കോഴിക്കോട്: ബഫർ സോൺ വിഷയത്തിൽ കേരള സർക്കാർ കർഷകർക്കൊപ്പമെന്ന് കത്തോലിക്കാ സഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബഫർസോൺ സുപ്രീകോടതി വിധിയിൽ കർഷകർ ആശങ്കയിലാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചിച്ച കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ചൂണ്ടികാട്ടി. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇടപെട്ട് അനുകൂല നിലപാട് ഉണ്ടാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശ്നം പരിഹരിക്കാൻ സർക്കാർ ആത്മാർത്ഥമായി ഇടപെടണമെന്നും കർദ്ദിനാൾ ആവശ്യപ്പെട്ടു. മലബാറിലെ മാതൃ രൂപതയായ കോഴിക്കോട് രൂപതയുടെ സംഭാവനകളിൽ ഊന്നിയായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. പിന്നാലെ ബഫർ സോൺ വിഷയത്തിലെ സർക്കാർ നിലപാടും പിണറായി ഊന്നിപ്പറഞ്ഞു. കർഷകർക്കൊപ്പം എന്ന് പ്രഖ്യാപിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.
വിദ്യാഭ്യാസ രംഗത്തെ വികസനമാണ് കോഴിക്കോട് രൂപത മലബാറിന് നൽകിയ വലിയ സംഭാവനയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലമതിക്കാനാവാത്ത പങ്കാണ് രൂപതയുടേത്. മനുഷ്യരോടുള്ള കരുതൽ ഏറെ വേണ്ട കാലമാണിത്. സർക്കാർ കർഷകരുടെ ദുരിതങ്ങൾക്ക് അവസാനം വരുത്താനുള്ള നടപടികളിലാണ്. വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കാനും പരിസ്ഥിതി ലോല വിഷയത്തിലെ കോടതി വിധിയുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച നടപടികളും കർഷകരെ സഹായിക്കാൻ ആണെന്നും പിണറായി വിവരിച്ചു.
‘അതേസമയം മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയായിരുന്നു കോഴിക്കോട് ബിഷപ്പ് മാർ വർഗ്ഗീസ് ചക്കാലക്കലിന്റെ സ്വാഗത പ്രസംഗം. തീയിൽ കുരുത്തത് വെയിലത്ത് വാടില്ലെന്നായിരുന്നു ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലം വിശദീകരിച്ച് കോഴിക്കോട് ബിഷപ്പ്, പിണറായി വിജയനെ വിശേഷിപ്പിച്ചത്. കണ്ണൂരിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരത്ത് നിന്നുകൊണ്ട് വളർന്നുവന്ന ജ്വലിക്കുന്ന നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ചടങ്ങിൽ നിന്ന് ഡി സി സി പ്രസിഡണ്ട് അഡ്വക്കറ്റ് കെ പ്രവീൺ കുമാർ വിട്ടു നിന്നപ്പോൾ എം എൽ എ ടി. സിദ്ദീഖ് ചടങ്ങിനെത്തി. എം കെ രാഘവൻ എം പിയേയും ബി ജെ പി നേതാക്കളേയും ക്ഷണിച്ചിരുന്നെങ്കിലും അവരും ചടങ്ങിനെത്തിയില്ല. അതേസമയം വേദിക്ക് പുറത്ത് സി പി എം പ്രവർത്തർ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എത്തിയിരുന്നു




