ലഖ്നൗവിനെ രാഹുല്‍ കാത്തു

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ 168 റണ്‍ നേടി ലഖ്നൗ സൂപ്പര്‍ ജയന്റ്സ്.നായകനും ഓപ്പണറുമായ ലോകേഷ് രാഹുലിന്റെ 15-ാം സീസണിലെ രണ്ടാം സെഞ്ചുറിയാണു ലഖ്നൗവിലെ മികച്ച സ്‌കോറിലെത്തിച്ചത്. 62 പന്തുകളില്‍ നാല് സിക്സറും 12 ഫോറുമടക്കം 103 റണ്ണുമായി രാഹുല്‍ പുറത്താകാതെനിന്നു. ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ ലഖ്നൗവിനെ ബാറ്റിങ്ങിനു വിട്ടു.ഒന്‍പത് പന്തില്‍ ഒരു സിക്സറടക്കം 10 റണ്ണെടുത്ത ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ രോഹിതിന്റെ കൈയിലെത്തിച്ച് ജസ്പ്രീത് ബുംറ ലഖ്നൗവിനെ ഞെട്ടിച്ചു.മനീഷ് പാണ്ഡെയും (22 പന്തില്‍ ഒരു സിക്സറടക്കം 22) കിട്ടിയ അവസരം മുതലാക്കി. സ്‌കോര്‍ 85 ല്‍ നില്‍ക്കേ പാണ്ഡെയെ കെയ്റോണ്‍ പൊള്ളാഡ് റീലി മെറിഡിത്തിന്റെ കൈയിലെത്തിച്ചു കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന മാര്‍കസ് സ്റ്റോനിസ് (0) മൂന്ന് പന്തുകള്‍ മാത്രം നേരിട്ട് ഡാനിയേല്‍ സാംസിനു വിക്കറ്റ് നല്‍കി. അടുത്ത ഓവറില്‍ കൃനാല്‍ പാണ്ഡ്യയും (ഒന്ന്) പുറത്തായി. ദീപക് ഹൂഡ (ഒന്‍പത് പന്തില്‍ 10), ആയുഷ് ബദോനി (11 പന്തില്‍ 14) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഒരു വശത്ത് രാഹുല്‍ സ്‌കോറിങ് വേഗത്തിലാക്കിയെങ്കിലും സ്റ്റോനിസിനെയും ക്രുനാല്‍ പാണ്ഡ്യയെയും അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായതു തിരിച്ചടിയായി.

ദീപക് ഹൂഡയടെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ലഖ്നൗ അഞ്ചിന് 121 എന്ന നിലയിലായിരുന്നു. അവസാന ഓവറിന്റെ ആദ്യ പന്ത് സിക്സറടിച്ചാണു രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. അവസാന ഓവറുകളില്‍ 25 പന്തില്‍ 47 റണ്‍ നേടി രാഹുലും ബദോനിയും ലഖ്നൗവിനെ മുന്നോട്ടു നയിച്ചു. ഇടവേളയ്ക്കു ശേഷം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങിയ മുംബൈക്കു ടോസ് ഭാഗ്യമുണ്ടായി.തുടര്‍ച്ചയായി ഏഴ് തോല്‍വികളാണു മുംബൈ നേരിട്ടത്. മുംബൈ ബൗളര്‍മാര്‍ അച്ചടക്കം കാട്ടിയതോടെ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറഞ്ഞു. ജസ്പ്രീത് ബുംറ ഫോമിലേക്കെത്തിയതാണ് എടുത്തു പറയേണ്ടത്. 19-ാം ഓവറില്‍ നാല് റണ്‍ മാത്രമാണു ബുംറ വിട്ടുകൊടുത്തത്. 15-ാം സീസണിലെ രാഹുലിന്റെ രണ്ടാം സെഞ്ചുറിയാണിത്. ആദ്യ സെഞ്ചുറിയും മുംബൈക്കെതിരേയായിരുന്നു. നാല് ഐപിഎല്‍ സെഞ്ചുറികളില്‍ മൂന്നും മുംബൈക്കെതിരേയാണ്. രണ്ട് സെഞ്ചുറി പഞ്ചാബ് കിങ്‌സിനൊപ്പം നേടി. ഐ.പി.എല്ലില്‍ കൂടുതല്‍ സെഞ്ചുറികളുള്ള ഇന്ത്യക്കാരില്‍ രണ്ടാം സ്ഥാനത്താണു രാഹുല്‍. അഞ്ച് സെഞ്ചുറികളുമായി വിരാട് കോഹ്ലിയാണു മുന്നില്‍. മുംബൈക്കെതിരേ കൂടുതല്‍ റണ്‍ നേടുന്ന താരമാകാനും രാഹുലിനായി. 16 ഇന്നിങ്‌സുകളില്‍നിന്ന് 867 റണ്ണാണു രാഹുലിന്റെ പേരിലുള്ളത്. സുരേഷ് റെയ്‌ന 34 ഇന്നിങ്‌സുകളില്‍നിന്ന് 824 റണ്‍ നേടി. എട്ട് മത്സരങ്ങളില്‍നിന്ന് 368 റണ്ണുമായി റണ്‍ വേട്ടക്കാരില്‍ രാഹുല്‍ രണ്ടാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ നിന്നു 491 റണ്ണുമായി ജോസ് ബട്ട്‌ലറാണു തലപ്പത്ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →