റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എറണാകുളം: കേരളത്തിലെ സമസ്ത മേഖലകളിലെയും പ്രവര്‍ത്തനങ്ങളില്‍ സുപ്രധാന പങ്കുവഹിക്കുന്ന സഹകരണ മേഖലയെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും സഹകരണ മേഖലയിലെ ഏറ്റവും പുതിയ പ്രവര്‍ത്തനങ്ങളും ഉത്പ്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനുമായി  വിപുലമായ  പ്രദര്‍ശനം സംഘടിപ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് രണ്ടാം 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി മറൈന്‍ ഡ്രൈവില്‍ ഏപ്രില്‍ 18 മുതല്‍ 25 വരെയാണ് സഹകരണ എക്‌സ്‌പോ 2022 സംഘടിപ്പിക്കുന്നത്. 18 ന് വൈകിട്ട് ഏഴ് മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍  സഹകരണ എക്‌സ്‌പോ ഉദ്ഘാടനം ചെയ്യും. ദേശീയ അന്തര്‍ ദേശീയ തലത്തില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്ടിച്ച സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികള്‍, നടത്തി  വരുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിപുലമായ പരിചയപ്പെടുത്തല്‍ കൂടിയാണ് സഹകരണ എക്‌സ്‌പോ 2022. കര്‍ഷകര്‍ക്കു വിത്തു വളവും നല്‍കാനും കുട്ടയും വട്ടിയും നെയ്യാനുമുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സഹകരണ  പ്രസ്ഥാനങ്ങള്‍ ഇന്ന് എല്ലാ മേഖലകളിലും ശക്തമായ സാന്നിദ്ധ്യമാണ്. വന്‍കിട കമ്പനികളോട് പോലും കിടപിടിക്കുന്ന  തരത്തില്‍ സഹകരണ സ്ഥാപനങ്ങള്‍ വളര്‍ന്നു കഴിഞ്ഞു. ബാങ്കിംഗ് രംഗത്ത് കേരള ബാങ്ക് മികച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. പൊതു സമൂഹത്തിന് ഏറ്റവും വിശ്വാസ്യതയുള്ള ബാങ്കിംഗ് സ്ഥാപനമായി ചുരുങ്ങിയ കാലം കൊണ്ട് കേരള ബാങ്ക് വളര്‍ന്നു കഴിഞ്ഞു. അന്തര്‍ദേശീയ പ്രശസ്തിയിലേയ്ക്ക് വളരുകയും നിരവധി ദേശീയ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുകയും ചെയ്ത ഊരാളുങ്കല്‍ ലേബര്‍ സര്‍വ്വീസ് സൊസൈറ്റി കേരളം ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച മറ്റൊരു മാതൃകയാണ്. ഇത്തരത്തില്‍ ചെറുതും  വലുതുമായ നിരവധി സഹകരണ പ്രസ്ഥാനങ്ങളുടെ ചരിത്രവും സഹകരണ എക്‌സ്‌പോയില്‍ അനാവരണം ചെയ്യും.

മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണം വ്യാപകമാക്കി കൃഷിയെ ലാഭകരമായ തൊഴിലാക്കി മാറ്റി കര്‍ഷകന് ആത്മ വിശ്വാസം പകരാനും സഹകരണ സംഘങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സഹകരണ സ്ഥാപനങ്ങള്‍ സ്വന്തം നിലയ്ക്കു നിര്‍മ്മിച്ച മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ സഹകരണ എക്‌സ്‌പോ 2022 ല്‍ പൊതുജനങ്ങള്‍ക്കായി  ലഭ്യമാക്കിയിട്ടുണ്ട്. മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിലൂടെ ലാഭം നേടിയ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും മനസിലാക്കുന്നതിനും മാതൃകയാക്കുന്നതിനുമുള്ള അവസരവും സഹകരണ എക്‌സ്‌പോയില്‍ ലഭ്യമാണ്. സഹകരണ പ്രസ്ഥാനങ്ങള്‍ക്കും സഹകാരികള്‍ക്കും പൊതുജനങ്ങള്‍ക്കും മികച്ച അവസരമാണിത്. സഹകരണ സ്ഥാപനങ്ങളിലെ സര്‍ പ്ലസ് ഫണ്ട് ഗുണപരമായ വിവിധോദ്ദേശ പദ്ധതികള്‍ക്കായി ചെലവഴിക്കുന്നതിന്റെ ഭാഗം കൂടിയാണ് സഹകരണ എക്‌സ്‌പോ 2022 സംഘടിപ്പിക്കുന്നത്. കാര്‍ഷിക മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന് പ്രാഥമിക സഹകരണ സംഘങ്ങളെ പ്രേരിപ്പിക്കുന്നതിനും അതിനാവശ്യമായ പഠനം നടത്തുന്നതിനുമായുള്ള പരിപാടികളുടെ ഭാഗം കൂടിയാണ് സഹകരണ എക്‌സ്‌പോ .
 പ്രദര്‍ശനം മാത്രമല്ല സഹകരണ എക്‌സ്‌പോയിലുള്ളത്. വിവിധ  വിഷയങ്ങളില്‍ വിദഗ്ദ്ധരായവര്‍ പങ്കെടുക്കുന്ന സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ രംഗത്തും മികവ് തെളിയിച്ചവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. അതു സംബന്ധിച്ച വിശദമായ ചര്‍ച്ചകളും സെമിനാറില്‍ നടക്കും. പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും നിലവിലുള്ളവയില്‍ കൂടുതല്‍ വ്യക്തത വരുത്തി കുറ്റമറ്റതാക്കുന്നതിനും  ഈ അവസരം പ്രയോജനകരമാകും.

ശ്രീമതി ഇഷിത റോയ്. ഐ.എ.എസ്. ( അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍, കേരളം), ഡോ.ജയകൃഷ്ണന്‍, (മുന്‍ സംസ്ഥാന പ്രസിഡണ്ട് ,ഐ.എം.എ & ഇ.എം.എസ്.   സഹകരണആശുപത്രി , പെരിന്തല്‍മണ്ണ) , ശ്രീ. റ്റി.കെ. ജോസ്. ഐ.എ.എസ്.(  അഡീഷണല്‍ ചീഫ് സെക്രട്ടറി), ഡോ. ശ്രീ. ആര്‍. ശശികുമാര്‍, (ഡയറക്ടര്‍, കേപ്പ് ),  ഡോ. ശ്രീ. രമാകാന്തന്‍ (മുന്‍ ഡയറക്ടര്‍, കില ), ശ്രീ. പി.എച്ച്. കുര്യന്‍ ഐ.എ.എസ് ( മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ), ഡോ. ശ്രീ. സി. പിച്ചൈ ( പ്രൊഫസര്‍ & വകുപ്പു തലവന്‍, സഹകരണ വിഭാഗം, ഗാന്ധിഗ്രാം റൂറല്‍ യൂണിവേഴ്‌സിറ്റി ), ശ്രീ. എം.കെ. ദിനേശ് ബാബു ( ചെയര്‍മാന്‍, ദിനേശ് കണ്ണൂര്‍ ),  ശ്രീ. വി. വസീഫ് (  പ്രസിഡന്റ്, കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ),  ഡോ. ശ്രീ. എം. രാമനുണ്ണി ( ഡയറക്ടര്‍, എസിഎസ്ടിഐ ) തുടങ്ങിയ വിദഗ്ദ്ധരാണ് വിവിധ സെമിനാറുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നത്.  എന്‍.സി.യു.ഐ ചെയര്‍മാന്‍ ശ്രീ. ദിലീപ് സംഘാനി, ഐസിഎ ഏഷ്യ  പസഫിക് റീജിയണല്‍ ഡയറക്ടര്‍ ബാല സുബ്രഹ്‌മണ്യ അയ്യര്‍, മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, വിവിധ സഹകരണ സ്ഥാപനങ്ങളുടെ മേധാവികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സെമിനാറുകളില്‍ സംബന്ധിക്കും. മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളില്‍ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, സ്റ്റീഫന്‍ ദേവസി, ഗൗരി ലക്ഷ്മി, വൈക്കം മാളവിക, പുഷ്പാവതി എന്നിവരുടെ പരിപാടികളും ഇപ്റ്റയുടെ നാട്ടരങ്ങ്, ഊരാളി ബാന്‍ഡ്, കൃഷ്ണ പ്രഭ ജയിന്‍കാ സ്‌കൂള്‍ ഓഫ് ആര്‍ട്ട്, ആത്മയുടെ ടിവി ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

60000 ചതുരശ്ര അടിയിൽ  210 പവലിയനുകളാണ് മേളയിലുള്ളത്. യുഎല്‍സിസിഎസ്, മില്‍മ, മത്സ്യഫെഡ്, റെയ്ഡ് കോ, റബ്‌കോ, കണ്‍സ്യൂമര്‍ഫെഡ്, കേര ഫെഡ്, എന്‍എംഡിസി, കേരള ബാങ്ക് എന്നിവയ്ക്കു പുറമെ പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, ഉത്പ്പാദക സഹകരണ സ്ഥാപനങ്ങള്‍ തുടങ്ങിയവ പ്രത്യേക പവലിയനുകള്‍ ഒരുക്കിയിട്ടുണ്ട്. എട്ട് യുവജന സഹകരണ സംഘങ്ങളും മേളയില്‍ പ്രദര്‍ശനങ്ങള്‍ക്കായി എത്തിയിട്ടുണ്ട്. 8000 സ്‌ക്വയര്‍ ഫീറ്റില്‍ ഭക്ഷണ വൈവിദ്ധ്യങ്ങളുമായി ഫുഡ് കോര്‍ട്ടും എക്‌സ്‌പോയില്‍ സജ്ജമാക്കിയിരിക്കുന്നു. രാവിലെ 9.30 മുതല്‍  രാത്രി 8.30 വരെയായിരിക്കും സഹകരണ എക്‌സ്‌പോ നടക്കുക. പ്രവേശനം പൂര്‍ണമായും സൗജന്യമാണ്.

സഹകരണ എക്‌സ്‌പോയുടെ ഭാഗമായി പുരസ്‌കാരങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച ക്രെഡിറ്റ് സംഘം, അപ്പക്‌സ് സ്ഥാപനം, പ്രാഥമിക കാര്‍ഷിക സഹകരണ സംഘം, ആശുപത്രി സഹകരണ സംഘം, മിസലിനിയസ് സംഘം തുടങ്ങിയവയ്ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. മികച്ച പങ്കാളിത്തത്തിന് ജില്ലകള്‍ക്കും പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വനിതാ സഹകരണ സംഘങ്ങളുടെ മികച്ച സ്റ്റാള്‍, എസ് സി എസ് ടി സംഘങ്ങളുടെ മികച്ച സ്റ്റാള്‍, യുവജന സംഘങ്ങളുടെ സ്റ്റാള്‍ എന്നിവയ്ക്കും പുരസ്‌കാരം നല്‍കും. എക്‌സ്‌പോയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെയാണ് ജനങ്ങളിലേയ്ക്ക് എത്തുന്നത്. അതുകൊണ്ടു തന്നെ എക്‌സ്‌പോയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിനും പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മികച്ച അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, വെബ് മീഡീയ, എഫ്എം റേഡിയോ, അച്ചടി ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടര്‍, മികച്ച ഫോട്ടോ ഗ്രാഫര്‍, മികച്ച ന്യൂസ് ക്യാമറാ പേഴ്‌സന്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മാധ്യമ അവാര്‍ഡുകള്‍. പ്രശസ്തി പത്രവും ശില്‍പ്പവും ക്യാഷ് അവാര്‍ഡുമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പൊതു ജനങ്ങള്‍ക്കായും മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. സഹകരണ മേഖലയും ജനങ്ങളും എന്ന  വിഷയത്തില്‍ വീഡിയോ മത്സരമാണ് സംഘടിപ്പിച്ചിരിക്കുന്നത്.

18ന് വൈകുന്നേരം മറൈന്‍ ഡ്രൈവില്‍ ഒരുക്കിയ വേദിയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സഹകരണ മന്ത്രി അദ്ധ്യക്ഷനാകും. മുഖ്യാതിഥിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍  പങ്കെടുക്കും. സ്റ്റാളുകളുടെ ഉദ്ഘാടനം ബഹു. വ്യവസായ മന്ത്രി പി.രാജീവ് നിര്‍വഹിക്കും. സഹകരണ വകുപ്പ് സെക്രട്ടറി ശ്രീമതി. മിനി ആന്റണി സ്വാഗതവും സഹകരണ സംഘം രജിസ്ട്രാര്‍ ശ്രീമതി അദീല അബ്ദുള്ള കൃതജ്ഞത രേഖപ്പെടുത്തും. ബഹു. കൊച്ചി മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, ശ്രീ. ഹൈബി ഈഡന്‍ എംപി, ശ്രീ. ബെന്നി ബെഹനാന്‍ എംപി,  എംഎല്‍എമാരായ ശ്രീ. റ്റി. ജെ വിനോദ്, ശ്രീ. എല്‍ദോസ് കുന്നപ്പിള്ളില്‍, ശ്രീ.  ആന്റണി ജോണ്‍,ശ്രീ.  റോജി എം. ജോണ്‍, ശ്രീ. അന്‍വര്‍ സാദത്ത്, ശ്രീ. കെ.എല്‍. ഉണ്ണികൃഷ്ണന്‍, ശ്രീ. കെ.ജെ. മാക്‌സി, ശ്രീ. കെ. ബാബു, ശ്രീ. പി.വി. ശ്രീനിജന്‍, ശ്രീ. അനൂപ് ജേക്കബ്, ഡോ. മാത്യു കുഴല്‍ നാടന്‍, പിഎസിഎസ് അസോസിയേഷന്‍ പ്രസിഡന്റ് ശ്രി. വി. ജോയ് എംഎല്‍എ, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഉല്ലാസ് തോമസ്, ജില്ലാ കളക്ടര്‍ ശ്രീ. ജാഫര്‍ മാലിക്, ജിസിഡിഎ ചെയര്‍മാന്‍ ശ്രീ. കെ. ചന്ദ്രന്‍പിള്ള, കേരള ബാങ്ക്  പ്രസിഡന്റ് ശ്രീ. ഗോപി കോട്ടമുറിക്കല്‍, സഹകരണ യൂണിയന്‍ സംസ്ഥാന ചെയര്‍മാന്‍ ശ്രീ. കോലിയാക്കോട്  കൃഷ്ണന്‍ നായര്‍, സഹകരണ ഓഡിറ്റ് ഡയറക്ടര്‍ ശ്രീമതി എം.എസ്. ഷെറിന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് എന്നിവരും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *