സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ടെന്ന് കെ റെയിൽ എം ഡി വി അജിത് കുമാർ

തിരുവനന്തപുരം: സിൽവർ ലൈൻ മരവിപ്പിക്കാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടില്ലെന്ന് കെ റയിൽ എം ഡി വി അജിത് കുമാർ. അതിരടയാള കല്ലുകൾ സ്ഥാപിച്ച സ്ഥലങ്ങളിൽ സാമൂഹിക ആഘാത പഠനം നടന്നുകൊണ്ടിരിക്കുന്നു. കല്ലുകൾ സ്ഥാപിക്കാത്ത സ്ഥലങ്ങളിൽ ജിയോടാഗ് സംവിധാനം ഉപയോഗിക്കുമെന്ന് കെ റെയിൽ. ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികൾക്ക് കേന്ദ്ര അനുമതിയുണ്ട്.

50 വർഷം കഴിയുമ്പോൾ സിൽവർ ലൈൻ കാരണം കടം ഉണ്ടാകില്ലെന്ന് കെ. റെയിൽ എംഡി. പദ്ധതിക്കായി എടുക്കുന്ന വായ്പയും, പലിശയും തിരിച്ചടയ്ക്കേണ്ടത് കെ റെയിൽ ആണ്.പണം നൽകാൻ കെ റെയിലിന് കഴിഞ്ഞില്ലെങ്കിൽ സർക്കാർ ബാധ്യത ഏറ്റെടുക്കുമെന്നാണ് വ്യവസ്ഥ.

23/06/22 ന് വൈകിട്ട് 4 മണി മുതൽ ആരംഭിച്ച ഓൺലൈൻ സംവാദത്തിൽ കെ റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിൽ കമന്റ് ആയി എത്തുന്ന സംശയങ്ങൾക്കാണ് കെ റെയിൽ മറുപടി നൽകിയത്.

കെ റെയിൽ മാനേജിങ് ഡയറക്ടർ വി അജിത് കുമാർ, സിസ്ട്ര പ്രോജക്ട് എം സ്വയംഭൂലിംഗം എന്നിവരാണ് ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകിയത്.

രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർലൈൻ പദ്ധതിയെ എൽഡിഎഫ് മുന്നോട്ടു വച്ചിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പോലും മുന്നിൽ വച്ച വികസന കാർഡിൽ ആദ്യത്തെത് സിൽവർലൈൻ ആയിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ സിൽവർ ലൈനിൽ കേന്ദ്രാനുമതിയെ കുറിച്ചുള്ള ചോദ്യങ്ങൾ പോലും പ്രസക്തമല്ല എന്ന തരത്തിലായിരുന്നു നിലപാടുകളും, സമീപനവും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര നിർദേശം ഉണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →