റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവാദമായ വൈദ്യുതി ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു

August 9, 2022 - 12:16 pm

ന്യൂഡല്‍ഹി: വിവാദമായ വൈദ്യുതി ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷ എതിര്‍പ്പിനിടെ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടു.കേന്ദ്ര ഊര്‍ജമന്ത്രി ആര്‍.കെ. സിങ്ങാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരണത്തെ എതിര്‍ത്ത പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യം ഉന്നയിച്ചതോടെയാണ് പരിശോധനയ്ക്കായി സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ സന്നദ്ധമാണെന്ന് സിങ് അറിയിച്ചത്.

വൈദ്യുതി മേഖലയിലെ നിര്‍വഹണ സംവിധാനം മെച്ചപ്പെടുത്താനും തര്‍ക്കപരിഹാരത്തിനും മൂലധനനിക്ഷേപത്തിനും 2003-ലെ നിയമത്തില്‍ ഭേദഗതി അനിവാര്യമാണെന്ന് ബില്‍ അവതരിപ്പിച്ച് സിങ് ചൂണ്ടിക്കാട്ടി.വൈദ്യുതി വിതരണരംഗം മത്സരാധിഷ്ഠിതമാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും ഉപയോക്താക്കള്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും ബില്‍ ലക്ഷ്യമിടുന്നു. വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി പലവട്ടം കൂടിയാലോചിച്ചാണ് ബില്ലിനു രൂപം നല്‍കിയത്. കര്‍ഷകരടക്കം അര്‍ഹരായവര്‍ക്കു സബ്സിഡി തുടര്‍ന്നും ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍, വേണ്ടത്ര ചര്‍ച്ചകള്‍ കൂടാതെയാണു ഭേദഗതിബില്‍ അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സ്വകാര്യ മേഖലയുടെ പോക്കറ്റ് നിറയ്ക്കാന്‍ മാത്രം ലക്ഷ്യംവയ്ക്കുന്ന ജനദ്രോഹബില്ലാണിത്. ഇതു സംസ്ഥാന സര്‍ക്കാരുകളെയും റെഗുലേറ്ററി കമ്മിഷനുകളെയും നോക്കുകുത്തിയാക്കും. വൈദ്യുതി വിതരണ രംഗത്തു സംസ്ഥാന സര്‍ക്കാരുകളുടെ അധികാരത്തിന്‍മേലുള്ള കടന്നുകയറ്റത്തിന് വഴിവയ്ക്കുന്ന ഭേദഗതിക്കാണ് കേന്ദ്രം തയാറെടുക്കുന്നത്. ഫെഡറല്‍ സംവിധാനത്തിന്റെ അന്തഃസത്ത ചോദ്യം ചെയ്യുന്ന കേന്ദ്രനടപടികളില്‍ ഒടുവിലത്തേതാണിതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ബില്‍ അവതരണത്തിന്‍മേല്‍ വോട്ടിങ് ആവശ്യമുന്നയിച്ചതോടെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടാന്‍ തയാറാണെന്ന് ഊര്‍ജമന്ത്രി അറിയിക്കുകയായിരുന്നു.

ബില്‍ പാസാകുന്ന പക്ഷം വൈദ്യുതി വിതരണ രംഗത്തെ സംസ്ഥാന ബോര്‍ഡുകളുടെ കുത്തക അവസാനിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈദ്യുതി വാങ്ങല്‍, വില്‍ക്കല്‍ മേഖലയില്‍ സ്വകാര്യകമ്പനികളുടെ കടന്നുവരവിനും വഴിവയ്ക്കും. സേവനദാതാവിനെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉപയോക്താവിനു കൈവരുമെന്നും കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍, വൈദ്യുതി വിതരണരംഗം സ്വകാര്യ മേഖലയ്ക്കു തീറെഴുതുന്നതോടെ സാധാരണ ഉപയോക്താവിന്റെ കാര്യം കഷ്ടത്തിലാകുമെന്ന് പ്രതിപക്ഷവും വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി ബോര്‍ഡ് തൊഴിലാളി യൂണിയനുകളും വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *