റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ ഇന്ത്യന്‍സിന് ആറാം മത്സരത്തിലും തോല്‍വി

April 17, 2022 - 10:48 am

പുനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് 15-ാം സീസണിലെ ആറാം മത്സരവും തോറ്റ് മുംബൈ ഇന്ത്യന്‍സ്.ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 18 റണ്ണിനാണ് അവരെ തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ ജയന്റ്സ് നായകനും ഓപ്പണറുമായ ലോകേഷ് രാഹുലിന്റെ സെഞ്ചുറിയുടെ (60 പന്തില്‍ അഞ്ച് സിക്സറും ഒന്‍പത് ഫോറുമടക്കം പുറത്താകാതെ 103) മികവില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്ണെടുത്തു.

മറുപടി ബാറ്റ് ചെയ്ത മുംബൈയുടെ പോരാട്ടം ഒന്‍പത് വിക്കറ്റിന് 181 റണ്ണെന്ന നിലയില്‍ ഒതുങ്ങി. സൂര്യകുമാര്‍ യാദവ് (27 പന്തില്‍ 37), തിലക് വര്‍മ (26 പന്തില്‍ 26), കെയ്റോണ്‍ പൊള്ളാഡ് (14 പന്തില്‍ രണ്ട് സിക്സറും ഒരു ഫോറുമടക്കം 25) എന്നിവരുടെ പോരാട്ടം ജയിക്കാന്‍ സഹായിച്ചില്ല. ദക്ഷിണാഫ്രിക്കയുടെ യുവ താരം ഡെവാള്‍ഡ് ബ്രെവീസ് 13 പന്തില്‍ ഒരു സിക്സറും ആറ് ഫോറും അടക്കം 31 റണ്ണുമായി ആളിക്കത്തിയതു മുംബൈക്കു പ്രതീക്ഷയായി. 30 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ആവേശ് ഖാനാണു മുംബൈയുടെ പ്രതീക്ഷകള്‍ നശിപ്പിച്ചത്.

ജാസണ്‍ ഹോള്‍ഡര്‍, ദുഷ്മന്ത ചാമീര, രവി ബിഷ്ണോയ്, മാര്‍കസ് സ്റ്റോനിസ് എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. മുംബൈ നായകനും ഓപ്പണറുമായ രോഹിത് ശര്‍മ (ഏഴ് പന്തില്‍ ആറ്), വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷന്‍ (17 പന്തില്‍ 13) എന്നിവര്‍ വീണ്ടും ഫ്ളോപ്പായി. നൂറാം ഐ.പി.എല്‍. മത്സരത്തില്‍ സെഞ്ചുറിയെന്ന അപൂര്‍വ നേട്ടവുമായാണു ലോകേഷ് രാഹുല്‍ കളംനിറഞ്ഞത്. 15-ാം സീസണില്‍ രണ്ടു തവണ ഗോള്‍ഡന്‍ ഡെക്ക് ആയപ്പോള്‍ വിമര്‍ശിച്ചവര്‍ക്കു മുന്നില്‍ രാജകീയമായ തിരിച്ചുവരവാണ് രാഹുല്‍ നടത്തിയത്.

ഐ.പി.എല്ലില്‍ രാഹുലിന്റെ മൂന്നാമത്തെ സെഞ്ചുറിയാണ്. ഐ.പി.എല്ലിലെ സെഞ്ചുറി വേട്ടക്കാരില്‍ നാലാം സ്ഥാനത്താണു രാഹുല്‍. മൂന്ന് സെഞ്ചുറിയുമായി സഞ്ജു സാംസണും നാലാം സ്ഥാനത്തുണ്ട്. ആറ് സെഞ്ചുറികളുമായി ക്രിസ് ഗെയ്ല്‍ തലപ്പത്തു നില്‍ക്കുമ്പോള്‍ വിരാട് കോഹ്ലി (അഞ്ച്), ഡേവിഡ് വാര്‍ണര്‍ (നാല്), ഷെയ്ന്‍ വാട്സന്‍ (നാല്) എന്നിവര്‍ പിന്നാലെയുണ്ട്. മുംബൈയുടെ ബൗളിങ് നിരയുടെ ദൗര്‍ബല്യം രാഹുല്‍ നന്നായി മുതലാക്കി. 15-ാം സീസണിലെ രണ്ടാമത്തെ സെഞ്ചുറി പ്രകടനമാണ് രാഹുലിന്റേത്. രാജസ്ഥാന്‍ റോയല്‍സ്ിന്റെ ജോസ് ബട്ട്ലറാണ് ആദ്യം സെഞ്ചുറിയടിച്ചത്. അന്നും എതിരാളികള്‍ മുംബൈയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *