റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാര്‍ത്തി ചിദംബരത്തിന്റെ വീട്ടില്‍ സി.ബി.ഐ. റെയ്ഡ്

May 18, 2022 - 11:29 am

ന്യൂഡല്‍ഹി: കൈക്കൂലി ആരോപണങ്ങളെത്തുടര്‍ന്ന് കോണ്‍ഗ്രസ് എം.പി. കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും ഓഫീസുകളിലും സി.ബി.ഐ. റെയ്ഡ്. മുന്‍കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍കൂടിയായ കാര്‍ത്തിയുടെ ചെന്നൈ, മുംബൈ, ഒഡീഷ, ഡല്‍ഹി, തമിഴ്നാട്ടിലെ ശിവഗംഗ എന്നിവിടങ്ങളിലുള്ള ഓഫീസുകളിലാണ് സി.ബി.ഐ. റെയ്ഡ് നടത്തിയത്.2010-14 കാലഘട്ടത്തില്‍ പഞ്ചാബില്‍ ഊര്‍ജപദ്ധതിയുമായി ബന്ധപ്പെട്ട് 250 ചൈനീസ് പൗരന്മാര്‍ക്ക് വിസ സംഘടിപ്പിച്ചുകൊടുക്കാന്‍ 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തില്‍ കാര്‍ത്തിക്കെതിരേ സി.ബി.ഐ. പുതിയ കേസും രജിസ്റ്റര്‍ ചെയ്തു. ഡല്‍ഹിയിലെ ചിദംബരത്തിന്റെ 80 ലോധി എസ്റ്റേറ്റിലെ വീട്ടില്‍ ഇന്നലെ സി.ബി.ഐ. റെയ്ഡ് നടത്തി വീട്ടിലുണ്ടായിരുന്ന സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യുകയും ചില രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു.റെയ്ഡിനു പിന്നാലെ പരിഹാസവും വിമര്‍ശനവുമായി കാര്‍ത്തി രംഗത്ത് എത്തുകയും ചെയ്തു. ഇത് എത്രാമത്തെ തവണ ആണെന്നും തനിക്ക് എണ്ണം നഷ്ടപ്പെട്ടുവെന്നും ഇതിനൊക്കെ ഒരു കണക്കുണ്ടാകണമെന്നും കാര്‍ത്തി ട്വീറ്റ് ചെയ്തു.സി.ബി.ഐ. പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നു പി. ചിദംബരം അറിയിച്ചു. അന്വേഷണ സംഘം കാണിച്ച എഫ്.ഐ.ആറില്‍ താന്‍ പ്രതി സ്ഥാനത്തില്ലെന്നും ഔദ്യോഗിക വസതിയില്‍ നിന്നും ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും ചിദംബരം ട്വിറ്ററിലൂടെ വിശദീകരിച്ചു.

സി.ബി.ഐ. നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ചെന്നൈയിലെ റെയ്ഡ് വിവരം അറിഞ്ഞെത്തിയ ശ്രീപെരുമ്പത്തൂര്‍ എം.എല്‍.എ, തമിഴ്നാടിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, എന്നിവരടക്കമുള്ള നേതാക്കളെ വീടിനുള്ളില്‍ കടക്കാന്‍ സി.ബി.ഐ. സംഘം അനുവദിച്ചില്ല. നടക്കുന്നത് വേട്ടയാടലാണെന്നും അന്വേഷണ സംഘങ്ങളെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ജനാധിപത്യ ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ചിദംബരം ധനമന്ത്രിയായിരുന്നുപ്പോള്‍ ഐ.എന്‍.എക്സ് മീഡിയക്ക് 305 കോടി സ്വീകരിക്കാന്‍ വിദേശനിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ(എഫ്.ഐ.പി.ബി.) അനുമതി നല്‍കിയത് അടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുകയാണ് കാര്‍ത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *