തിരുവനന്തപുരം: സ്കൂളുകൾ കുട്ടികൾക്കുള്ള വാക്സിനേഷൻ കേന്ദ്രങ്ങളാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. വാക്സിൻ എടുക്കാത്ത കുട്ടികളുടെ കണക്കെടുക്കാൻ ക്ലാസ്സ് ടീച്ചേഴ്സിന് ചുമതല നൽകി. കുട്ടികളുടെ എണ്ണം അനുസരിച്ച് വാക്സിനേഷൻ കേന്ദ്രം ക്രമീകരിക്കും. സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ മന്ത്രി നിർദ്ദേശം നൽകി.
എല്ലാ കുട്ടികൾക്കും വാക്സിൻ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. സ്കൂൾ തുറന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും വാക്സിൻ എടുക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പുമായി ആലോചിച്ച് നടപ്പിലാക്കുന്നതാണ്. പകർച്ച വ്യാധികൾക്കെതിരെയും പ്രത്യേകിച്ച് നിപ്പാ വൈറസിനെതിരെയും, പേവിഷബാധയ്ക്കെതിരെയും ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കോവിഡ് കേസുകൾ ചെറുതായി ഉയർന്നെങ്കിലും ആശങ്കപ്പെടേണ്ടതില്ല. ഇപ്പോൾ ബാധിച്ചിരിക്കുന്നത് ഒമിക്രോൺ വകഭേദമാണ്. കോവിഡിന് ഒപ്പം ജീവിക്കുക എന്നതാണ് പ്രധാനം. എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കുക. രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ളവരും, പ്രിക്കോഷൻ ഡോസ് എടുക്കാനുള്ളവരും അത് എടുക്കേണ്ടതാണ്. ആരോഗ്യപ്രവർത്തകർ നിർബന്ധമായും പ്രിക്കോഷൻ ഡോസ് എടുക്കണം. സംസ്ഥാനത്തെ സ്ഥിതി വിലയിരുത്താൻ യോഗം ചേർന്ന് വളരെ ശക്തമായ ബോധവൽക്കരണം നടത്തണമെന്നും മന്ത്രി നിർദേശിച്ചു.