റുമേലി ധാര്‍ വിരമിച്ചു

കൊല്‍ക്കത്ത: ഇന്ത്യയുടെ വനിതാ ഓള്‍റൗണ്ടര്‍ റുമേലി ധാര്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിച്ചു. 38 -ാം വയസിലാണു ധാര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇന്ത്യക്കു വേണ്ടി നാല് ടെസ്റ്റുകളും 78 ഏകദിനങ്ങളും 18 ട്വന്റി20 കളും കളിച്ചു.2018 ല്‍ നടന്ന ത്രിരാഷ്ട്ര ട്വന്റി20 പരമ്പരയിലാണു ധാര്‍ അവസാനം കളിച്ചത്. കരിയറില്‍ ആകെ 84 വിക്കറ്റുകളും 1328 റണ്ണുമെടുത്തു. ഇന്ത്യ റണ്ണര്‍ അപ്പായ 2005 ലോകകപ്പിലും കളിച്ചു. 23 വര്‍ഷം നീണ്ട കരിയര്‍ അവസാനിപ്പിക്കാന്‍ സമയമായെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയാണു റുമേലി ധാര്‍ പ്രഖ്യാപിച്ചത്. ബംഗാള്‍, റെയില്‍വേസ്, എയര്‍ ഇന്ത്യ, ഡല്‍ഹി, രാജസ്ഥാന്‍, അസം തുടങ്ങിയവര്‍ക്കു വേണ്ടി കളിച്ചു. 2008 ല്‍ ഇംഗ്ലണ്ടിനെതിരേ ലിന്‍കോണിലാണു രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. നാല് ടെസ്റ്റുകളിലായി 39.53 ശരാശരിയില്‍ ഒരു അര്‍ധ സെഞ്ചുറിയടക്കം 236 റണ്ണെടുത്തു. എട്ട് വിക്കറ്റുകളും കുറിച്ചു. 78 ഏകദിനങ്ങളിലായി 19.61 ശരാശരിയില്‍ ആറ് അര്‍ധ സെഞ്ചുറികളടക്കം 961 റണ്ണെടുത്തു. 63 വിക്കറ്റുകളെടുക്കാന്‍ റുമേലി ധാറിനായി. 18 ട്വന്റി20 കളിലായി 18.71 ശരാശരിയില്‍ 131 റണ്ണെടുത്തു. 66 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. 13 വിക്കറ്റുകളും താരത്തിന്റെ പേരിലുണ്ട്.

Share
അഭിപ്രായം എഴുതാം