഥാനത്ത് വീണ്ടും മഴ ഭീഷണി ഉയര്‍ത്തി തീവ്ര ന്യൂനമര്‍ദ്ദ സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ മഴ ശക്തിപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. 2022 ഓഗസ്റ്റ് 12 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇത് പ്രകാരം 09/08/22 ചൊവ്വാഴ്ച 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് 09/08/22 ചൊവ്വാഴ്ച യെല്ലോ അലര്‍ട്ടുള്ളത്.

Share
അഭിപ്രായം എഴുതാം