ലണ്ടന്‍: അടുത്തയാഴ്ച തുടങ്ങുന്ന വിമ്പിള്‍ഡണ്‍ ടെന്നീസ് ഗ്രാന്‍സ്ലാമില്‍ തിരച്ചു വരിനൊരുങ്ങി മുന്‍ വനിതാ ലോക ഒന്നാം നമ്പര്‍ സെറീന വില്യംസ്. കോര്‍ട്ടില്‍നിന്ന് ഒരു വര്‍ഷം വിട്ടു നിന്ന സെറീന 1,204-ാം റാങ്കുകാരിയായാണ് വിമ്പിള്‍ഡണില്‍ കളിക്കുന്നത്.ഇവിടെ ഏഴുവട്ടം ചാമ്പ്യനായ സെറീനയ്ക്ക് ഒരു തവണ കൂടി കിരീടം നേടിയാല്‍ 24 ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന റെക്കോഡിന് ഒപ്പമെത്താം. കഴിഞ്ഞ സീസണിലെ വിമ്പിള്‍ഡണ്‍ ഒന്നാം റൗണ്ട് മത്സരത്തിനിടെ പരുക്കേറ്റ പുറത്തായതാണ് സെറീന. അലിയാക്സാന്ദ്ര സാസ്നോവിച്ചിനെതിരായ മത്സരത്തിനിടെയാണ് താരത്തിനു പരുക്കേറ്റത്. സാസ്നോവിച്ചിനെതിരായ മത്സരം പൂര്‍ത്തിയാക്കണമെന്നാണ് സെറീനയുടെ മോഹം.
യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് റഷ്യ, ബെലാറസ് താരങ്ങള്‍ക്കു വിമ്പിള്‍ഡണ്‍ സംഘാടക സമിതി വിലക്കേര്‍പ്പെടുത്തിയതിനാല്‍ സാസ്നോവിച്ച് മത്സരിക്കുന്നില്ല. 2017 ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയാണ് സെറീന 23 ഗ്രാന്‍സ്ലാമുകളെന്ന നേട്ടം കൈവരിച്ചത്. 2018, 2019 സീസണുകളിലെ വിമ്പിള്‍ഡണ്‍, യു.എസ്. ഓപ്പണുകളില്‍ റണ്ണര്‍ അപ്പായി മടങ്ങി. മാര്‍ഗരറ്റ് കോര്‍ട്ടിന്റെ 24 ഗ്രാന്‍സ്ലാമുകളെന്ന റെക്കോഡിനൊപ്പമെത്താനുള്ള തീവ്ര ശ്രമത്തിലാണു സെറീന. 41-ാം വയസിലേക്കു കടക്കുന്ന സെറീന 1998 ല്‍ ആദ്യമായി വിമ്പിള്‍ഡണില്‍ കളിക്കുമ്പോള്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ ഇഗാ സ്വിയാടെക് ജനിച്ചിട്ടില്ലായിരുന്നു.
വിമ്പിള്‍ഡണ്‍ കിരീടം നിലനിര്‍ത്തുന്ന ആദ്യ വനിതയെന്ന നേട്ടം സെറീനയ്ക്കു സ്വന്തമാണ്. 2016 ലാണു സെറീന കിരീടം നിലനിര്‍ത്തിയത്. ആര്യാന സബാലങ്ക, ഡാരിയ കസാറ്റ്കിന, വിക്ടോറിയ അസാറങ്ക തുടങ്ങിയ താരങ്ങളുടെ അസാന്നിധ്യം സെറീനയുടെ സാധ്യതകള്‍ സജീവമാക്കി. ഈസ്റ്റ്ബോണ്‍ ഇന്റര്‍നാഷണല്‍ ഡബിള്‍സില്‍ ടുണീഷ്യയുടെ ഒന്‍സ് ജാബൂറിനൊപ്പം കളിച്ചാണ് സെറീന കളിക്കളത്തില്‍ തിരിച്ചെത്തിയത്. സ്പെയിന്റെ സാറാ സോറിബ്സ് – ചെക്ക് റിപ്പബ്ലിക്കിന്റെ മാരി ബുസോക സഖ്യത്തെ അവര്‍ നേരിട്ടു. സെര്‍ബിയയുടെ നോവാക് ജോക്കോവിച്ചാണ് പുരുഷ വിഭാഗത്തിലെ ടോപ് സീഡ്. റഷ്യയുടെ ലോക ഒന്നാം നമ്പര്‍ ഡാനില്‍ മെദ്വദേവ്, രണ്ടാം റാങ്കുകാരന്‍ അലക്സാണ്ടര്‍ സ്വരേവ് എന്നിവര്‍ മത്സരിക്കാത്തതിനാലാണ് ജോക്കോ ടോപ് സീഡായത്.



